ആശ വര്‍ക്കര്‍മാരെ കേസെടുക്കുമെന്ന് പറഞ്ഞ് പേടിപ്പിക്കേണ്ടെന്ന് വി.ഡി. സതീശൻ; ‘കേരളത്തിലെ സ്ത്രീകള്‍ക്ക് എല്ലാവരെയും വിറപ്പിക്കാന്‍ പറ്റും’

തിരുവനന്തപുരം: ആശ വര്‍ക്കര്‍മാരെ കേസെടുക്കുമെന്ന് പറഞ്ഞ് പേടിപ്പിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പൊലീസ് ഭീഷണിപ്പെടുത്തിയാല്‍ തോറ്റു പിന്‍മാറുന്നവരല്ല സമരത്തിന് നേതൃത്വം നല്‍കുന്നത്. കേരളത്തിലെ സ്ത്രീ സമരശക്തി എന്താണെന്ന് ബോധ്യപ്പെടുത്തിയ സമരമാണ് കഴിഞ്ഞ പത്ത് ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്നത്. കേരളത്തിലെ സ്ത്രീകള്‍ക്ക് എല്ലാവരെയും വിറപ്പിക്കാന്‍ പറ്റുമെന്നാണ് ആശ വര്‍ക്കര്‍മാരുടെ സമരത്തിലൂടെ ബോധ്യപ്പെടുത്തിയതെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന ആശ വര്‍ക്കര്‍മാരുടെ സമരത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്.

ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ളതാണ് ആശ വര്‍ക്കര്‍മാരുടെ സമരം. ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രം ജോലി ചെയ്താല്‍ മതിയെന്ന ഉറപ്പാണ് 18 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആശ വര്‍ക്കര്‍മാരോട് സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ 16 മണിക്കൂറില്‍ അധികം ജോലി ചെയ്യേണ്ട അവസ്ഥയാണ്. കോവിഡ് കാലത്ത് ആശ വര്‍ക്കര്‍മാര്‍ ചെയ്ത സേവനം ലോകം മുഴുവന്‍ അംഗീകരിച്ചതാണ്. ജനങ്ങള്‍ പുറത്തിറങ്ങാന്‍ മടിച്ചിരുന്ന കാലത്താണ് ആശ വര്‍ക്കര്‍മാര്‍ വീടുകള്‍ കയറിയിറങ്ങിയത്.

13,500 രൂപ ഓണറേറിയം കിട്ടുമെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ അത് ശരിയല്ല. ഏഴായിരം രൂപയില്‍ കൂടുതല്‍ കയ്യില്‍ കിട്ടുന്നില്ലെന്നതാണ് യാഥാർഥ്യം. സമരം പൊളിക്കുന്നതിനു വേണ്ടിയാണ് പതിമൂവായിരത്തിന്റെ കണക്ക് പറയുന്നത്. മാസത്തില്‍ എല്ലാ ദിവസവും രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ജോലി ചെയ്യുന്നവരാണ് ആശ വര്‍ക്കര്‍മാര്‍. ഇത്രയും കഷ്ടപ്പെട്ട് ചെയ്യുന്ന ജോലിയുടെ ഓണറേറിയം 21,000 രൂപയാക്കി വര്‍ധിപ്പിക്കണമെന്നത് ന്യായമായ ആവശ്യമാണ്. വിരമിക്കുമ്പോള്‍ അഞ്ച് ലക്ഷം രൂപയെങ്കിലും നല്‍കണം. ഓണറേറിയത്തിന് നിശ്ചയിച്ചിരിക്കുന്ന അനാവശ്യ മാനദണ്ഡങ്ങളും പിന്‍വലിക്കണം. ഓണറേറിയം മാറ്റി വേതനം നല്‍കാനും സര്‍ക്കാര്‍ തയാറാകണം.

അനാവാശ്യമായ സമരമാണെന്ന് പറഞ്ഞ ആരോഗ്യ മന്ത്രി ആവശ്യവും അനാവശ്യവും എന്താണെന്ന് ആദ്യം തിരിച്ചറിയണം. ആശ വര്‍ക്കര്‍മാരെ കുറിച്ച് അഭിമാനത്തോടെ പറയേണ്ട മന്ത്രിയാണ് അനാവശ്യ സമരമെന്നു പറഞ്ഞത്. കുത്തിയിളക്കിക്കൊണ്ടു വന്ന് സമരം ചെയ്യിപ്പിക്കുന്നു എന്നാണ് ധനകാര്യ മന്ത്രി പറഞ്ഞത്. ഖജനാവില്‍ പൂച്ചപെറ്റുകിടക്കുന്നതു കൊണ്ടാണ് ധനകാര്യ മന്ത്രി അങ്ങനെ പറഞ്ഞത്. ഇതിന് മുന്‍പ് സി.പി.എമ്മുമായി ബന്ധപ്പെട്ട സംഘടനയും സമരം ചെയ്തല്ലോ. അവരെയും കുത്തിയിളക്കിക്കൊണ്ട് വന്നതാണോ? സമരം ചെയ്യുന്നവരെ ആക്ഷേപിക്കേണ്ട കാര്യമില്ല. കേരളത്തില്‍ സമരം ചെയ്യുന്നത് ഒരു പുത്തരിയല്ല. ആവശ്യത്തിനും അനാവശ്യത്തിനും സമരം ചെയ്തവരാണ് ഇപ്പോള്‍ അനാവശ്യ സമരമെന്ന് പറയുന്നത്.

മുഴുവന്‍ ആശ വര്‍ക്കര്‍മാര്‍ക്കും വേണ്ടിയാണ് ഈ സമരം. സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്തതിന് സംഘടനയുടെ നേതാക്കളോട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇത് സ്റ്റാലിന്റെ റഷ്യയല്ല കേരളമാണെന്നാണ് മുഖ്യമന്ത്രിയോട് പറയാനുള്ളത്. ഇവിടെ എത്രയോ സമരങ്ങള്‍ നടന്നു. സമരം ചെയ്യുന്നവരോട് സ്റ്റേഷനില്‍ ഹാജരാകണമെന്ന് പറയാന്‍ എന്ത് നിയമമാണ് ഈ പാവങ്ങള്‍ ലംഘിച്ചിത്? പേടിപ്പിക്കാനാണോ സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേസ് എടുക്കുമെന്ന് പറഞ്ഞ് പേടിപ്പിക്കാന്‍ ശ്രമിക്കേണ്ട. അങ്ങനെ ഹാജരാകാന്‍ ആവശ്യപ്പെട്ടാല്‍ ഞങ്ങള്‍ എല്ലാം നിങ്ങള്‍ക്കൊപ്പം വരാം. പൊലീസ് ഭീഷണിപ്പെടുത്തായാല്‍ തോറ്റു പിന്‍മാറുന്നവരല്ല ഈ സമരത്തിന് നേതൃത്വം നല്‍കുന്നത്. -വി.ഡി. സതീശൻ വ്യക്തമാക്കി.

ഐക്യ ജനാധിപത്യ മുന്നണി ആശ വര്‍ക്കര്‍മാരുടെ സമരത്തിന് പൂര്‍ണപിന്തുണ നല്‍കും. സമരം വന്‍ വിജയമായി മാറും. ആശ വര്‍ക്കര്‍മാര്‍ ഉയര്‍ത്തുന്ന വിഷയങ്ങള്‍ മുഖ്യമന്ത്രിയുമായും ആരോഗ്യ- ധനകാര്യ മന്ത്രിമാരുമായും പ്രതിപക്ഷ നേതാവെന്ന നിലയില്‍ നേരിട്ട് സംസാരിക്കുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

Tags:    
News Summary - Not scare Asha workers by saying that will file a case -V.D. Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.