ആലുവക്കാരെല്ലാം തീവ്രവാദികളെന്ന് പറഞ്ഞിട്ടില്ല -മുഖ്യമന്ത്രി 

തിരുവനന്തപുരം: ആലുവക്കാരെല്ലാവരും തീവ്രവാദികളെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്‍റെ സംസ്‌കാരത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ തുറന്നുകാട്ടുമ്പോള്‍ തെറ്റായ പ്രചരണം നടത്തരുതെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. 

ഇക്കാര്യത്തില്‍ പ്രതിപക്ഷം തെറ്റായ നിലയില്‍ ഇടപെട്ടപ്പോള്‍ അതില്‍ വ്യക്തത വരുത്തിയതാണ്. ആലുവയില്‍ പൊലീസിനെ ആക്രമിച്ചവര്‍ക്ക് തീവ്രവാദബന്ധമുണ്ട് എന്ന പ്രശ്‌നമാണ് ഉന്നയിച്ചിട്ടുള്ളത്. ഇത് വസ്തുതാപരമായ കാര്യമാണ്. സംഘര്‍ഷം ഉണ്ടാക്കിയയാള്‍ രണ്ട് യു.എ.പി.എ കേസുകളില്‍ പ്രതിയാണ്. ദേശവിരുദ്ധ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കുള്ള കുറ്റകൃത്യങ്ങളില്‍ പെട്ടയാളുമാണ്. പ്രധാനഭീകരവാദക്കേസുകളില്‍ പ്രതിയായ ഒരാളെ സംരക്ഷിക്കാന്‍ എന്തിനാണ് പ്രതിപക്ഷം ഇത്രയും സാഹസം കാട്ടുന്നത്.  എനിക്ക് ആലുവക്കാരെ നല്ലതുപോലെ അറിയാം. ആലുവയില്‍ തീവ്രവാദത്തെ നല്ലതുപോലെ എതിര്‍ക്കുന്ന ഉശിരന്മാരായ ആളുകളുണ്ട്. സംഘര്‍ഷം സൃഷ്ടിച്ചതിനു പിന്നില്‍ തീവ്രവാദികളുടെ ഇടപെടലുണ്ട് എന്നത് വസ്തുതയാണ്. ഇത് മറച്ചുവെച്ചുകൊണ്ട് പ്രതിപക്ഷമെടുത്ത നിലപാട് ഇത്തരം പ്രവര്‍ത്തനങ്ങളെ പൊതുജനമധ്യത്തില്‍ കൊണ്ടുവരുന്നതിന് വിഘാതം സൃഷ്ടിക്കുന്നതാണെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.  


മുഖ്യമന്ത്രിയുടെ മറുപടി: പൂർണ്ണരൂപം-

ഇന്നലെ നിയമസഭയില്‍ അടിയന്തിരപ്രമേയ നോട്ടീസിന് മറുപടി പറയുന്ന വേളയില്‍ പ്രതിപക്ഷ മെമ്പര്‍മാരെ പ്രകോപനപ്പെടുത്തുംവിധമുള്ള പരാമര്‍ശമുണ്ടായെന്നാണ് ആരോപിക്കുന്നത്. പ്രതിപക്ഷ മെമ്പര്‍മാരെ തീവ്രവാദ ബന്ധമുള്ളവരാണെന്നും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവരാണെന്നും ഞാന്‍ പറഞ്ഞതായാണ് ഇവിടെ തെറ്റിദ്ധാരണാജനകമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. അതോടൊപ്പം ആലുവക്കാര്‍ തീവ്രവാദബന്ധമുള്ളവരാണെന്നും.....പ്രസ്താവന നടത്തിയെന്നുമാണ് പറയുന്നത്. 

ഇന്നലെതന്നെ സഭയില്‍ ഇത് ഞാന്‍ വ്യക്തമാക്കിയതാണ്. നിയമസഭാ രേഖകള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. യഥാര്‍ത്ഥത്തില്‍ ഞാന്‍ എന്താണ് പറഞ്ഞത്? നിയമസഭാ രേഖകള്‍ ഏതൊരാള്‍ക്കും പരിശോധിക്കാവുന്ന ഒന്നാണല്ലോ. ഞാന്‍ പറഞ്ഞത് ഇപ്രകാരമാണ്; 'ആരാണ് ഈ ഏറ്റുമുട്ടലിനൊക്കെ പോയവര്‍? ആലുവ എന്നു പറയുന്ന ആ പ്രദേശം ഒരു സ്വതന്ത്ര റിപ്പബ്ലിക് ഒന്നും അല്ല. കേരളത്തിന്റെ ക്രമസമാധാന പാലനം അതേ രീതിയില്‍ നടക്കേണ്ട സ്ഥലമാണ്. അവിടെ ഏതാനും ആളുകള്‍ക്ക് പോലീസിനെ കൈയ്യേറ്റം ചെയ്യുവാന്‍ അധികാരമുണ്ട് എന്നാണ് ധരിക്കുന്നത്. അങ്ങനെ കൈയ്യേറ്റം ചെയ്യപ്പെടേണ്ട് ഒരു വിഭാഗമാണോ പോലീസ്? ' 

പോലീസിനെ ആലുവയില്‍ ആക്രമിച്ചവര്‍ക്ക് തീവ്രവാദബന്ധമുണ്ട് എന്ന പ്രശ്‌നമാണ് ഉന്നയിച്ചിട്ടുള്ളത്. ഇത് വസ്തുതാപരമായ കാര്യമാണ്. അല്ലെന്ന് ആര്‍ക്കെങ്കിലും നിഷേധിക്കാന്‍ പറ്റുന്നതാണോ? ആ പറഞ്ഞതില്‍ എന്താണ് തെറ്റുള്ളത്? ഇത് സംബന്ധിച്ച രേഖകളും നിലവിലുണ്ട് എന്നത് ആരും വിസ്മരിക്കരുത്. ഈ വസ്തുത സഭയെ അറിയിക്കേണ്ടത് എന്റെ ഉത്തരവാദിത്തം കൂടിയാണ്.   

ഈ വസ്തുത നിയമസഭയുടെ മുമ്പാകെ അവതരിപ്പിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഇതു കേട്ട ഉടനെയാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ബഹളമുണ്ടാകുന്നത്. ആ ഘട്ടത്തില്‍ ഞാന്‍ പറഞ്ഞ കാര്യവും ഇവിടെ ഉദ്ധരിക്കട്ടെ: ഇതാണ് ശരിയല്ലാത്ത നില. തീവ്രവാദികളെ തീവ്രവാദികളായി തിരിച്ചറിയാന്‍ പറ്റാത്ത ഒരുകൂട്ടം ആള്‍ക്കാരാണ് ഇവര്‍. തീവ്രവാദികളെ മനസ്സിലാക്കാന്‍ കഴിയണം. ഈ യാഥാര്‍ത്ഥ്യത്തെ മനസ്സിലാക്കിക്കൊണ്ട് സഭാംഗങ്ങള്‍ ഇടപെടണം എന്ന വസ്തുതയാണ് ഞാന്‍ സഭയ്ക്കു മുമ്പാകെ അവതരിപ്പിച്ചത്. ഇത് കേട്ടപ്പോഴാണ് സഭയില്‍ വീണ്ടും സഭയില്‍ ബഹളവും പ്രസംഗം തടസ്സപ്പെടുത്തലും ഉണ്ടായത്. 

സ്പീക്കറുടെ ഡയസിന്റെ മുന്നിലേക്ക് വന്ന് മുദ്രാവാക്യം വിളിച്ച് സഭാനടപടികള്‍ തടസ്സപ്പെടുത്തിക്കൊണ്ടിരിക്കുന്ന നടപടിയാണ് ഉണ്ടായത്.  (ആലുവക്കാരെല്ലാം തീവ്രവാദികളാണെന്നും ആലുവ ഒരു സ്വതന്ത്ര റിപ്പബ്ലിക് അല്ലെന്നും പ്രതിപക്ഷം അതിനെ സഹായിക്കുന്നുവെന്നു പറഞ്ഞതും ശരിയല്ലെന്ന് ശ്രീ കെ.സി. ജോസഫ് ഇവിടെ ഉന്നയിക്കുന്നുണ്ട്.) അങ്ങയുടെ ഇടപെടലിനു ശേഷം ഞാന്‍ ആവര്‍ത്തിച്ച കാര്യം എന്റെ ഇക്കാര്യത്തിലുള്ള നിലപാട് ഒന്നുകൂടി സ്പഷ്ടമാക്കുന്നതാണ്. ഈ ബഹളത്തിനു പിന്നിലുള്ള ചേതോവികാരത്തെ ഓര്‍മ്മിപ്പിക്കുകയാണ് ആ ഘട്ടത്തില്‍ ചെയ്തിട്ടുള്ളത്. 

'ഈ സംഭവത്തില്‍ ഉള്‍പ്പെട്ട തീവ്രവാദികളായിട്ടുള്ളവരെ സംരക്ഷിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ഞാന്‍ ആലുവക്കാരെ മുഴുവന്‍ തീവ്രവാദികളെന്നു വിളിച്ചുവെന്ന പരാതിയുമായി ചിലര്‍ വെല്ലിലേക്ക് വന്നത്. എനിക്ക് ആലുവക്കാരെ നല്ലതുപോലെ അറിയാം. എനിക്ക് അപരിചിതമായ സ്ഥലമല്ല ആലുവ. ആലുവയില്‍ തീവ്രവാദത്തെ നല്ലതുപോലെ എതിര്‍ക്കുന്ന ഉശിരന്മാരായ ആളുകളുണ്ട്. ' ഞാന്‍ ഇന്നലെ പറഞ്ഞതിനെ സാധൂകരിക്കുന്നതാണ് ആലുവയില്‍ സംഘര്‍ഷത്തിന് നേതൃത്വം കൊടുക്കുകയും വനിതാപൊലീസ് ഉദ്യോഗസ്ഥരെ അടക്കം ആക്രമിക്കുകയും ചെയ്തതവരില്‍ ചിലരുടെ തീവ്രവാദ-ഭീകരവാദബന്ധം. പൊലീസുകാരെ ആക്രമിച്ച കേസിലെ പ്രതികളില്‍ ഒരാള്‍ കാശ്മീരില്‍ വച്ച് ഭീകരവാദപ്രവര്‍ത്തനത്തിനിടയില്‍ സൈന്യവുമായി ഏറ്റുമുട്ടി കൊല്ലപ്പെട്ട മുഹമ്മദ് റഹീമിനൊപ്പം വിവിധ കേസുകളില്‍ കൂട്ടുപ്രതി ആയിരുന്നു.

രണ്ട് യുഎപിഎ കേസുകളില്‍ പ്രതിയാണ് ആലുവയില്‍ സംഘര്‍ഷം ഉണ്ടാക്കിയ ആള്‍. ദേശവിരുദ്ധ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കുള്ള കുറ്റകൃത്യങ്ങളില്‍ പെട്ടയാളുമാണ്. നമുക്കെല്ലാം അറിയുന്ന പ്രധാനഭീകരവാദക്കേസുകളില്‍ പ്രതിയായ ഒരാളെ സംരക്ഷിക്കാന്‍ എന്തിനാണ് പ്രതിപക്ഷം ഇത്രയും സാഹസം കാട്ടുന്നത്. തീവ്രവാദി മാത്രമല്ല, ഭീകരവാദബന്ധമുള്ള ആളാണ് ആലുവയില്‍ സംഘര്‍ഷമുണ്ടാക്കിയ ആള്‍. ഈ ഭീകരവാദികളെ എല്ലാം കേസുകളില്‍ അറസ്റ്റു ചെയ്യുകയും തുടര്‍നടപടി എടുക്കുയും ചെയ്തത് മുന്‍ എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്താണ്.

പ്രതിപക്ഷത്തിന്റെ തെറ്റിദ്ധാരണയുണ്ടാക്കുന്ന ഈ കാര്യത്തെ സംബന്ധിച്ച് ആ ഘട്ടത്തില്‍ തന്നെ ഞാന്‍ വ്യക്തത വരുത്തിയിട്ടുള്ളതാണ്. ഇങ്ങനെ വ്യക്തത വരുത്തിയ കാര്യത്തിനു മുകളില്‍ വീണ്ടും പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കാന്‍ ശ്രമിക്കുന്നത് വര്‍ത്തമാനകാല രാഷ്ട്രീയത്തിലെ ചില സംഭവങ്ങള്‍ യുഡിഎഫിനും കോണ്‍ഗ്രസിനകത്തുമുണ്ടായ പ്രശ്‌നങ്ങള്‍ മറച്ചുവെച്ചുകൊണ്ട് തെറ്റായ വികാരങ്ങള്‍ കുത്തിപ്പൊക്കാനുള്ള ഇടപെടലായി മാത്രമേ കാണാന്‍ കഴിയൂ.

തീവ്രവാദത്തിന്റെ അപകടത്തെ സംബന്ധിച്ച് ഓര്‍മ്മപ്പെടുത്തുകയാണ് തുടര്‍ന്ന് ഞാന്‍ പ്രസംഗത്തില്‍ ചെയ്തിട്ടുള്ളത്. തീവ്രവാദത്തിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന നിലപാട് എടുക്കാന്‍ പാടില്ല എന്നാണോ ഇവര്‍ ഉദ്ദേശിക്കുന്നത്?  എന്റെ പ്രസംഗത്തില്‍ ഞാന്‍ പറഞ്ഞ കാര്യം ഇത് സംബന്ധിച്ച് എന്റെ നിലപാട് അടിവരയിടുന്നതുമാണ്. 'കേരളീയ സമൂഹത്തിനകത്ത് തീവ്രവാദികളുണ്ട്. ആ തീവ്രവാദികള്‍ ഈ നാടിന് ആപത്തായി വന്നുകൊണ്ടിരിക്കുകയാണ്. നിര്‍ഭാഗ്യവശാല്‍ ഇവിടെ ഒച്ചപ്പാടുണ്ടാക്കാന്‍ ശ്രമിക്കുന്ന ചില ആളുകള്‍ അത്തരം ആളുകളെ പ്രോത്സാഹിപ്പിക്കുന്നവരാണ്. ഒച്ച ഉയര്‍ത്തുന്നവരെയാകെ ഞാന്‍ പറയുന്നില്ല. അത്തരം ഒരു പ്രോത്സാഹനമാണ് നടക്കുന്നത്. ആ പ്രോത്സാഹന നിലപാടല്ല സ്വീകരിക്കേണ്ടത്. തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടല്ല സ്വീകരിക്കേണ്ടത്. ' 

ആലുവയില്‍ സംഘര്‍ഷം സൃഷ്ടിച്ചതിനു പിന്നില്‍ തീവ്രവാദികളുടെ ഇടപെടലുണ്ട് എന്നത് വസ്തുതയാണ്. ഇത് മറച്ചുവെച്ചുകൊണ്ട് പ്രതിപക്ഷമെടുത്ത നിലപാട് ഇത്തരം പ്രവര്‍ത്തനങ്ങളെ പൊതുജനമധ്യത്തില്‍ കൊണ്ടുവരുന്നതിന് വിഘാതം സൃഷ്ടിക്കുന്നതാണ്. അത് ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുന്നതിന് സമാനമാണ് എന്ന വസ്തുതയാണ് ചൂണ്ടിക്കാണിച്ചത്. ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് നാടിനു ദോഷം ചെയ്യുമെന്ന കാര്യമാണ് ഞാന്‍ ഓര്‍മ്മിപ്പിച്ചത്. ഞാന്‍ പറഞ്ഞ കാര്യം ഒന്നുകൂടി ആവര്‍ത്തിക്കാം; 

'തീവ്രവാദികളെ സഹായിക്കുന്ന ചിലരുടെ നിലപാട് നമ്മുടെ നാടിന്റെ സുഗമമായ പോക്കിന് തടസ്സപ്പെടുത്തുന്നത് തന്നെയാണ്.  പ്രസംഗത്തില്‍ ഞാന്‍ അത് പറഞ്ഞു. ഞാന്‍ ആവര്‍ത്തിക്കാം; ഇവിടെ ശരിയായ നിലപാട് സ്വീകരിച്ചുപോകാന്‍ നമ്മുടെ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ തയ്യാറാവണം. ഇവരുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു തന്നെ നിലപാടുകളുണ്ട്. അവരെല്ലാം സാധാരണ നിലയ്ക്ക് ഏതെങ്കിലു തരത്തില്‍ ഈ പറയുന്ന തീവ്രവാദവിഭാഗത്തെ പ്രോത്സാഹിപ്പിക്കുന്നവരല്ല. എന്നാല്‍ ആ രാഷ്ട്രീയപാര്‍ട്ടികള്‍ക്കകത്തു തന്നെ തീവ്രവാദ നിലയെ പലപ്പോഴും പ്രോത്സാഹിപ്പിക്കുന്ന ഒറ്റപ്പെട്ട വ്യക്തികളുണ്ട്. ആ ഒറ്റപ്പെട്ട വ്യക്തികള്‍ അവരുടെ നിലപാടല്ല ഇവിടെ പ്രതിഫലിപ്പിക്കേണ്ടത്. ഇവിടെ പൊതുവായ നിലപാട് പ്രതിഫലിപ്പിക്കുവാന്‍ തയ്യാറാവണം.' അതാണ് ഞാന്‍ പറഞ്ഞത്. അത് ഞാന്‍ ഈ ഘട്ടത്തിലും ആവര്‍ത്തിക്കുന്നു. അതാണ് നമ്മുടെ നാടിന് ആവശ്യം. 

ആലുവക്കാരെല്ലാവരും തീവ്രവാദികളാണെന്ന പ്രയോഗം ഞാന്‍ നടത്തിയിട്ടേയില്ല എന്നുമാത്രമല്ല, ഇക്കാര്യത്തില്‍ പ്രതിപക്ഷം തെറ്റായ നിലയില്‍ ഇടപെട്ടപ്പോള്‍ അതില്‍ വ്യക്തത വരുത്തുകയും ചെയ്തതാണ്.ഇന്ത്യ മതേതര ജനാധിപത്യ റിപ്പബ്ലിക്കാണ്. അത്തരമൊരു അവസ്ഥ സംരക്ഷിക്കാന്‍ ഉതകുന്ന നിലപാട് സ്വീകരിക്കേണ്ടത് സര്‍ക്കാരിന്റെയും പോലീസിന്റെയും ഉത്തരവാദിത്തമാണ്. നാടിന്റെ ഈ സംസ്‌കാരത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ തുറന്നുകാട്ടുമ്പോള്‍ തെറ്റായ പ്രചരണം നടത്തി മുന്നോട്ടുപോകുന്നത് ശരിയായ സമീപനമല്ല. 

ഏതെങ്കിലും തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ച ചരിത്രം ഞങ്ങള്‍ക്കില്ല. പഞ്ചാബിലെ ഒരു പ്രാദേശിക കക്ഷിയായിരുന്നു അകാലിദള്‍. അവിടുത്തെ അധികാരം പിടിക്കാനായി അകാലിദളിലെ തീവ്രവാദികളെ പ്രോത്സാഹിപ്പിച്ച് അതിനെ പിളര്‍ത്തിയത് ആരാണെന്നു ഞാന്‍ വിശദീകരിക്കേണ്ടതില്ല. കോണ്‍ഗ്രസിന്റെ ചിഹ്നമായ കൈപ്പത്തിയിലെ അഞ്ചു വിരലുകള്‍ പഞ്ചാബിലെ അഞ്ച് നദികളാണെന്നു പറഞ്ഞ് കോണ്‍ഗ്രസിനുവേണ്ടി വോട്ടുപിടിച്ചു നടന്ന ആളാണ് ഭിന്ദ്രന്‍ വാല. ആ ഭീകരസംഘത്തെ പിന്തുണച്ചതും ഉപയോഗിച്ചതും ആരാണ്? അതിന്റെ ദുരന്തം പിന്നീട് അനുഭവിച്ചു എന്നത് മറ്റൊരു കാര്യം. എങ്കിലും അവിടെ തീവ്രവാദം പ്രോത്സാഹിപ്പിച്ചതിന് ഇതുകൊണ്ട് മറയ്ക്കാനാവില്ല.  

Tags:    
News Summary - Not Said Aluva People are Terrorist, Says Pinarayi-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.