‘കുഞ്ഞുങ്ങളെയും കൊണ്ട് ഇരിക്കാതെ പോയി മരിച്ചുകൂടേ’; മരിച്ചതിന് തലേന്ന് ഷൈനിയെ വിളിച്ച് നോബി അധിക്ഷേപിച്ചെന്ന് കുടുംബം; നേരിട്ടത് ക്രൂരപീഡനം

കോട്ടയം: ഏറ്റുമാനൂരിൽ ട്രെയിനിന് മുന്നിൽ യുവതിയും രണ്ട് പെൺമക്കളും ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി മരിച്ച ഷൈനിയുടെ കുടുംബം. കല്യാണം കഴിഞ്ഞനാൾ മുതൽ ഷൈനി ഭർതൃവീട്ടിൽ പീഡനം നേരിട്ടിരുന്നതായി പിതാവ് കുര്യാക്കോസും അമ്മ മോളിയും മാധ്യമങ്ങളോട് പറഞ്ഞു.

പീഡനവിവരം മകൾ വീട്ടിൽ അറിയിച്ചിരുന്നു. ബന്ധുക്കളുടെ മുന്നിൽവെച്ച് ഷൈനിയെ ഭർത്താവ് നോബി മർദിക്കുകയും വീട്ടിൽ നിന്ന് ഇറക്കിവിടുകയും ചെയ്തു. ഇതോടെയാണ് മകളെയും കുട്ടികളെയും തന്‍റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നത്. ഭർത്താവിന്‍റെ വീട്ടിൽ ഷൈനിക്ക് വേലക്കാരിയുടെ സ്ഥാനമായിരുന്നു. വീട്ടിൽ ബാക്കി എല്ലാവരും ഒന്നായിരുന്നു. മറ്റാരെങ്കിലും ഉപദ്രവിച്ചോയെന്നറിയില്ല. വിവാഹമോചന നോട്ടീസ്പോലും കൈപ്പറ്റാൻ നോബി തയാറായില്ല.

മരിച്ചതിന് തലേന്ന് നോബി ഷൈനിയെ ഫോണിൽ വിളിച്ച് ‘കുഞ്ഞുങ്ങളെയും കൊണ്ട് ഇരിക്കാതെ പോയി മരിച്ചുകൂടേയെന്ന്’ ചോദിച്ചതായും കുര്യാക്കോസ് ആരോപിച്ചു. ജോലി കിട്ടാത്തതിൽ മകൾക്ക് സങ്കടമുണ്ടായിരുന്നു. 12 ആശുപത്രിയിൽ ജോലി അന്വേഷിച്ചു, കിട്ടിയില്ല. ഇതും കുട്ടികളുടെ കാര്യങ്ങൾ, വിവാഹമോചനം എല്ലാം ഷൈനിയെ അലട്ടിയിരുന്നുവെന്ന് മാതാപിതാക്കൾ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച ട്രെയിനിന് മുന്നില്‍ ചാടിയാണ് പാറോലിക്കല്‍ 101കവലക്ക് സമീപം വടകരയില്‍ ഷൈനി കുര്യന്‍(41), മക്കളായ അലീന(11), ഇവാന (10) എന്നിവർ മരിച്ചത്. ഭർത്താവ് നോബി ലൂക്കോസ് അറസ്റ്റിലായിരുന്നു. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയാണ് നോബിയെ അറസ്റ്റ് ചെയ്തത്. നോബിക്കെതിരെ ഗാർഹികപീഡനം അടക്കം വകുപ്പുകൾകൂടി ചുമത്താനും പൊലീസ് ആലോചിക്കുന്നുണ്ട്.

മരിച്ചതിന് മണിക്കൂറുകൾക്കുമുമ്പ് മദ്യലഹരിയിൽ നോബി ഫോണിൽ ഷൈനിയെ വിളിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ജോലിക്ക് ഇറാഖിലേക്ക് പോകാനായി വിമാനത്താവളത്തിൽ ഇരിക്കുമ്പോൾ പുലർെച്ച ഒരു മണിക്കാണ് ഷൈനിയെ വിളിച്ചത്. അന്ന് പുലർെച്ച 5.25നാണ് ഷൈനിയും മക്കളും ജീവനൊടുക്കിയത്. വിവാഹമോചനക്കേസിൽ സഹകരിക്കില്ലെന്നും കുട്ടികളുടെ ചെലവിനുള്ള പണം നൽകില്ലെന്നും ഇയാൾ ഷൈനിയെ അറിയിച്ചതായാണ് പൊലീസിന് ലഭിച്ച സൂചന. ഇതോടെയാണ് കുട്ടികളുമായി ജീവിതം അവസാനിപ്പിക്കാൻ ഷൈനി തീരുമാനിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്. ഭാര്യയെ ഫോൺ വിളിച്ച കാര്യങ്ങൾ ചോദ്യം ചെയ്യലിൽ നോബി സമ്മതിച്ചിട്ടുണ്ട്. വാട്സ്ആപ് സന്ദേശങ്ങളും അയച്ചിരുന്നു. ഇത് പിന്നീട് ഡിലീറ്റ് ചെയ്തു. ഈ സന്ദേശങ്ങൾ വീണ്ടെടുക്കാനായി നോബിയുടെയും ഷൈനിയുടെ മൊബൈൽ ഫോണുകൾ ശാസ്ത്രീയ പരിശോധനക്ക് അയച്ചിട്ടുണ്ട്.

അതിനിടെ, ഷൈനിയും മക്കളും റെയിൽപാളത്തിലേക്ക് പോകുന്ന സി.സി.ടി.വി ദൃശ്യം പുറത്തുവന്നു. ഫെബ്രുവരി 28ന് പുലർെച്ച 4.44ന് വീട്ടിൽനിന്നിറങ്ങുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. അതിനിടെ, ഷൈനിക്ക് ജോലി ലഭിക്കാതിരിക്കാൻ നോബിയുടെ അടുത്ത ബന്ധുവായ വൈദികൻ ശ്രമിച്ചതായ ആരോപണങ്ങളുമുയർന്നിരുന്നു.

ഷൈനി ജോലി നിർത്താൻ കാരണം പിതാവെന്ന് കെയർ ഹോം ഉടമ

കോട്ടയം: ഏറ്റുമാനൂരിൽ മക്കൾക്കൊപ്പം ട്രെയിനിന് മുന്നിൽ ചാടി മരിച്ച ഷൈനിയുടെ പിതാവിനെതിരെ ആരോപണവുമായി ഇവർ ജോലി ചെയ്തിരുന്ന കെയർ ഹോമിന്‍റെ ഉടമ. വീടിനുസമീപത്തെ ഈ കെയർ ഹോമിൽ നാല് മാസം ജോലി ചെയ്ത ഷൈനി, പിന്നീട് ജോലി രാജിവെക്കുകയായിരുന്നു.

അവർ ജോലി നിർത്താൻ കാരണം പിതാവ് കുര്യാക്കോസാണെന്ന് കെയർ ഹോം ഉടമ ഫ്രാൻസിസ് ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. ഷൈനിയുടെ അവസ്ഥ കണ്ടാണ് ജോലി കൊടുത്തത്. എന്നാൽ, ഷൈനിയുടെ പിതാവ് കെയർ ഹോമിലെ ബയോഗ്യാസ് പ്ലാന്‍റിനെതിരെ നാട്ടുകാരെ കൂട്ടി പ്രതിഷേധിച്ചു. താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിനെതിരെ പിതാവ് തുടർച്ചയായി പരാതി നൽകിയതോടെ ഷൈനി രാജിവെക്കാൻ നിർബന്ധിതയാകുകയായിരുന്നുവെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു. ഭർത്താവ് തന്നെ സ്ഥിരമായി മർദിക്കുമായിരുന്നുവെന്ന് ഷൈനി തന്നോട് പറഞ്ഞിരുന്നുവെന്നും കെയർഹോം ഉടമ വെളിപ്പെടുത്തി.

Tags:    
News Summary - Nobi insults Shiny by calling him the day after he died; Family says he faced brutal torture

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.