തിരുവല്ല: സ്വർണ്ണം വേർതിരിച്ച് ഇലക്ട്രോ പ്ലേറ്റിങ് നടത്താൻ ദക്ഷിണേന്ത്യയിൽ സുതാര്യമായ സ്ഥാപനം ഇല്ലെന്ന ദേവസ്വം സെക്രട്ടറിയുടെ സർക്കുലർ ശബരിമല സ്വർണ വിവാദത്തിൽ പുതിയ വഴിത്തിരിവാവുന്നു. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ കൊടിമര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട ഉത്തരവിലാണ് പരാമർശം. ഈ ഉത്തരവ് നിലനിൽക്കെ ശബരിമലയിലെ ചെമ്പു പാളികൾ സ്വർണ്ണം പൂശാൻ സ്മാർട് ക്രിയേഷൻസിനെ ഏൽപ്പിച്ച നടപടിയിൽ ദുരൂഹതയുണ്ട് എന്നാണ് ഉയരുന്ന ആരോപണം.
ശബരിമലയിലെ ചെമ്പു പാളികളുടെ സ്വർണ്ണം പൂശൽ നിയമപരമായിട്ടാണ് നടന്നതെന്നായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്തിന്റെ അവകാശവാദം. സ്വർണ്ണം വേർതിരിച്ചെടുത്ത് ഇലക്ട്രോ പ്ലേറ്റിങ് നടത്താൻ ചെന്നൈ ആസ്ഥാനമായ സ്മാർട് ക്രിയേഷൻസിനെ ഏൽപ്പിച്ചതിലും ക്രമക്കേടില്ലെന്ന് പ്രസിഡന്റ് പല കുറി ആവർത്തിച്ചിരുന്നു. എന്നാൽ, ഈ വാദങ്ങൾ പൊള്ളയാണെന്നാണ് ദേവസ്വം ബോർഡ് സെക്രട്ടറിയുടെ ഉത്തരവിലൂടെ പുറത്തായിരിക്കുന്നത്.
സ്വർണ്ണം വേർതിരിച്ച് ഇലക്ട്രോ പ്ലേറ്റിങ് നടത്താൻ ദക്ഷിണേന്ത്യയിൽ സുതാര്യമായ സ്ഥാപനം ഇല്ല എന്നാണ് ദേവസ്വം സെക്രട്ടറിയുടെ ഉത്തരവിൽ വ്യക്തമായി പറയുന്നത്. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ കൊടിമരത്തിന്റെ സ്വർണ്ണപ്പറകൾ ഇലക്ട്രോ പ്ലേറ്റിംഗ് നടത്തുന്നതുമായി ബന്ധപ്പെട്ട ഉത്തരവിലാണ് പരാമർശം.
2025 ജൂലൈയിലാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. തിരുവാഭരണം കമീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു സെക്രട്ടറിയുടെ ഉത്തരവ്. ശ്രീവല്ലഭ ക്ഷേത്രത്തിലെ കൊടിമരത്തിന് സ്വർണ്ണം പൂശാൻ സുതാര്യ സ്ഥാപനങ്ങൾ ദക്ഷിണേന്ത്യയിൽ ഇല്ലെന്നിരിക്കെ ശബരിമലയിലെ പാളികളിൽ സ്വർണ്ണം പൂശാൻ ചെന്നൈയിലെ സ്മാർട് ക്രിയേഷൻസിനെ ഏൽപിച്ചത് എന്ത് മാനദണ്ഡത്തിന്റ അടിസ്ഥാനത്തിലാണ് എന്നതാണ് ഉയരുന്ന ചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.