വൈദ്യുതി പ്രതിസന്ധി; മഴയില്ല, വൈദ്യുതി ഉപഭോഗം കുതിക്കുന്നു, അണക്കെട്ടുകളിൽ 100 ദിവസത്തേക്കുള്ള വെള്ളം മാത്രം

തൊടുപുഴ: മഴ മാറിനിൽക്കുകയും വൈദ്യുതി ഉപഭോഗം കുതിച്ചുയരുകയും ചെയ്തതോടെ അണക്കെട്ടുകളിലെ ജലനിരപ്പ് താഴുന്നു. ജലവൈദ്യുതി പദ്ധതികളുമായി ബന്ധപ്പെട്ട അണക്കെട്ടുകളിൽ 63 ശതമാനം ജലം മാത്രമാണ് ശേഷിക്കുന്നത്. കഴിഞ്ഞ വർഷമിത് 80 ശതമാനമായിരുന്നു.

2024ൽ 70, 2022ൽ 83, 2021ൽ 75, 2020ൽ 68, 2019ൽ 67, 2018ൽ 85 ശതമാനം എന്നിങ്ങനെയായിരുന്നു മുൻവർഷങ്ങളിൽ ഈ സമയത്ത് അണക്കെട്ടുകളിലുണ്ടായിരുന്ന ജലനിരപ്പ്. 2023ൽ ഈ സമയം ജലനിരപ്പ് താഴ്ന്നിരുന്നുവെങ്കിലും തുലാമഴയോടെ ഉയർന്നു. ഇത്തവണ മഴയുടെ കുറവ് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. കാലവർഷത്തിൽ 26 ശതമാനത്തിന്‍റെ കുറവാണ് അനുഭവപ്പെടുന്നത്.

ഏറ്റവുമധികം വൈദ്യുതി ഉൽപാദിപ്പിക്കുന്ന ഇടുക്കി ജില്ലയിൽ 47 ശതമാനം മഴയാണ് കുറഞ്ഞത്. 2597 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനാവശ്യമായ വെള്ളമാണ് ഡാമിൽ ശേഷിക്കുന്നത്. 96.82 ദശലക്ഷം യൂനിറ്റാണ് പ്രതിദിന വൈദ്യുതി ഉപഭോഗം. ഇതനുസരിച്ച് 100 ദിവസത്തേക്കുകൂടി വൈദ്യുതി ഉൽപാദിപ്പിക്കാനാവശ്യമായ ജലമാണ് ഡാമിൽ ശേഷിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കി അണക്കെട്ടിൽ നിലവിലെ ജലനിരപ്പ് 2368.16 അടിയാണ്. സംഭരണശേഷിയുടെ 63 ശതമാനമാണിത്. സമുദ്ര നിരപ്പിൽനിന്നുള്ള ഉയരമാണിത്. കഴിഞ്ഞ വർഷത്തേതുമായി താരതമ്യം ചെയ്താൽ 14 അടിയോളം കുറവുണ്ട്. കഴിഞ്ഞ വർഷം ഇതേസമയം 2382.4 അടി വെള്ളമാണ് ഉണ്ടായിരുന്നത്.

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കൂടിയതോടെ ഇടുക്കി ജലവൈദ്യുതി പദ്ധതിയിൽ ആറ് ജനറേറ്ററും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ശരാശരി ഒമ്പത് ദശലക്ഷം യൂനിറ്റിലേറെ വൈദ്യുതിയാണ് ഇവിടെ പ്രതിദിനം ഉൽപാദിപ്പിക്കുന്നത്. എല്ലാ പദ്ധതികളിൽ നിന്നുമായി 27.3362 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഇന്നലെ ഉൽപാദിപ്പിച്ചു. 96.3978 ദശലക്ഷം യൂനിറ്റായിരുന്നു സംസ്ഥാനത്തെ ഉപഭോഗം. ബാക്കി 69.0616 ദശലക്ഷം യൂനിറ്റ് പുറത്തുനിന്ന് വാങ്ങി. 

ഡാ​മു​ക​ളി​ലെ ജ​ല​നി​ര​പ്പ്

  • ഇ​ടു​ക്കി- 63 %
  • നേ​ര്യ​മം​ഗ​ലം- 59 %
  • ലോ​വ​ർ പെ​രി​യാ​ർ- 62%
  • പ​മ്പ- 66%
  • ഷോ​ള​യാ​ർ- 88%
  • ഇ​ട​മ​ല​യാ​ർ- 69%
  • കു​റ്റ്യാ​ടി- 44 %
  • ആ​ന​യി​റ​ങ്ക​ൽ- 30 %
  • പൊ​ന്മു​ടി- 39 %
  • കു​ണ്ട​ള- 50 %
Tags:    
News Summary - No rain; electricity consumption soaring; dam water reserves sufficient for only 100 days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.