പാര്‍ട്ടിയുമായി ഇടഞ്ഞിട്ടില്ല, വിവാദങ്ങൾ ഉണ്ടാക്കിയത് മാധ്യമങ്ങൾ- ഇ.പി

തൃശൂര്‍: പാര്‍ട്ടിയുമായി താന്‍ ഇടഞ്ഞിട്ടില്ലെന്നും വിവാദങ്ങളുണ്ടാക്കിയത് മാധ്യമങ്ങളാണെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കാൻ തൃശൂരിലെത്തിയതായിരുന്നു അദ്ദേഹം.

പാർട്ടിയുടെ പ്രത്യേക നിര്‍ദേശപ്രകാരമല്ല താന്‍ ജാഥയില്‍ പങ്കെടുക്കുന്നതെന്നും തുടർച്ചയായി മാധ്യമങ്ങളിൽ വാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിൽ പാർട്ടിക്കുള്ളിൽ ഒരു പ്രശ്നവുമില്ല എന്ന കാര്യം കൂടി താൻ അറിയിക്കുകയാണെന്നും ഇ.പി വ്യക്തമാക്കി.

സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ഇ.പി ജയരാജന്‍ , സി.പി.എം സംസ്ഥാന സെക്രട്ടറി നയിക്കുന്ന ജാഥയില്‍ ഇതുവരെ ഒരിടത്തും പങ്കെടുത്തിരുന്നില്ല. ജാഥ തുടങ്ങിയ ദിവസം മുതൽ തന്നെ ഇ.പി. ജയരാജന്റെ അസാന്നിധ്യം വലിയതോതിൽ ചർച്ചയായിരുന്നു.

കണ്ണൂരിൽ ഉണ്ടായിട്ടും ജില്ലയിലെ ജാഥയില്‍ പങ്കെടുക്കാത്തതും ചർച്ചയായിരുന്നു. ജാഥയില്‍ പങ്കെടുക്കാതെ വിവാദ ദല്ലാള്‍ നന്ദകുമാറിന്‍റെ അമ്മയെ ആദരിച്ച ചടങ്ങിയില്‍ ഇ.പി എത്തിയത് വലിയ വിവാദമായിരുന്നു. എന്നാൽ താൻ ജാഥയിൽ അംഗമല്ലെന്നായിരുന്നു അദ്ദേഹം അന്ന് വ്യക്തമാക്കിയത്.

ഇതിന് പിന്നാലെ ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷമാണ് ജാഥയില്‍ പങ്കെുക്കാനുള്ള തീരുമാനം ഇ.പി എടുത്തത്. ഇ.പി പങ്കെടുക്കാത്തതിനെപ്പറ്റി മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴൊക്കെ എവിടെയെങ്കിലും പങ്കെടുക്കുമെന്നായിരുന്നു ജാഥാ ക്യാപ്റ്റനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുമായ എം.വി ഗോവിന്ദന്‍റെ മറുപടി.

Tags:    
News Summary - No problems with party, controversies created by media- E.P

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.