കോഴിക്കോട്: മുസ്‍ലിം സമുദായം തങ്ങൾക്ക് വോട്ട് ചെയ്യാത്തതിനാലാണ് കേന്ദ്രത്തിൽ മുസ്‍ലിം മന്ത്രി ഇല്ലാത്തതെന്ന് ബി.ജെ.പി പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖർ. കാലിക്കറ്റ് പ്രസ്ക്ലബിന്‍റെ ‘മീറ്റ് ദി ലീഡർ’ പരിപാടിയിൽ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
‘മുസ്‌ലിംകള്‍ ബിജെപിക്ക് വോട്ട് തരുന്നില്ല. എന്തിനാണ് കോണ്‍ഗ്രസിന് വോട്ട് നല്‍കുന്നത്? മുസ്‍ലിംകൾ വോട്ടുചെയ്താൽ മാത്രമേ മുസ്‌ലിം എം.പി ഉണ്ടാവുകയുള്ളൂ. മുസ്‌ലിം എം.പി ഉണ്ടായാല്‍ മാത്രമേ മുസ്‌ലിം മന്ത്രി ഉണ്ടാവുകയുള്ളൂ. ഞങ്ങളെ സഹായിച്ചാൽ ഞങ്ങൾ മന്ത്രിയാക്കും. എം.പി ഇല്ലെങ്കിൽ പിന്നെ എങ്ങനെ മന്ത്രിയുണ്ടാകും? നേരത്തെ മുസ്‍ലിം മന്ത്രിമാർ ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോൾ ഇല്ല എന്നത് യാഥാർഥ്യമാണ്. മുസ്‍ലിം സമുദായത്തോട് ഞങ്ങൾക്ക് വിദ്വേഷമൊന്നുമില്ല. യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണികൾ അങ്ങനെ നുണപ്രചാരണം നടത്തുകയാണ്. തെറ്റിദ്ധാരണ മാറ്റുന്നതിന് അവരുമായി സംഭാഷണത്തിന് പ്രഫ. അബ്ദുസ്സലാമിന്‍റെ നേതൃത്വത്തിൽ പ്രവർത്തനം നടക്കുന്നുണ്ട്’ -അദ്ദേഹം പറഞ്ഞു.
അബ്ദുസ്സലാമും അബ്ദുല്ലക്കുട്ടിയുമെല്ലാം ഞങ്ങളുടെ ഭാരവാഹികളാണെന്നത് ഞങ്ങൾക്ക് സമുദായവുമായി പ്രശ്നങ്ങളില്ലെന്നതിന്‍റെ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാറിന്‍റെ ലേബർ കോഡ് തൊഴിലാളികൾക്ക് അനുകൂലമാണ്. യൂനിയനുകൾക്ക് അനുകൂലമാണോ എന്ന കാര്യത്തിൽ രണ്ടഭിപ്രായമുണ്ട്. ഇക്കാര്യത്തിൽ പാർട്ടി സംവാദത്തിന് തയാറാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.