സ്​ഥാനാർഥി നിർണയത്തിൽ ഗ്രൂപ്പിസം വേണ്ടെന്ന്​ കേരളത്തിലെ നേതാക്കളോട്​ രാഹുൽ ഗാന്ധി

ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിൽ ഗ്രൂപ്പടിസ്​ഥാനത്തിൽ സ്​ഥാനാർഥികളെ നിർണയിക്കരുതെന്ന്​ രാഹുൽ ഗാന്ധി. എല്ലാവർക്കും അവരവരുടെ കൂടെ നിൽക്കുന്നവരെ സ്​ഥാനാർഥികളാക്കണം എന്നുണ്ടാകും. എന്നാൽ, ഇത്​ ​മാറ്റിവെക്കണം. പാർട്ടിക്ക്​ താൽപര്യമുള്ള വിജയസാധ്യതയുള്ള നേതാക്കളെ സ്​ഥാനാർഥികളാക്കണമെന്നും സംസ്​ഥാന നേതാക്കളുമായി നടത്തിയ ചർച്ചയിൽ രാഹുൽ ഗാന്ധി കർശന നിർദേശം നൽകി.

ഉമ്മൻചാണ്ടിയെ മേൽനോട്ട സമിതി​ നേതൃത്വത്തിൽ കൊണ്ടുവന്നത്​ ആലോചിച്ചെടുത്ത തീരുമാനമാണ്​. മേൽനോട്ടസമിതിക്ക്​നേതൃത്വം നൽകും എന്നതിനിർഥം അദ്ദേഹം മുഖ്യമന്ത്രിയാകും എന്നല്ല. മുഖ്യമന്ത്രിപദത്തിലേക്ക്​ ഡൽഹിയിൽനിന്ന്​ ആരെയും പരിഗണിക്കുന്നില്ല. മുഖ്യമന്ത്രി സ്​ഥാനാഥി ആരാകും എന്നത്​ സംബന്ധിച്ച്​ തീരുമാനമായിട്ടില്ല. ശശി തരൂരിന്​ യുവാക്കൾക്കും ന്യൂനപക്ഷങ്ങൾക്കും സ്വതന്ത്ര നിലപാട്​ എടുക്കുന്നവർക്കും ഇടയിലുള്ള സ്വാധീനമാണ്​ അദ്ദേഹത്തെ മേൽനോട്ട സമിതിയിൽ ഉൾപ്പെടുത്താൻ കാരണമെന്നും രാഹുൽ ഗാന്ധി വ്യക്​തമാക്കി.

സ്​ഥാനാർഥികളായി പുതുമുഖങ്ങളെ കൊണ്ടുവരണം. മേൽനോട്ട സമിതിക്ക്​ സ്​ഥാനാർഥി നിർണയത്തിൽ ഒരു റോളുമുണ്ടാകില്ല. അതിനായി തെരഞ്ഞെടുപ്പ്​ സമിതിയും സ്​ക്രീനിങ്​ കമ്മിറ്റിയും രൂപവത്​കരിക്കും. കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനായിരിക്കും തെരഞ്ഞെടുപ്പ്​ കമ്മറ്റി അധ്യക്ഷൻ. സ്​ഥാനാർഥി നിർണയം സംബന്ധിച്ച അന്തിമ തീരുമാനം സ്​ക്രീനിങ്​ കമ്മിറ്റിയായിരിക്കും കൈക്കൊള്ളുക. തെരഞ്ഞെടുപ്പ്​ പ്രവർത്തനങ്ങൾക്ക്​ ജില്ലാതലങ്ങളിൽ എം.പിമാർ നേതൃത്വം നൽകണമെന്നും രാഹുൽ ഗാന്ധി നിർദേശം നൽകി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.