എനിക്കെതിരെ ഒരു പെൺകുട്ടിയും പരാതി നൽകിയിട്ടില്ല, അവിഹിതമായി ഗർഭം ഉണ്ടാക്കിയിട്ടുമില്ല - രാജ് മോഹൻ ഉണ്ണിത്താൻ

ന്യൂഡൽഹി: തനിക്കെതിരായ സൈബർ ആക്രമണത്തെക്കുറിച്ച് പൂർണമായും ബോധ്യമുണ്ടെന്നും സൈബർ ആക്രമണം ഭയന്ന് നിലപാടിൽ മാറ്റം വരുത്തില്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. തന്നെപ്പോലുള്ളവരെ പാർലമെന്റ് അംഗങ്ങളാക്കിയ സാധാരണ പ്രവർത്തകർക്ക് ലഭിക്കുന്ന അവസരമാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ. അവരുടെ കഞ്ഞിയിൽ മണ്ണുവാരിയിടാൻ ഒരു നേതാവും തയാറാകാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് പാർട്ടിക്ക് ഒരു നിലപാടും മൂല്യാധിഷ്ഠിത രാഷ്ട്രീയവും വേണം. അതിൽ നിന്ന് വ്യതിചലിക്കാൻ പാടില്ലെന്നും എംപി പ്രതികരിച്ചു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ശേഷം താൻ മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.

പറയാനുള്ളത് എല്ലാം പറയൂ എന്ന ജോൺ ബ്രിട്ടാസിന്റെ പരാമർശത്തോട് ബ്രിട്ടാസിന് തന്നോട് ഇത്രമേൽ ഇഷ്ടമുണ്ടെന്ന് കഴിഞ്ഞ ദിവസം അറിഞ്ഞതായും എം.പി പരിഹസിച്ചു. ബ്രിട്ടാസിന്റെ പാർട്ടിയാണ് തന്നെ മഞ്ചേരിയിൽ വളഞ്ഞിട്ട് ആക്രമിച്ചത്. എല്ലാ തരത്തിലുള്ള വിചാരണയും താൻ നേരിട്ടു. ഒരു പെൺകുട്ടിയും തനിക്കെതിരെ പരാതി നൽകിയിട്ടില്ലെന്നും അവിഹിതമായ മാർഗത്തിൽ ഗർഭം ഉണ്ടാക്കിയെന്ന പരാതി ഇല്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന വ്യക്തിക്ക് വേണ്ടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തി കൊണ്ടിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞിരുന്നു. ഒരു വ്യക്തിക്ക് വേണ്ടി പ്രസ്ഥാനത്തെ ബലി കഴിക്കണോ എന്നുള്ളത് ആലോചിക്കേണ്ട വിഷയമാണ്. ഇത് പാര്‍ട്ടിയുടെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചു. നിലവില്‍ പൊതുസമൂഹത്തില്‍ പാര്‍ട്ടിക്ക് ഒരു നിലയും വിലയും ഉണ്ട്. ഇത് നഷ്ടപ്പെടുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ വ്യക്തിത്വമുളളവരെ സൈബര്‍ ആക്രമണത്തിലൂടെ കീഴ്‌പ്പെടുത്തി വായടപ്പിക്കാനാണ് ശ്രമമെങ്കില്‍ കൂടുതല്‍ കാര്യങ്ങള്‍ ഞാന്‍ പറയും. എനിക്കെതിരെ സൈബര്‍ ആക്രമണം തുടര്‍ന്നാല്‍ പത്രസമ്മേളനം നടത്തി പറഞ്ഞിരിക്കും. എന്നെക്കൊണ്ട് പറയിപ്പിക്കരുത്. അനാവശ്യമായി പ്രകോപിപ്പിക്കരുത്. ഒരുപാട് കേസുകളുണ്ട്. ആ കേസുകളെക്കുറിച്ച് എല്ലാമറിയാവുന്ന ആളാണ് ഞാന്‍. സൈബര്‍ ആക്രമണം തുടര്‍ന്നാല്‍ വാര്‍ത്താസമ്മേളനം നടത്തി ഞാന്‍ എല്ലാം പറയും': രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

എനിക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നത് മാര്‍ക്‌സിസ്റ്റുകാര്‍ അല്ല. ബി.ജെ.പിക്കാരുമല്ല. ഇത്രയും പാരമ്പര്യമുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ചിലരാണ്. സോളാര്‍ കേസ് വന്നപ്പോള്‍ രാജ്‌മോഹന്‍ ഉണ്ണിത്താനെ ഉണ്ടായിരുന്നുള്ളൂ കോണ്‍ഗ്രസിന്റെ മുഖം രക്ഷിക്കാന്‍. പല കാര്യങ്ങളും പറയേണ്ടി വരും. ഇപ്പോള്‍ പാര്‍ട്ടിയുടെ പാരമ്പര്യത്തിനും പൈതൃകത്തിനും എതിരായാണ് സംഭവിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ വെള്ളപൂശി കൊണ്ട് വീക്ഷണം പത്രത്തില്‍ വന്ന എഡിറ്റോറിയല്‍ ജനം പരമപുച്ഛത്തോടെ തള്ളും'- രാജ് മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

'ഞാന്‍ എന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കും. രമേശ് ചെന്നിത്തല പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. ഇതൊരു കേസ് മാത്രമല്ല. ഒരുപാട് കേസുകള്‍ ഉണ്ട്. എല്ലാ കേസുകളെയും കുറച്ച് അറിയാവുന്ന ആള്‍ ആണ് ഞാന്‍. രാഹുലിനെതിരെ ഒരുപാട് പരാതികൾ ഉണ്ട്. ഇനിയും എനിക്കെതിരെ സൈബർ ആക്രമണം തുടർന്നാൽ ഞാൻ രാഹുലിന്റെ എല്ലാ രഹസ്യങ്ങളും പുറത്തുവിടും. എനിക്ക് ആരെയും പേടിക്കേണ്ട ആവശ്യമില്ല. ഞാന്‍ സൈബര്‍ ആക്രമണത്തെ ഭയക്കുന്ന ആളല്ല. ഞാന്‍ രാഷ്ട്രീയം ഉപജ്ജീവനമാക്കിയ ആളല്ല. അതുകൊണ്ട് എല്ലാ സ്ഥാനങ്ങളും ത്യജിക്കേണ്ടി വന്നാലും പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കും. ഇനി പറയിപ്പിക്കാനാണ് ഭാവമെങ്കില്‍ പറഞ്ഞിരിക്കും. ഇതിന്റെ പിന്നില്‍ ആര് ആണെന്ന് എല്ലാവര്‍ക്കും അറിയാം.'- രാജ് മോഹന്‍ ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.

രാഹുൽ മാങ്കൂട്ടത്തിലിനെയും കെ.സുധാകരനെയും രൂക്ഷമായി വിമർശിച്ചതിനു പിന്നാലെ രാജ്മോഹൻ ഉണ്ണിത്താനെതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെതിരെയായിരുന്നു രാജ്മോഹന്‍റെ പ്രതകരണം.

നേരത്തേ രാഹുൽ മാങ്കൂട്ടത്തിൽ വടി കൊടുത്ത് അടി വാങ്ങുകയായിരുന്നുവെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞിരുന്നു. ഇരയോട് അപമര്യാദയായി പെരുമാറുകയും മാധ്യമങ്ങളെ പ്രകോപിപ്പിക്കുകയും ചെയ്യുകയായിരുന്നു രാഹുൽ എന്നാണ് അദ്ദേഹം പറഞ്ഞത്.

Tags:    
News Summary - No girl has filed a complaint against me, nor has I caused an illegal pregnancy - Raj Mohan Unnithan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.