തിരുവനന്തപുരം: പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ ബലപ്രയോഗം പാടില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ സ്റ്റേഷന് ഹൗസ് ഓഫിസര്‍മാര്‍ക്കും ജില്ല പൊലീസ് മേധാവികൾക്കും നിർദേശം നല്കി. അവര്‍ക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കാം. പൊലീസ് അപമര്യാദയായി പെരുമാറരുത്. ഇത് സംബന്ധിച്ച ഹൈകോടതിവിധിയുടെ പശ്ചാത്തലത്തിലാണ് നിർദേശം.
മറ്റ് നിർദേശങ്ങൾ
- ഭക്ഷണശാലകള്‍, പലവ്യഞ്ജനക്കടകള്‍, പഴം വില്പനശാലകള് എന്നിവ നിശ്ചിതസമയം വരെ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കണം.
- മാധ്യമ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം അവശ്യസര്‍വിസ് ആയതിനാല്‍ അവയിലെ ജീവനക്കാരുടെ യാത്ര തടസ്സപ്പെടുത്താന്‍ പാടില്ല. അക്രഡിറ്റേഷന് കാര്‍ഡോ മാധ്യമസ്ഥാപനം നല്കുന്ന തിരിച്ചറിയല്‍ രേഖകളോ പരിശോധിച്ച് മാധ്യമപ്രവര്‍ത്തകരെ കടത്തിവിടാം.
- ചരക്കുവാഹനങ്ങള്‍ തടയാന്‍ പാടില്ല. മയക്കുമരുന്ന്, കള്ളക്കടത്ത് സാമഗ്രികള്‍ എന്നിവ കൊണ്ടുപോകുന്നതായി വിവരം ലഭിച്ചാലേ ചരക്കുവാഹനങ്ങള്‍ പരിശോധിക്കാവൂ
- യാത്രാ വാഹനങ്ങള്‍ പരിശോധിക്കുമ്പോള്‍ ഗതാഗതം തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം
- നിശ്ചിതസമയത്തിനു മുമ്പ് കടകള്‍ അടപ്പിക്കുന്നത് ഒഴിവാക്കണം.
- തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്ത സാധാരണ ജോലിക്കാര്‍, കൂലിപ്പണിക്കാര്‍ എന്നിവരെ അവരുടെ ആവശ്യം മുഖവിലക്കെടുത്ത് യാത്ര ചെയ്യാന്‍ അനുവദിക്കണം. അവരുടെ പേരും മൊബൈല്‍ നമ്പറും വാങ്ങിവെക്കണം. വീട്ടുവേലക്കാര്‍, ഹോം നഴ്സ്, മുതിര്‍ന്നവരെ വീടുകളില്‍ പോയി പരിചരിക്കുന്നവര്‍ എന്നിവരെ സാക്ഷ്യപത്രം പരിശോധിച്ച് കടത്തിവിടാം. ആനകള്‍ക്ക് ഭക്ഷണത്തിനായി ഓല, പനയോല എന്നിവ കൊണ്ടുപോകുന്നത് തടയാന്‍ പാടില്ല.
- വന്‍കിട നിർമാണം നടക്കുന്ന സ്ഥലങ്ങളില്‍ ഉടമയോ കരാറുകാരനോ തൊഴിലാളികള്‍ക്ക് താമസസൗകര്യം ഒരുക്കണം. ഇതിന് കഴിയുന്നില്ലെങ്കില്‍ അവര്‍ക്ക് പ്രത്യേക യാത്രാസൗകര്യം ഏര്‍പ്പെടുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.