കൊച്ചി: സിനിമയിൽ പ്രവർത്തിക്കുന്നതിനിടെ ലഹരി ഉപയോഗിക്കുന്നത് തടയാൻ നിർമാതാക്കൾ കർശന നടപടിയിലേക്ക്. ചിത്രീകരണകാലത്ത് ലൊക്കേഷനുകളിലും അനുബന്ധ ജോലികൾ നടക്കുന്ന സ്ഥലങ്ങളിലും ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം മുൻകൂട്ടി വാങ്ങാനാണ് തീരുമാനം. ഒരു സിനിമയുടെ ചിത്രീകരണം തുടങ്ങുമ്പോൾ പ്രതിഫല കരാറിനൊപ്പം താരങ്ങളടക്കം ആ സിനിമയിൽ പ്രവർത്തിക്കുന്ന എല്ലാവരും നിർബന്ധമായും സത്യവാങ്മൂലം നൽകേണ്ടിവരും. മറ്റ് സിനിമ സംഘടനകളുടെ തീരുമാനംകൂടി അറിഞ്ഞശേഷം ലോക ലഹരിവിരുദ്ധ ദിനമായ ജൂൺ 26 മുതൽ ഇത് നടപ്പാക്കാൻ നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ യോഗം തീരുമാനിച്ചു.
സിനിമ സെറ്റിലെ ലഹരി ഉപയോഗം ചിത്രീകരണത്തെതന്നെ ബാധിക്കുന്ന വിധത്തിലേക്ക് നീങ്ങിയതോടെയാണ് നിർമാതാക്കൾ കടുത്ത നടപടിക്ക് നിർബന്ധിതരായത്. ലഹരി ഉപയോഗം തടയാൻ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ മേയിൽ ചലച്ചിത്ര സംഘടനകളുടെ യോഗം വിളിച്ച് നിർദേശങ്ങൾ നൽകിയിരുന്നു. ഈ മാസം 24നുമുമ്പ് നിലപാട് അറിയിക്കണമെന്ന് നിർദേശിച്ച് സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കക്കും അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ക്കും നിർമാതാക്കൾ കത്ത് നൽകിയിട്ടുണ്ട്. അനുകൂല തീരുമാനമാണ് ഫെഫ്ക അറിയിച്ചിട്ടുള്ളത്. 22ന് നടക്കുന്ന ‘അമ്മ’ ജനറൽ ബോഡിയിൽ വിഷയം ചർച്ചചെയ്ത് തീരുമാനം അറിയിക്കും.
ചിത്രീകരണ വേളയിൽ സെറ്റിലോ അനുബന്ധ ജോലികൾക്കായി താമസിക്കുന്ന സ്ഥലങ്ങളിലോ ലഹരി ഉപയോഗിക്കില്ലെന്നും വ്യവസ്ഥ ലംഘിക്കുന്നതുമൂലം നിർമാതാവിനുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്ക് പൂർണ ഉത്തരവാദി താനായിരിക്കുമെന്നുമാണ് സത്യവാങ്മൂലം ഒപ്പിട്ട് നൽകേണ്ടത്. ഇതിന്റെ മാതൃക തയാറാക്കി സംഘടനകൾക്ക് കൈമാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.