അടൂർ സുരക്ഷിതമല്ലെന്ന്; അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവ് കഴിഞ്ഞത് പന്തളം പൊലീസ് സ്റ്റേഷനിൽ
പന്തളം: അടൂരിൽ അറസ്റ്റ് ചെയ്ത യൂത്ത് കോൺഗ്രസ് നേതാവിന് രാത്രിയിൽ പന്തളം പൊലീസ് സ്റ്റേഷനിൽ അഭയം നൽകി. അടൂർ നിയോജക മണ്ഡലം പ്രസിഡന്റ് ജയകൃഷ്ണൻ പള്ളിക്കലിനെയാണ് പന്തളം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്.
മൂന്നു മാസങ്ങൾക്ക് മുമ്പ് നടന്ന അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമവുമായി ബന്ധപ്പെട്ട് സിപിഎം വിവരാവകാശ നിയമപ്രകാരം സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിരുന്നു. ഇത് പുറത്തുവന്നതിനെ തുടർന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം സ്റ്റേഷൻ അതിക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ഇരുപതോളം പേരെ പ്രതിചേർത്തിരുന്നു.
ഇതിൽ ഒന്നാം പ്രതി ഷിബു ഉണ്ണിത്താൻ മുൻകൂർ ജാമ്യത്തിലാണ്. ചൊവ്വാഴ്ച രാത്രിയിൽ അറസ്റ്റ് ചെയ്ത ജയകൃഷ്ണൻ പള്ളിക്കലിന് അടൂർ പൊലീസ് സ്റ്റേഷനിൽ സുരക്ഷിതത്വം ഇല്ലെന്ന് കാട്ടി പന്തളം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.
പ്രതിപക്ഷ പാർട്ടികൾ പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് രഹസ്യ അന്വേഷണ വിഭാഗത്തിന്റെ നിർദേശത്തെ തുടർന്നാണ് അറസ്റ്റ് ചെയ്ത യൂത്ത് കോൺഗ്രസ് നേതാവിനെ രാത്രിയിൽ പന്തളം പൊലീസ് അഭയം നൽകിയത്.
കനത്ത പൊലീസ് സുരക്ഷയിൽ രാത്രിയിൽ പന്തളത്ത് എത്തിച്ച ജയകൃഷ്ണൻ പള്ളിക്കലിനെ ബുധനാഴ്ച രാവിലെയാണ് അടൂർ കോടതിയിൽ ഹാജരാക്കുവാൻ തിരികെ കൊണ്ടുപോയത്. ജൂലൈ 1ന് കസ്റ്റഡിയിലെടുത്ത യൂട്യൂബ് രാജൻ ജോസഫിനെ കൊണ്ടുവന്ന പൊലീസ് ജീപ്പ് തടയുകയും അതിക്രമം നടത്തിയത് കോൺഗ്രസ് പ്രവർത്തകർ ആണെന്ന് കാട്ടിയാണ് പൊലീസ് കേസെടുത്തത്.
സംഭവത്തിൽ ജില്ല പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെടെ ഇരുപതോളം പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പൊലീസ് സ്റ്റേഷൻ അതിക്രമം മൂന്നു മാസത്തിനുശേഷം പ്രതിപക്ഷം ആയുധമാക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട പ്രതിപക്ഷം തിങ്കളാഴ്ച അടൂരിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പങ്കെടുക്കും. പ്രതിഷേധ സംഗമത്തിനു മുന്നോടിയായി പൊലീസ് യൂത്ത് കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.