കൊച്ചി: പത്തനംതിട്ട ഇലന്തൂരിലെ ഇരട്ട നരബലി കേസിലെ മൂന്നാംപ്രതി ഇലന്തൂർ കാരംവേലി കടകംപള്ളി വീട്ടിൽ ലൈല ഭഗവൽസിങ്ങിന്റെ ജാമ്യഹരജി ഹൈകോടതി തള്ളി. കൊലപാതകമടക്കം കുറ്റകൃത്യങ്ങളിലും ഗൂഢാലോചനയിലുമക്കം ഇവർക്ക് പങ്കുണ്ടെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് സോഫി തോമസിന്റെ ഉത്തരവ്. നരബലി ലക്ഷ്യമിട്ട് കാലടി സ്വദേശിനി റോസ്ലിൻ, എറണാകുളത്ത് ലോട്ടറി കച്ചവടം നടത്തിയിരുന്ന പത്മ എന്നിവരെ തട്ടിക്കൊണ്ടുപോയി ഇലന്തൂരിലെ ഭഗവൽസിങ്ങിന്റെ വീട്ടിൽ വെച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഒന്നാംപ്രതി പെരുമ്പാവൂർ അല്ലപ്ര സ്വദേശി ഷാഫി ഇലന്തൂരിലേക്ക് കൂട്ടിക്കൊണ്ടുപോയി ഭഗവൽസിങ്, ലൈല എന്നിവരുടെ സഹായത്തോടെ കൊലപ്പെടുത്തി മൃതദേഹങ്ങൾ കഷണങ്ങളാക്കി വീടിന്റെ പലഭാഗത്തായി സംസ്കരിച്ചെന്നാണ് ആരോപണം.
തെളിവില്ലാതെ കെട്ടിച്ചമച്ച കേസാണിതെന്നും താൻ കാഴ്ചക്കാരി മാത്രമായിരുന്നുവെന്നുമായിരുന്നു ലൈലയുടെ വാദം. എന്നാൽ, നടന്നത് നരബലിയാണെന്നും ഹരജിക്കാരിക്ക് കുറ്റകൃത്യത്തിൽ പങ്കുള്ളതിന് വ്യക്തമായ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. കേസ് ഡയറിയും ലൈലയുടെ പങ്ക് വ്യക്തമാക്കുന്ന മൊബൈൽ ചാറ്റുകളുമടക്കം പരിശോധിച്ച ശേഷമാണ് കോടതിയുടെ ഉത്തരവ്.
സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരതയാണ് നടന്നതെന്നും സമൂഹത്തിനുതന്നെ അപമാനമാണിതെന്നും കോടതി നിരീക്ഷിച്ചു. ഇത്തരം ഹീനകൃത്യം ചെയ്യുന്നവരെ മനുഷ്യരെന്ന് വിളിക്കാൻപോലും കഴിയില്ല. സമ്പൂർണ സാക്ഷരതയുള്ള സംസ്കാര സമ്പന്നമായ നാടാണ് നമ്മുടേത്. ആരോപണം തെളിഞ്ഞാൽ ദൈവത്തിന്റെ സ്വന്തം രാജ്യത്തിന് അത് കനത്ത പ്രഹരമായിരിക്കും. പ്രതിയെ ജാമ്യത്തിൽ വിടുന്നത് പൊതുസമാധാനത്തെ ബാധിക്കുമെന്നും അവരുടെ സാന്നിധ്യംതന്നെ ഭീതിപരത്തുമെന്നും സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും വിലയിരുത്തിയ കോടതി തുടർന്നാണ് ജാമ്യഹരജി തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.