ട്രാൻസ്‌ജെൻഡറിന്‌ മലയാള പദമായില്ല; ഇംഗ്ലീഷ്‌ പ്രയോഗം തുടരും

തിരുവനന്തപുരം: ട്രാൻസ്‌ജെൻഡറിന്‌ മലയാള പദമായില്ലെന്ന് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. പൊതുജനങ്ങളിൽ നിന്ന്‌ നിർദേശം ക്ഷണിച്ചതിനെ തുടർന്ന് പല പേരുകളും വന്നെങ്കിലും പലതും നല്ല മലയാളമല്ലാത്തതിനാലും അർഥവ്യത്യാസങ്ങളുള്ളതിനാലും ഉപകാരപ്പെട്ടില്ല. മലയാളപദം കണ്ടെത്തും വരെ ട്രാൻസ്‌ജെൻഡർ എന്ന ഇംഗ്ലീഷ്‌ പ്രയോഗം തുടരാമെന്ന്‌ കാണിച്ച്‌ സർക്കാരിന്‌ കത്ത്‌ നൽകാനൊരുങ്ങുകയാണ്‌ ഇപ്പോൾ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്‌ അധികൃതർ.

ട്രാൻസ്‌ജെൻഡർ എന്ന വാക്കിന്‌ ബദലായി മലയാള പദം കണ്ടെത്തണം എന്ന ലക്ഷ്യത്തോടെയാണ്‌ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്‌ പൊതുജനങ്ങളിൽ നിന്ന്‌ വാക്കുകൾ ക്ഷണിച്ചത്‌. രണ്ടായിരത്തിലധികം നിർദേശങ്ങൾ വന്നെങ്കിലും സ്വീകാര്യമായ ഒന്നുപോലുമുണ്ടായില്ലെന്ന്‌ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്‌ ഡയറക്ടർ എം .സത്യൻ പറഞ്ഞു.

ട്രാൻസ്‌ വ്യക്തിത്വങ്ങളെ പൊതുവായി ട്രാൻസ്‌ജെൻഡർ എന്ന്‌ വിളിക്കാമെന്ന നിർദേശം സർക്കാരിലേക്ക്‌ നൽകും. ട്രാൻസ്‌ വുമൺ, ട്രാൻസ്മാൻ എന്നീ പ്രയോഗങ്ങളും മലയാളത്തിലും ഉപയോഗിക്കാമെന്ന്‌ നിർദേശം നൽകാനാണ്‌ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ലക്ഷ്യം. നല്ല മലയാളത്തിലുള്ള പേരുകൾ ഇനിയും ആളുകൾക്ക്‌ നിർദേശിക്കാം. സ്വീകാര്യമായത്‌ കണ്ടെത്തിയാൽ മലയാളത്തിലേക്ക്‌ മാറും.

തമിഴിൽ തിരുമങ്ക എന്ന്‌ അടുത്തിടെ ട്രാൻസ്‌ജെൻഡറിന്‌ ബദൽ പദം കണ്ടെത്തിയിരുന്നു. ഈ വാക്കുപോലും പൂർണാർഥത്തിൽ യോജിക്കില്ലെന്നാണ്‌ ഭാഷാ വിദഗ്‌ധരുടെ അഭിപ്രായം. ഈ സാഹചര്യത്തിൽ ട്രാൻസ്‌ ജെൻഡേഴ്‌സിന്റെയും, ജെൻഡർ പഠനം നടത്തുന്നവരുടെയും യോഗമടക്കം ചേർന്നിരുന്നു. യോജിച്ച പദം കണ്ടെത്തുംവരെ അന്വേഷണം തുടരുമെന്ന്‌ എം സത്യൻ പറഞ്ഞു. ട്രാൻസ്‌ജെൻഡറിന്‌ മലയാള പദം കണ്ടെത്താനായി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മത്സരം സംഘടിപ്പിച്ചിരുന്നു.

Tags:    
News Summary - No alternate Malayalam word for Transgender found; English will continue to be used

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.