കൊല്ലം: ജില്ലയിൽ ചികിത്സയിലുണ്ടായിരുന്നവരുടെയെല്ലാം പരിശോധന ഫലം നെഗറ്റീവ്. ചികിത്സയിലുണ്ടായിരുന്ന രണ്ടുപേരുടെ പരിശോധന ഫലമാണ് നെഗറ്റീവായത്. ഇതോടെ ഇന്നലെ രോഗം ഭേദമായ ഒരാൾ ഉൾപ്പടെ മൂന്നുപേർ ഇന്ന് ആശുപത്രിവിടും.
മാർച്ച് 27ന് ദുബൈയിൽനിന്ന് മടങ്ങിയെത്തിയ പ്രാക്കുളം സ്വദേശിക്കായിരുന്നു ജില്ലയിൽ ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് ചികിത്സയിൽ എത്തിയവരെല്ലാം രോഗമുക്തരായി ആശുപത്രി വിട്ടു. രണ്ടുപേർ മാത്രമാണ് നിലവിൽ ചികിത്സയിലുണ്ടായിരുന്നത്. വ്യാഴാഴ്ച ഉച്ചയോടെ ലഭിച്ച ഇവരുടെ പരിശോധന ഫലവും നെഗറ്റീവായി.
ആദ്യം രോഗം സ്ഥിരീകരിച്ച പ്രാക്കുളം സ്വദേശിയുടെ ബന്ധുവായ വീട്ടമ്മയാണ് കോവിഡ് ഇന്ന് നെഗറ്റീവായതിൽ ഒന്ന്. 44 ദിവസമായി ഇവർ പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. മാർച്ച് 31 നാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്.
മുംബൈയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം കോവിഡ് സ്ഥിരീകരിച്ച ഒരു യുവതിയുടെയും പരിശോധന ഫലം നെഗറ്റീവായി. ഏപ്രിൽ രണ്ടിനായിരുന്നു ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. 19 പേർക്കാണ് ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ജില്ലയിൽ നാലുപേർ മാത്രമാണ് ഇനി ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. 19 സാമ്പിളുകളുടെയും ഫലം വരാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.