'മുഖ്യമന്ത്രിക്ക് ഉൾപ്പെടെ നൽകിയ പരാതികളിൽ നടപടിയുണ്ടായില്ല'; പൊലീസ് റിപ്പോർട്ട് തെറ്റെന്ന് അനുപമ

തിരുവനന്തപുരം: ത​ന്‍റെ സ​മ്മ​ത​മി​ല്ലാ​തെ കു​ഞ്ഞി​നെ ദ​ത്ത് ന​ൽ​കി​യ സം​ഭ​വ​ത്തി​ലെ അന്വേഷണത്തിൽ വീഴ്ചയുണ്ടായില്ലെന്ന പൊലീസ് റിപ്പോർട്ട് തെറ്റെന്ന് പരാതിക്കാരി അനുപമ എസ്. ചന്ദ്രൻ. ഇപ്പോഴത്തെ പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും അനുപമ പറഞ്ഞു.

പൊലീസ് പറയുന്നത് ഏപ്രിലിൽ പരാതി നൽകിയില്ലെന്നാണ്. എന്നാൽ, ഏപ്രിൽ 19നാണ് കുഞ്ഞിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ആദ്യ പരാതി നൽകിയത്. ഈ പരാതിയിൽ ഒരു തവണ തന്‍റെ മൊഴി എടുത്തിരുന്നു. പിന്നീട് യാതൊരു പുരോഗതിയും ഉണ്ടായില്ല. അച്ഛൻ ജയചന്ദ്രനോട് സ്റ്റേഷനിലേക്ക് വരാൻ ആവശ്യപ്പെട്ടെങ്കിലും തയാറായില്ലെന്നാണ് പൊലീസ് പറഞ്ഞത്.

മുൻ ഡി.ജി.പിയായിരുന്ന ലോക്നാഥ് ബെഹ്റക്ക് പരാതി നൽകിയിരുന്നു. താനും ഡിവൈ.എസ്.പിയും അജിത്തും കൂടിയാണ് ബെഹ്റയെ കണ്ടത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് മുന്നോട്ടു പോകാനാണ് ഡി.ജി.പി പറഞ്ഞത്. ഈ നിർദേശം ഡിവൈ.എസ്.പിക്കും നൽകി. ഇതിന് ശേഷം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയോ അന്വേഷണം നടത്തുകയോ പൊലീസ് ചെയ്തിട്ടില്ല.

ഇതേതുടർന്നാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഈ പരാതി ലോക്കൽ സ്റ്റേഷനിലേക്ക് കൈമാറുന്നതെന്ന് അറിഞ്ഞതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ ഒാഫീസിൽ വിളിച്ച് പുരോഗതി അന്വേഷിച്ചു. പൊലീസിന്‍റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് മറ്റ് മാർഗത്തിലൂടെ അന്വേഷണത്തിന് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ബന്ധപ്പെട്ടവരെ വിവരം അറിയിക്കാമെന്നാണ് ഇതിന് മറുപടി ലഭിച്ചത്.

ഇതിന് പിന്നാലെ പൊലീസ് സ്റ്റേഷനിൽ നിന്ന് കത്ത് ലഭിച്ചു. കോടതി വഴി നീങ്ങാനായിരുന്നു കത്തിൽ നിർേദശിച്ചിരുന്നത്. സെപ്റ്റംബറിൽ പുതിയ ഡി.ജി.പി ചുമതയേറ്റതിന് പിന്നാലെ കംപ്ലെയ്ന്‍റ് സെല്ലിൽ പുതിയ പരാതി നൽകി. പുതിയ ഡി.ജി.പിക്ക് നൽകിയ പരാതിയിലാണ് ഇപ്പോൾ കേസ് എടുത്തിട്ടുള്ളത്.

ഏപ്രിൽ മാസത്തിലും മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നൽകിയ പരാതികളിൽ യാതൊരു നടപടിയും പൊലീസ് സ്വീകരിച്ചിട്ടില്ല. 'കുഞ്ഞ് എവിടെയാണെന്ന് അച്ഛൻ ജയചന്ദ്രൻ പറയുന്നില്ലെ'ന്നാണ് ഒാരോ തവണയും പൊലീസ് സ്റ്റേഷനിൽ നിന്ന് അറിയിച്ചിരുന്നത്.

'കുഞ്ഞ് എവിടെയാണെന്ന് അച്ഛൻ പറയുമോ എന്ന് നോക്കട്ടെ' എന്നാണ് സി.ഐ പറഞ്ഞത്. അതാണോ പൊലീസ് നൽകേണ്ട മറുപടി. 'അച്ഛൻ പറഞ്ഞില്ലെങ്കിൽ കുഞ്ഞ് എവിടെയെങ്കിലും നിൽക്കട്ടെ' എന്നാണോ ഉദ്ദേശിക്കുന്നതെന്നും അനുപമ ചോദിച്ചു. 

Tags:    
News Summary - No action was taken on the complaints filed by the Chief Minister -Anupama

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.