നാഷനൽ യൂനിവേഴ്‌സിറ്റി ഓഫ് സിംഗപ്പൂരുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ച് എൻ.ഐ.ടി

ചാത്തമംഗലം: അന്താരാഷ്ട്ര അക്കാദമിക് സഹകരണം ശക്തിപ്പെടുത്താനും ആഗോള വിദ്യാഭ്യാസ അവസരങ്ങൾ വിപുലീകരിക്കാനുമായി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റ് നാഷനൽ യൂനിവേഴ്‌സിറ്റി ഓഫ് സിംഗപ്പൂരുമായി സിവിൽ എൻജിനീയറിങ് വിഭാഗത്തിൽ ‘3+1+1 അക്കാദമിക് പ്രോഗ്രാം’ ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

ഒക്ടോബർ 29ന് സിംഗപ്പൂരിലെ നാഷനൽ യൂനിവേഴ്‌സിറ്റി ഓഫ് സിംഗപ്പൂർ കോളജ് ഓഫ് ഡിസൈൻ ആൻഡ് എൻജിനീയറിങ്ങിൽ നടന്ന ചടങ്ങിലാണ് ഇരു സ്ഥാപനങ്ങളുടെയും പ്രതിനിധികളുടെ സാന്നിധ്യത്തിൽ കരാർ ഒപ്പുവെച്ചത്. വിദ്യാർഥികളുടെ പഠന കൈമാറ്റം, അന്താരാഷ്ട്ര അക്കാദമിക് പരിചയം, സംയുക്ത പഠന-ഗവേഷണ അവസരങ്ങൾ എന്നിവയിലൂടെ ഉന്നത വിദ്യാഭ്യാസ സഹകരണം ഉറപ്പാക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്.

വിദ്യാർഥികൾക്ക് അന്താരാഷ്ട്ര പഠനാന്തരീക്ഷം ലഭ്യമാക്കാനും സ്ഥാപനങ്ങൾ തമ്മിലുള്ള അറിവ് പങ്കുവെക്കാനും ഇത് സഹായിക്കും. എൻ.ഐ.ടിയെ പ്രതിനിധീകരിച്ച് ഡീൻ (ഇന്റർനാഷനൽ, അലുമിനൈ ആൻഡ് കോർപറേറ്റ് റിലേഷൻസ്) പ്രഫ. എസ്. കുമരവേൽ, അസോസിയേറ്റ് ഡീൻ (ഇന്റർനാഷനൽ റിലേഷൻസ്) ഡോ. ഷബീന അഷ്‌റഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചടങ്ങിൽ പങ്കെടുത്തത്. സർവകലാശാല ഉദ്യോഗസ്ഥരും അധ്യാപകരും പങ്കെടുത്തു.

തുടക്കത്തിൽ സിവിൽ എൻജിനീയറിങ് വിഭാഗത്തിലാണ് ഈ സഹകരണം നടപ്പാക്കുന്നതെങ്കിലും ഭാവിയിൽ മറ്റ് ഡിപ്പാർട്ട്‌മെന്റുകളിലേക്കും വിഷയങ്ങളിലേക്കും സമാനമായ അക്കാദമിക് പ്രോഗ്രാമുകൾ വിപുലീകരിക്കാൻ ധാരണാപത്രം വഴിയൊരുക്കുന്നുണ്ട്. ഇരു സ്ഥാപനങ്ങളും തമ്മിലുള്ള ദീർഘകാല അക്കാദമിക്-ഗവേഷണ പങ്കാളിത്തത്തിന് ഇത് അടിത്തറയിടും. അക്കാദമിക് മികവിനും ആഗോള തലത്തിലുള്ള വിദ്യാഭ്യാസ മുന്നേറ്റത്തിനുമായി എൻ.ഐ.ടി കാലിക്കറ്റ് നടത്തുന്ന ശ്രമങ്ങളിലെ പ്രധാന നാഴികക്കല്ലാണിത്.

Tags:    
News Summary - NIT Signs MoU with National University of Singapore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.