'മുന ഒടിഞ്ഞ പെൻസിൽ ഫാഷിസത്തിന്റെ പ്രതീകം, അതിനെ മായ്ക്കാൻ പച്ച ഇറേസർ': യൂത്ത് ലീഗ് പോസ്റ്ററിൽ വിശദീകരണവുമായി പി.കെ. ഫിറോസ്

കൊച്ചി: യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണ പോസ്റ്ററുമായി ബന്ധപ്പെട്ടുയർന്ന വിമർശനങ്ങൾക്കും ചർച്ചകൾക്കും മറുപടിയുമായി സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് എം.എൽ.എ. പോസ്റ്ററിലെ പെൻസിൽ ഫാഷിസത്തിന്റെ പ്രതീകമാണെന്നും അത് മായ്ച്ചുകളയാനാണ് പച്ച നിറത്തിലുള്ള ഇറേസർ നൽകിയിരിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

പോസ്റ്ററിൽ ഷാർപ്പൻ ചെയ്ത കാവി നിറത്തിലുള്ള പെൻസിൽ താമര ഇതളുകൾ പോലെ രൂപകൽപ്പന ചെയ്തതിനെച്ചൊല്ലിയായിരുന്നു പ്രധാനമായും വിമർശനങ്ങൾ ഉയർന്നത്. എന്നാൽ, നിലവിലെ ഇന്ത്യൻ ഭരണകൂടത്തെയാണ് ഈ പെൻസിൽ സൂചിപ്പിക്കുന്നതെന്ന് പി.കെ. ഫിറോസ് മറുപടി നൽകി. മതേതര മൂല്യങ്ങളെ കാറ്റിൽ പറത്തി രാജ്യത്ത് പുതിയ ചരിത്രം രചിക്കാൻ ശ്രമിക്കുന്ന ഫാഷിസ്റ്റ് ശക്തികളുടെ പ്രതീകാത്മക പ്രതിനിധാനമാണ് കാവി പെൻസിലെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് ഉയർന്നുവരുന്ന പുതിയ തലമുറയുടെ ജെൻസി വിപ്ലവം വലിയ പ്രതീക്ഷയാണെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഭരണകൂടം തിരുത്തിയെഴുതാൻ നോക്കുന്ന കാവിയിൽ വിരിഞ്ഞ പെൻസിലിന്റെ മുന ഒടിഞ്ഞു തുടങ്ങിയിട്ടുണ്ട്. കാവിയിൽ അധിഷ്ഠിതമായ ഇത്തരം വർഗീയ രചനകളെ മായ്ച്ചുകളയാനും തിരുത്താനുമാണ് പ്രതീക്ഷയുടെയും വളർച്ചയുടെയും പ്രതീകമായ പച്ച നിറത്തിലുള്ള ഇറേസർ പോസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

'അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്' എന്ന പ്രമേയം പൂർണ്ണമായും ഉൾക്കൊള്ളുന്നതാണ് ഈ ഡിസൈനെന്നും പ്രശസ്ത ഡിസൈനർ സൈനുൽ ആബിദാണ് പോസ്റ്റർ തയാറാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നവംബർ 6, 7, 8 തീയതികളിൽ എറണാകുളത്താണ് യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം നടക്കുന്നത്. സമ്മേളനത്തിന്റെ ഭാഗമായി നവംബർ 8-ന് കലൂർ സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച് മറൈൻ ഡ്രൈവിൽ സമാപിക്കുന്ന റാലിയിൽ ഒരു ലക്ഷത്തോളം ആളുകൾ അണിനിരക്കുമെന്നും ഫിറോസ് വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിൻ്റെ പ്രമേയവുമായി ബന്ധപ്പെട്ട പോസ്റ്ററിന് വൻ പ്രചാരമാണ് ലഭിച്ചത്. അനുകൂലിച്ചും പ്രതികൂലിച്ചും പോസ്റ്റർ ചർച്ച ചെയ്ത എല്ലാവർക്കും നന്ദി. അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്നതായിരുന്നു സമ്മേളനത്തിൻ്റെ പ്രമേയം. ഈ ആശയം ഉൾകൊള്ളുന്നതായിരുന്നു പോസ്റ്ററിൻ്റെ ഉള്ളടക്കം.

പോസ്റ്ററിലെ ഷാർപ്പൻ ചെയ്ത കാവി നിറത്തിലുള്ള പെൻസിൽ താമര ഇതളുകൾ പോലെയായിരുന്നു. ഇതായിരുന്നു വിമർശകരുടെ ഊന്നൽ. കാവി നിറവും താമരയുമൊക്കെ പോസ്റ്ററിൽ കൊടുക്കാൻ പാടുണ്ടോ എന്നതായിരുന്നു ചോദ്യം. യഥാർത്ഥത്തിൽ വർത്തമാന ഇന്ത്യൻ ഭരണകൂടത്തെ സൂചിപ്പിക്കുന്നതായിരുന്നു പെൻസിൽ. മതേതര മൂല്യങ്ങളെ കാറ്റിൽ പറത്തി പുതിയ ചരിത്രം രചിക്കാനൊരുങ്ങിയ ഫാഷിസ്റ്റുകളെ സൂചിപ്പിക്കുന്ന പ്രതീകാത്മക പെൻസിൽ!

എന്നാൽ ഇപ്പോൾ നടക്കുന്ന ജെൻസി വിപ്ലവം പ്രതീക്ഷയാണ്. യഥാർത്ഥ ഇന്ത്യൻ ആത്മാവിനെ മാറ്റിയെഴുതുന്ന, കാവിയിൽ വിരിഞ്ഞ പെൻസിലിൻറെ മുനയൊടിഞ്ഞ് തുടങ്ങിയിരിക്കുന്നു. പ്രതീക്ഷയുടെയും വളർച്ചയുടെയും പ്രതീകമായ പച്ച നിറത്തിലുള്ള 'ഇറേസർ' (സ്‌കൂളിൽ പഠിച്ചിരുന്ന കാലത്ത് മയക്കട്ട എന്നായിരുന്നു ഞങ്ങൾ വിളിച്ചിരുന്നത്) കാവിയിലലിഷ്‌ഠിതമായ രചനകളെ മായ്ച്ചുകളയാനും തിരുത്താനുമുള്ളതാണ്. മനോഹരമായ ഈ പോസ്റ്റർ ഡിസൈൻ ചെയ്തത് പ്രശസ്‌ത ഡിസൈനർ സൈനുൽ ആബിദ് ആണ്.

ചർചകൾ തുടരട്ടെ. സമ്മേളന പ്രചാരണം ഉഷാറാവട്ടെ.

നവംബർ 6, 7, 8 തിയ്യതികളിൽ എറണാകുളത്ത് വെച്ച് നടക്കുന്ന സമ്മേളനത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നു. നവംബർ 8 ന് ഞായറാഴ്ച മറൈൻ ഡ്രൈവ് കേരളത്തിൻ്റെ ജന്തർമന്ദർ ആവാൻ പോവുകയാണ്. കലൂർ സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച് മറൈൻ ഡ്രൈവിൽ സമാപിക്കുന്ന റാലിയിൽ ഒരു ലക്ഷം ആളുകളാണ് അണി നിരക്കാൻ പോവുന്നത്.

എല്ലാവരെയും ഒരിക്കൽ കൂടി സ്വാഗതം ചെയ്യുന്നു.

Tags:    
News Summary - Broken Pencil Symbolizes Fascism, Green Eraser to Erase It: PK Firos Clarifies Youth League Poster Controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.