വിളക്കോട്ടൂരിലെ നിസാർ വധത്തിന് കാൽ നൂറ്റാണ്ട്; രക്തസാക്ഷിത്വ ദിനമാചരിച്ച് കേസിൽ പ്രതിചേർക്കപ്പെട്ടവർ

പാനൂർ: വിളക്കോട്ടൂരിലെ നിസാർ രക്തസാക്ഷിത്വ ദിനം ആചരിച്ച് കേസിൽ പ്രതിചേർക്കപ്പെട്ടവർ. വധത്തിന് കാൽ നൂറ്റാണ്ട് പിന്നിട്ടപ്പോഴാണ് കേസിൽ പ്രതിചേർക്കപ്പെടുകയും പിന്നീട് കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിടുകയും ചെയ്തവരുടെ നേതൃത്വത്തിൽ രക്തസാക്ഷിത്വദിനം ആചരിക്കുന്നത്. നിസാർ വധക്കേസിൽ പ്രതികളാക്കപ്പെട്ട 10 പേരിൽ ഏഴുപേർ മാത്രമാണ് ഇപ്പോഴുള്ളത്. ഇവരും കുടുംബാംഗങ്ങളും ചില നാട്ടുകാരും ചേർന്നാണ് രക്തസാക്ഷിത്വ വാർഷികം ആചരിച്ചത്. വിളക്കോട്ടൂർ, തൂവ്വക്കുന്ന്, കല്ലിക്കണ്ടി, പാറാട് എന്നിവിടങ്ങളിൽ സ്തൂപങ്ങൾ സ്ഥാപിച്ച് പുഷ്പാർച്ചന നടത്തുകയായിരുന്നു. ആദ്യമായാണ് നിസാറിന്റെ രക്തസാക്ഷിത്വം ആചരിക്കപ്പെടുന്നത്.

2000 ഏപ്രിൽ 23ന് പുലർച്ച 1.30ഓടെയാണ് പേരാമ്പ്ര മുതുകാട് എസ്റ്റേറ്റ്മുക്ക് സ്വദേശിയും വിളക്കോട്ടൂരിലെ പച്ചിലശേരി കുഞ്ഞമ്മദ് ഹാജിയുടെ വീട്ടിലെ ഡ്രൈവറുമായ നിസാർ, കുഞ്ഞമ്മദ് ഹാജിയുടെ വീട്ടുകോലായിൽ കൊല്ലപ്പെട്ടത്. ഈ കൊലക്കേസിൽ സി.പി.എം പ്രവർത്തകരായ 10 പേർ പ്രതികളായെങ്കിലും മുഴുവൻ പ്രതികളെയും വെറുതെ വിടുകയാണുണ്ടായത്. വിളക്കോട്ടൂരിലെ കണ്ണിപൊയിൽ റഷീദ് (24), പാറാട്ടെ പൊന്നത്ത് സുനിൽ (28), വളയം ചുഴലിയിലെ നരവുമ്മൽഹൗസിൽ റാവുത്തർ രാജൻ (41), വള്ള്യാട്ട് ഗോപാലകൃഷ്ണൻ (35), വടക്കയിൽ പറമ്പത്ത് എസ്. അശോകൻ (44), വിളക്കോട്ടൂരിലെ ചെറിയാണ്ടിയിൽ മായൻ ഹാജി (60), മകൻ ചെറിയാണ്ടിയിൽ അഷ്റഫ് (32), കൂട്ടായി രാജീവൻ (34), വിലങ്ങാട് കാഞ്ഞിരക്കണ്ടി കമ്പിളിപ്പാറ മുനീർ (33), പാക്കോയി വിനു (31) എന്നിവരായിരുന്നു പ്രതികൾ. ഇവരെ തലശ്ശേരി ജില്ല സെഷൻസ് കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെവിടുകയായിരുന്നു.

ഏറെ കോളിളക്കമുയർത്തിയ കേസുകൂടിയായിരുന്നു നിസാർ വധക്കേസ്. കേസിൽ യഥാർഥ പ്രതികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പ്രതിചേർക്കപ്പെട്ടവർ ഹൈകോടതി ചീഫ് ജസ്റ്റിസ്, മുഖ്യമന്ത്രി എന്നിവർക്കുൾപ്പടെ പരാതി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. സി.പി.എം പ്രവർത്തകനായിരുന്ന നിസാറിന്റെ രക്തസാക്ഷിത്വ ദിനം പാർട്ടി ആചരിച്ചിരുന്നില്ല. പാർട്ടി അനുമതി കൂടാതെയാണ് നിസാർ വധക്കേസ് പ്രതികൾ പാർട്ടി കേന്ദ്രങ്ങളിൽ ഇത്തരത്തിൽ രക്തസാക്ഷിത്വ ദിനാചരണം നടത്തിയത്.

Tags:    
News Summary - Nisar murder in Vilakottoor: 25 years have passed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-14 01:25 GMT