കോഴിക്കോട്: നിപ വൈറസ് കോഴികളിലൂടെ പകരുമെന്നും അതിനാൽ കോഴി കഴിക്കരുതെന്നും ജില്ലാ മെഡിക്കൽ ഓഫിസറുടെ പേരിൽ വ്യാജ അറിയിപ്പ്. കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫിസിൻെറ ലെറ്റർഹെഡിൽ തയ്യാറാക്കിയ സന്ദേശം വാട്സ്ആപ്പിലൂടെ വ്യാജമായി പ്രചരിക്കുകയാണ്. ജില്ലാ മെഡിക്കൽ ഓഫിസറുടെ ഒപ്പും സീലുമുള്ള സന്ദേശം ഒറിജിനലിനെ പിന്നിലാക്കുന്ന വ്യാജനാണ്.
തിങ്കളാഴ്‌ച രാത്രിയാണ് ഇതു പ്രചരിച്ചത്. ഒറ്റ രാത്രി കൊണ്ടു കേരളത്തിനകത്തും പുറത്തും കാട്ടുതീ പോലെ പടർന്നു. കോഴികളിലൂടെ നിപ വൈറസ് പകരുമെന്ന് ലാബ് പരീക്ഷണത്തിൽ തെളിഞ്ഞതായാണ് അറിയിപ്പിലുള്ളത്. തമിഴ്‌നാട്ടിൽ നിന്ന് വരുന്ന 60 ശതമാനം കോഴികളിൽ നിപ വൈറസ് ഉള്ളതായി ആരോഗ്യ വകുപ്പ് കണ്ടെത്തിയതായി പറയുന്നു. അതിനാൽ ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ കോഴി കഴിക്കരുതെന്നാണ് മുന്നറിയിപ്പ്.
സന്ദേശം വ്യാജമാണെന്ന് തിങ്കളാഴ്ച രാത്രി ജില്ലാ ഡി.എം.ഒ അറിയിച്ചിരുന്നു. ഈ അറിയിപ്പിനെയെല്ലാം പിന്നിലാക്കി വ്യാജ സന്ദേശം പ്രചരിച്ചു. നിപ ഭീതി ഉള്ളതിനാൽ സന്ദേശം കിട്ടിയവരെല്ലാം സുഹൃത്തുക്കളിലേക്കും റെസിഡന്റ്‌സ് അസോസിയേഷൻ ഗ്രൂപ്പുകളിലേക്കും വ്യാപകമായി ഫോർവേഡ് ചെയ്തു. കോഴി വ്യാപാരത്തിന്റെ നട്ടെല്ലൊടിക്കുക എന്ന ദുഷ്ട ലാക്കുള്ള ആരോ ആണ് ഇതിനു പിന്നിലെന്ന് വ്യക്തം. നിപയുമായി ബന്ധപ്പെട്ടു ഭീതി പരത്തുന്ന മറ്റു സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.