കൊച്ചി: രക്താർബുദത്തെതുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരുന്ന ഒമ്പതുകാരിക്ക് എച്ച്.ഐ.വി ബാധിച്ച സംഭവത്തിൽ നഷ്ടപരിഹാരം നൽകാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് സർക്കാറിനോട് ഹൈകോടതി.
തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിലെ ചികിത്സയുടെ ഭാഗമായി നൽകിയ രക്തത്തിൽനിന്നാണ് എച്ച്.ഐ.വി ബാധിതയായത്. 2018ൽ കുട്ടി മരിച്ചു. തുടർന്നാണ് പിതാവ് നഷ്ടപരിഹാരംതേടി ഹൈകോടതിയെ സമീപിച്ചത്. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറിയോ ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിയോ മൂന്നാഴ്ചക്കകം നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാനാണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസിന്‍റെ നിർദേശം.
കുട്ടിയെ ആലപ്പുഴ മെഡിക്കൽ കോളജിൽനിന്നാണ് ആർ.സി.സിയിലേക്ക് കൊണ്ടുപോയത്. അവിടെയെത്തി ആദ്യം നടത്തിയ പരിശോധനകളിൽ എച്ച്.ഐ.വി നെഗറ്റിവായിരുന്നു. 49 തവണ കുട്ടിക്ക് രക്തം നൽകി. രക്തം നൽകിയ ഒരാൾ എച്ച്.ഐ.വി ബാധിതനായിരുന്നുവെന്ന് പിന്നീട് കണ്ടെത്തി.
പിന്നീട് കുട്ടിയും എച്ച്.ഐ.വി പോസിറ്റിവായി. പരിശോധനക്ക് അന്നുപയോഗിച്ചിരുന്ന സാങ്കേതികവിദ്യ എച്ച്.ഐ.വി ബാധ ഉടനടി കണ്ടെത്താൻ പര്യാപ്തമായിരുന്നില്ലെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. നിലവിൽ രക്തപരിശോധനക്ക് ഉപയോഗിക്കുന്ന സംവിധാനം എന്താണെന്നും ഉപകരണത്തിന്റെ വിശദാംശങ്ങളും അറിയിക്കാൻ കോടതി നിർദേശിച്ചു. ഉന്നതതല ചർച്ചകൾക്കുശേഷം നഷ്ടപരിഹാരം സംബന്ധിച്ച് സത്യവാങ്മൂലം നൽകാനാണ് നിർദേശം. ഹരജി വീണ്ടും ഏപ്രിൽ നാലിന് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.