നിലമ്പൂരിലെ ഷോക്കേറ്റ് മരണം: പരാതി അറിയിച്ചിരുന്നുവെന്ന ആരോപണം വസ്തുതാവിരുദ്ധമെന്ന് കെ.എസ്.ഇ.ബി

തിരുവനന്തപുരം: വൈദ്യുതി മോഷ്ടിച്ച് പന്നിക്കെണി നിർമിക്കുന്ന വിവരം ഏഴു മാസം മുമ്പ് കെ.എസ്.ഇ.ബി അധികൃതരെ അറിയിച്ചിരുന്നുവെന്ന രീതിയിൽ പ്രചരിച്ച വാർത്തകൾ വസ്തുതാപരമല്ലെന്ന് കെ.എസ്.ഇ.ബി. ഇത്തരം ഒരു പരാതി കെ.എസ്.ഇ.ബിയുടെ വഴിക്കടവ് സെക്ഷൻ ഓഫീസിൽ ലഭിച്ചിട്ടില്ലെന്ന് കെ.എസ്.ഇ.ബി വാർത്ത കുറിപ്പിൽ അറിയിച്ചു.

തോട്ടിയിൽ ഘടിപ്പിച്ച വയർ വൈദ്യുതി ലൈനിൽ കൊളുത്തി വൈദ്യുതി മോഷ്ടിച്ചതാണ് കഴിഞ്ഞ ദിവസം നിലമ്പൂരിൽ നടന്ന അപകടത്തിന് കാരണമായത്. വനാതിർത്തിക്ക് സമീപം പുറത്തുനിന്നുള്ള എത്തിപ്പെടൽ ദുഷ്കരമായ ഒറ്റപ്പെട്ട പ്രദേശമാണെന്നതിനാലും രാത്രികാലങ്ങളിലാണ് ഇത്തരത്തിൽ വൈദ്യുതി മോഷ്ടിക്കുന്നത് എന്നതിനാലും കെ.എസ്.ഇ.ബി ജീവനക്കാർക്ക് സ്വമേധയാ ഇത്തരം മോഷണങ്ങൾ കണ്ടെത്തി നിയന്ത്രിക്കുന്നത് എളുപ്പമല്ല. ജനങ്ങളുടെ സഹകരണമുണ്ടെങ്കിൽ മാത്രമേ ഇത്തരം ദുഷ്പ്രവണതകളും അപകടങ്ങളും ഒഴിവാക്കാൻ കഴിയുകയുള്ളു.

വൈദ്യുതി മോഷണം ക്രിമിനൽ കുറ്റമാണ്. കണ്ടുപിടിക്കപ്പെട്ടാൽ ഇലക്ട്രിസിറ്റി ആക്ട് 2003, സെക്ഷൻ 135 പ്രകാരം വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും പിഴ ചുമത്തുകയും ജാമ്യമില്ലാ വകുപ്പ് അനുസരിച്ചു കേസെടുക്കുകയും ചെയ്യും. ഇതിന് മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കാം. വൈദ്യുതി മോഷണം നടത്തുന്നവർ തെറ്റ് മനസിലാക്കി സ്വമേധയാ കെ.എസ്.ഇ.ബിയെ അറിയിച്ച് പിഴ അടച്ചാൽ ശിക്ഷാനടപടികളിൽ നിന്നും ഒഴിവാക്കും. ഇത്തരത്തിൽ തെറ്റുതിരുത്തുവാൻ ഒരാൾക്ക് ഒരവസരം മാത്രമേ ലഭിക്കൂവെന്നും കെ.എസ്.ഇ.ബി അറിയിച്ചു.

വൈദ്യുതി മോഷണം സംബന്ധിച്ച വിവരങ്ങൾ കെ.എസ്.ഇ.ബിയുടെ സെക്ഷൻ ഓഫീസുകളിലോ ആൻ്റി പവർ തെഫ്റ്റ് സ്ക്വാഡിൻ്റെ തിരുവനന്തപുരം വൈദ്യുതി ഭവനിലെ സംസ്ഥാന കാര്യാലയത്തിലോ ജില്ലാ കാര്യാലയങ്ങളിലോ ഓഫീസ് സമയത്ത് വിളിച്ച് അറിയിക്കാൻ കഴിയും. 9496010101 എന്ന എമർജൻസി നമ്പരിൽ വിളിച്ചും വാട്സാപ്പ് സന്ദേശമയച്ചും വിവരങ്ങൾ അറിയിക്കാം. വൈദ്യുതി ദുരുപയോഗം സംബന്ധിച്ച വിവരങ്ങൾക്കൊപ്പം കൃത്യമായ സ്ഥലവിവരണവും സെക്ഷൻ ഓഫീസിൻ്റെ പേരും ചേർക്കുന്നത് ഉചിതമായിരിക്കും. വിവരങ്ങൾ കൈമാറുന്ന ആളിന്റെ വിശദാംശങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കും. അർഹമായ പാരിതോഷികവും നൽകുമെന്നും അറിയിച്ചു.

ആൻ്റി പവർ തെഫ്റ്റ് സ്ക്വാഡ് സംസ്ഥാന, ജില്ലാ കാര്യാലയങ്ങളുടെ ഫോൺ നമ്പർ ചുവടെ.

  • വൈദ്യുതി ഭവൻ, തിരുവനന്തപുരം – 0471 -2444554
  • തിരുവനന്തപുരം 9446008154, 8155
  • കൊല്ലം 9446008480, 8481
  • പത്തനംതിട്ട (തിരുവല്ല) 9446008484, 8485
  • ആലപ്പുഴ 9496018592, 18623
  • കോട്ടയം 9446008156, 8157
  • ഇടുക്കി (വാഴത്തോപ്പ്) 9446008164, 8165
  • എറണാകുളം 9446008160, 8161
  • തൃശ്ശൂർ 9446008482, 8483
  • പാലക്കാട് 9446008162, 8163
  • മലപ്പുറം 9446008486, 8487
  • കോഴിക്കോട് 9446008168, 8169
  • വയനാട് (കൽപ്പറ്റ) 9446008170, 8171
  • കണ്ണൂർ 9446008488, 8489
  • കാസർകോട് 9446008172, 8173
  • കോൾ സെൻ്റർ : 1912, 9496 01 01 01 (കോൾ & വാട്സാപ്) 
Tags:    
News Summary - Nilambur power outage; Allegation that complaint was filed is untrue - KSEB

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.