മലപ്പുറം: എം.എൽ.എയായിരുന്ന കെ. കുഞ്ഞാലി (സഖാവ് കുഞ്ഞാലി) വെടിയേറ്റ് മരിച്ചതടക്കം ചരിത്രത്തിൽ അപൂർവതകളേറെയുണ്ട് നിലമ്പൂർ മണ്ഡലത്തിന്. ആര്യാടൻ മുഹമ്മദും ടി.കെ. ഹംസയുമുൾപ്പെടെയുള്ള പ്രമുഖർ വ്യത്യസ്ത മുന്നണികളിൽ മാറ്റുരച്ച തട്ടകം. ആറ് പതിറ്റാണ്ടിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ നിലമ്പൂരിന്റെ ചായ്വ് കൂടുതൽ വലത്തോട്ടാണെങ്കിലും ഇടതുപക്ഷത്തിന് മണ്ഡലത്തിൽ ശക്തമായ അടിത്തറയുണ്ട്. 1965ൽ മഞ്ചേരി മണ്ഡലം വിഭജിച്ചാണ് നിലമ്പൂർ രൂപീകൃതമാകുന്നത്. മലപ്പുറം ജില്ല നിലവിൽ വരുന്നതിന് മുമ്പുള്ള മണ്ഡലം.
തൊഴിലാളി യൂനിയൻ നേതാവായ കെ. കുഞ്ഞാലിയുടെ നേതൃത്വത്തിൽ തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ച് കിഴക്കനേറനാട്ടിൽ നടത്തിയ വീറുറ്റ സമരങ്ങളാണ് നിലമ്പൂരിനെ കമ്യൂണിസ്റ്റ് പാർട്ടിക്ക് വളക്കൂറുള്ളതാക്കിയത്. മണ്ഡലം രൂപീകൃതമായ ശേഷം 1965ലും 67ലുമായി നടന്ന ആദ്യ രണ്ട് തെരഞ്ഞെടുപ്പുകളില്‍ കുഞ്ഞാലിയിലൂടെയാണ് മണ്ഡലം ചുവപ്പണിഞ്ഞത്. രണ്ട് തവണയും കുഞ്ഞാലിയോട് തോറ്റത് കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ്.
1969ല്‍ സിറ്റിങ് എം.എൽ.എ ആയിരിക്കെ, രാഷ്ട്രീയ സംഘർഷത്തിനിടെ കുഞ്ഞാലി വെടിയേറ്റ് മരിച്ചു. കുഞ്ഞാലി വധം കേരള രാഷ്ട്രീയത്തിൽ വൻ കോളിളക്കം സൃഷ്ടിച്ചെങ്കിലും 70ലെ ഉപതെരഞ്ഞെടുപ്പിലും തുടർന്ന് നടന്ന പൊതുതെരഞ്ഞെടുപ്പിലും നിലമ്പൂരിൽ ഇടതിന് വിജയമുണ്ടായില്ല. കുഞ്ഞാലി വധക്കേസിൽ പ്രതിയാക്കപ്പെട്ട് ആര്യാടൻ മുഹമ്മദ് ജയിലിലായപ്പോൾ പകരം സ്ഥാനാർഥിയായ കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ എം.പി. ഗംഗാധരനാണ് 1970 മാർച്ചിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ തെരഞ്ഞെടുക്കപ്പെട്ടത്.
ആറ് മാസത്തിന് ശേഷം നടന്ന പൊതുതെരഞ്ഞെടുപ്പിലും എം.പി. ഗംഗാധരൻ വിജയം ആവർത്തിച്ചു. 77ലാണ് ആര്യാടൻ മുഹമ്മദ് ആദ്യമായി നിലമ്പൂരിൽനിന്ന് വിജയിക്കുന്നത്. 80ലെ പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ആന്റണി പക്ഷം (കോൺഗ്രസ്-യു) ഇടതിനൊപ്പം ചേർന്നു. ആന്റണി പക്ഷക്കാരായ ആര്യാടൻ മുഹമ്മദ് പൊന്നാനിയിൽ നിന്ന് ലോക്സഭയിലേക്കും സി. ഹരിദാസ് നിലമ്പൂരിൽ നിന്ന് നിയമസഭയിലേക്കും മത്സരിച്ചു.
ആര്യാടൻ, ലീഗ് നേതാവ് ജി.എം. ബനാത്ത് വാലയോട് തോറ്റപ്പോൾ സി. ഹരിദാസ് നിലമ്പൂരിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് നേതാവ് ടി.കെ. ഹംസയെയാണ് സി. ഹരിദാസ് തോൽപ്പിച്ചത്. എന്നാൽ, ഹരിദാസ് നിയമസഭാംഗമായിരുന്നത് കേവലം പത്ത് ദിവസം മാത്രം. 80ൽ കോൺഗ്രസ്-യു പിന്തുണയോടെ അധികാരത്തിലേറിയ ഇ.കെ. നായനാർ മന്ത്രിസഭയിൽ അംഗമായ ആര്യാടൻ മുഹമ്മദിന് മത്സരിക്കാൻ സി. ഹരിദാസ് എം.എൽ.എ സ്ഥാനമൊഴിഞ്ഞു.
ഹരിദാസ് രാജിവെച്ച ഒഴിവിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനെ തോൽപ്പിച്ച് ആര്യാടൻ നിയമസഭാംഗമായി. രാഷ്ട്രീയരംഗം കീഴ്മേൽ മറിഞ്ഞ 82ലെ പൊതുതെരഞ്ഞെടുപ്പിൽ ടി.കെ. ഹംസ, കോൺഗ്രസ് വിട്ട് എൽ.ഡി.എഫ് സ്വതന്ത്രനായി. എതിരാളിയായ ആര്യാടനെ പൊരിഞ്ഞ പോരാട്ടത്തിൽ ടി.കെ. ഹംസ മലർത്തിയടിച്ചു. എന്നാല്‍, 87 മുതല്‍ കണ്ടത് യു.ഡി.എഫിന്റെ ജൈത്രയാത്രയാണ്. 87 മുതല്‍ 2011 വരെ ആറ് തെരഞ്ഞെടുപ്പുകളിൽ ആര്യാടൻ മുഹമ്മദ് എന്ന അതികായനിലൂടെ നിലമ്പൂര്‍ ത്രിവർണ പതാകയോടൊപ്പം നിന്നു. ദേവദാസ് പൊറ്റക്കാടും പി. ശ്രീരാമകൃഷ്ണനുമടക്കമുള്ള സി.പി.എം സ്ഥാനാർഥികളും എൽ.ഡി.എഫ് സ്വതന്ത്രരും ആര്യാടന് മുൻപിൽ പരാജിതരായി.
2016ൽ ആര്യാടൻ സജീവ രാഷ്ട്രീയം വിട്ടൊഴിഞ്ഞപ്പോൾ മകൻ ഷൗക്കത്ത് സ്ഥാനാർഥിയായെങ്കിലും ഇടത് സ്വതന്ത്രൻ പി.വി. അൻവറിന് മുൻപിൽ അടിതെറ്റി. 11,504 വോട്ടുകൾക്കാണ് ഷൗക്കത്ത് അൻവറിനോട് തോറ്റത്. അങ്ങനെ 29 വർഷത്തിനുശേഷം അൻവറിലൂടെ നിലമ്പൂരിൽ വീണ്ടും ചെങ്കൊടി പാറി. 2021ൽ മുൻ ഡി.സി.സി പ്രസിഡന്റ് വി.വി. പ്രകാശിനെ കോൺഗ്രസ് കളത്തിലിറക്കി. ഭൂരിപക്ഷം 2700ലേക്ക് കുറക്കാനായെങ്കിലും അൻവർ രണ്ടാംതവണയും നിയമസഭയിലെത്തി. സി.പി.എമ്മുമായി പിണങ്ങിയ അൻവർ എം.എൽ.എ സ്ഥാനം രാജിവെച്ചതാണ് അപ്രതീക്ഷിത ഉപതെരഞ്ഞെടുപ്പിലേക്ക് എത്തിച്ചിരിക്കുന്നത്. നിയമസഭയുടെ കാലാവധി തികയാൻ ഒരു വർഷം തികച്ചില്ലാത്ത വേളയിലാണ് കളമൊരുങ്ങുന്നത്. നിലമ്പൂരിൽ അഞ്ച് തവണ മാത്രമേ ഇടതിന് ചുവപ്പ് പടര്‍ത്താന്‍ കഴിഞ്ഞിട്ടുള്ളൂവെന്നത് ചരിത്രം.
മണ്ഡല പുനിർണയത്തിൽ ഇടതു-വലതു മുന്നണികൾ തമ്മിലുള്ള അന്തരം കുറഞ്ഞിട്ടുണ്ട്. മണ്ഡലം രൂപവത്കൃതമായ ശേഷമുള്ള മൂന്നാമത് ഉപതെരഞ്ഞെടുപ്പിനാണ് നിലമ്പൂർ വേദിയാകുന്നത്. മുമ്പ് നടന്ന രണ്ട് ഉപതെരഞ്ഞെടുപ്പുകളിലും യു.ഡി.എഫിനൊപ്പം നിന്നതാണ് മണ്ഡലത്തിന്റെ ചരിത്രം. ഇത്തവണ മണ്ഡലത്തിന്റെ മനസ് ഇടത്തോട്ടോ, വലത്തോട്ടോ എന്നറിയാൻ കാത്തിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.