തലശ്ശേരി: ബി.ജെ.പി പ്രവർത്തകൻ തലശേരി സ്വദേശി നിഖിലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ അഞ്ച് സി.പി.എം പ്രവർത്തകർക്ക് ജീവപര്യന്തം. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്.
വടക്കുമ്പാട് തെക്കേ കണ്ണോളി വീട്ടില്‍ കെ.ശ്രീജിത്ത്(39), നിട്ടൂര്‍ ഗുംട്ടിയിലെ ചാലില്‍ വീട്ടില്‍ വി.ബിനോയ്(31), ഗുംട്ടിക്കടുത്ത റസീന മന്‍സിലില്‍ കെ.പി മനാഫ്(42), വടക്കുമ്പാട് പോസ്‌റ്റാഫിസിന് സമീപം ജയരാജ് ഭവനില്‍ പി.പി സുനില്‍കുമാര്‍(51), ഗുംട്ടിയിലെ കളത്തില്‍ വീട്ടില്‍ സി.കെ മര്‍ഷൂദ് (34) എന്നിവർക്കാണ് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമം 143, 147, 148, 341, 302 റഡ് വിത്ത് 149 വകുപ്പ് പ്രകാരമാണ് ശിക്ഷ.
എട്ടു പ്രതികളുണ്ടായിരുന്ന കേസിൽ നിട്ടൂര്‍ ഗുംട്ടിയിലെ ഉമ്മലില്‍ യു. ഫിറോസ്, വടക്കുംമ്പാട് കൂളിബസാറിലെ നടുവിലോതിയില്‍ വത്സന്‍ വയനാല്‍ എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടു. എട്ടാം പ്രതി മൂലാന്‍ എം. ശശിധരന്‍ കേസ് വിചാരണക്കിടയില്‍ മരിച്ചു. 67 രേഖകളും 16 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കി.
തലശ്ശേരിയില്‍ സി.പി.എം- ബി.ജെ.പി. സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട 2008 മാര്‍ച്ച് അഞ്ചിന് വൈകിട്ട് വടക്കുമ്പാട് കൂളിബസാറിനടുത്തുവെച്ച് പാറക്കണ്ടി നിഖിലി(22)നെ ലോറിയില്‍ നിന്നു പിടിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ജോലി കഴിഞ്ഞ് ലോറിയില്‍ വീട്ടിലേക്കു പോവുകയായിരുന്നു നിഖില്‍.
തലശ്ശേരി സി.ഐ. ആയിരുന്ന നിലവിലെ ഡിവൈ.എസ് പി യു. പ്രേമനാണ് കേസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. 44 സാക്ഷികളില്‍ 16 പേര്‍ വിചാരണക്കിടയില്‍ കൂറുമാറിയിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ ഡിസ്‌ട്രിക്‌ട് ഗവ. പ്ലീഡര്‍ അഡ്വ. വി.ജെ മാത്യുവും പ്രോസിക്യൂഷനെ സഹായിക്കാന്‍ അഡ്വ. അംബികാസുതനും പ്രതികള്‍ക്ക് വേണ്ടി അഡ്വ. ജി.പി. ഗോപാല കൃഷ്‌ണനും ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.