കനകമല യോഗം: അന്വേഷണം പൂര്‍ത്തിയാക്കാന്‍ 90 ദിവസംകൂടി അനുവദിച്ചു

കൊച്ചി: കണ്ണൂരിലെ മേക്കുന്ന് കനകമലയില്‍ ഐ.എസിന്‍െറ രഹസ്യയോഗം നടത്തിയെന്ന കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് കോടതി 90ദിവസംകൂടി അനുവദിച്ചു.
ഒക്ടോബറില്‍ തുടങ്ങിയ അന്വേഷണം 90 ദിവസം പിന്നിട്ടിട്ടും പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കൂടുതല്‍ സമയം തേടി എന്‍.ഐ.എ നല്‍കിയ അപേക്ഷയിലാണ് എറണാകുളം പ്രത്യേക കോടതിയുടെ ഉത്തരവ്.

അന്വേഷണം പൂര്‍ത്തിയാക്കാനുള്ള സമയപരിധി കേസ് രജിസ്റ്റര്‍ ചെയ്തതുമുതല്‍ 180 ദിവസമാക്കിയാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. മറ്റുകേസുകളില്‍ 90 ദിവസത്തിനകം കുറ്റപത്രം നല്‍കേണ്ടതെങ്കിലും യു.എ.പി.എ ചുമത്തപ്പെട്ട കേസുകളില്‍ 180 ദിവസമാണ് ഇതിന് അന്വേഷണ ഏജന്‍സിക്ക് നല്‍കുന്നത്. എന്നാല്‍, 90 ദിവസം പൂര്‍ത്തിയായാല്‍ 180 ദിവസമായി സമയപരിധി ഉയര്‍ത്താന്‍ അന്വേഷണ ഏജന്‍സി അപേക്ഷ സമര്‍പ്പിക്കണം. ഇല്ളെങ്കില്‍ പ്രതികള്‍ക്ക് ജാമ്യത്തിന് അര്‍ഹതയാകും.

കഴിഞ്ഞ ഒക്ടോബര്‍ ആദ്യമാണ് ഒന്ന്, രണ്ട്, മൂന്ന്, നാല്, ഒമ്പത്, 10 പ്രതികളായ കണ്ണൂര്‍ അണിയാരം മദീന മഹലില്‍ മുത്തക്ക, ഒമര്‍ അല്‍ ഹിന്ദി എന്നീ പേരുകളിലറിയപ്പെടുന്ന മന്‍സീദ് (30), ചെന്നൈയില്‍ താമസിക്കുന്ന തൃശൂര്‍ ചേലക്കര വേങ്ങല്ലൂര്‍ അമ്പലത്ത് വീട്ടില്‍ അബൂഹസ്ന എന്ന സാലിഹ് മുഹമ്മദ് (26), കോയമ്പത്തൂര്‍ ജി.എം സ്ട്രീറ്റില്‍ റാഷിദ് എന്ന അബു ബഷീര്‍ (29), കോഴിക്കോട് കുറ്റ്യാടി നങ്ങീലന്‍കുടിയില്‍ ആമു എന്ന റംഷാദ് (24), മലപ്പുറം തിരൂര്‍ പൊന്‍മുണ്ടം പൂക്കാട്ടില്‍ വീട്ടില്‍ പി. സഫ്വാന്‍ (30), കുറ്റ്യാടി നങ്ങീലംകണ്ടിയില്‍ എന്‍.കെ. ജാസിം (25) എന്നിവരെ കനകമലയില്‍നിന്ന് എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. പിന്നാലെ ഇവരുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി 11ാം പ്രതി  തൊടുപുഴ മാര്‍ക്കറ്റ് റോഡ് മാളിയേക്കല്‍ വീട്ടില്‍ സുബ്ഹാനി ഹാജാ മൊയ്തീനെ (31) ചെന്നൈയില്‍നിന്നും അറസ്റ്റ് ചെയ്തിരുന്നു.

അറസ്റ്റിലായതുമുതല്‍ ഇവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. രണ്ട് രാഷ്ട്രീയനേതാക്കള്‍, രണ്ട് ഹൈകോടതി ജഡ്ജിമാര്‍, ഒരുപൊലീസ് ഉദ്യോഗസ്ഥന്‍, ഏഴ് സ്ഥാപനങ്ങള്‍ എന്നിവക്കുനേരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ടെന്ന് ആരോപിച്ചാണ് ഇവരെ എന്‍.ഐ.എ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - NIA in Kanakamala meeting case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.