ആധാറിലെ വിലാസം പുതുക്കാൻ പുതുവഴി

ന്യൂഡല്‍ഹി: ആധാര്‍ ഉടമകള്‍ക്ക് ഓണ്‍ലൈന്‍ വഴി വിലാസം പുതുക്കാം. കുടുംബനാഥന്റെയോ നാഥയുടെയോ അനുമതിയോടെ വിലാസം പുതുക്കാനാകുമെന്ന് യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി അറിയിച്ചു. താമസം മാറിയ ആധാര്‍ ഉടമകള്‍ക്ക് ഇത് ഉപകാരപ്രദമാകും. കുടുംബനാഥനും അപേക്ഷകനും തമ്മിലെ ബന്ധം തെളിയിക്കാൻ ഇരുവരുടേയും പേരുള്ള റേഷന്‍ കാര്‍ഡ്, മാര്‍ക്ക് ലിസ്റ്റ്, വിവാഹ സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് തുടങ്ങിയ രേഖകളില്‍ ഏതെങ്കിലും ഹാജരാക്കണം. കുടുംബനാഥന് ലഭിക്കുന്ന ഒ.ടി.പിയും വേണം. ഇത്തരം രേഖകള്‍ ഇല്ലെങ്കിൽ കുടുംബനാഥനോ നാഥയോ നിശ്ചിത മാതൃകയിലുള്ള സത്യവാങ്മൂലം സമര്‍പ്പിച്ചാൽ മതി. സ്വന്തം പേരിൽ രേഖകൾ ഇല്ലാത്ത കുട്ടികൾ, പങ്കാളി, മാതാപിതാക്കൾ തുടങ്ങിയവർക്ക് ഇതു സഹായകമാകും. 18 വയസ്സിന് മുകളില്‍ പ്രായമുള്ള ആർക്കും കുടുംബനാഥന്‍, നാഥയുടെ സ്ഥാനം ഏറ്റെടുക്കാം.

എങ്ങനെ പുതുക്കാം

മൈ ആധാർ (https://myaadhaar.uidai.gov.in/) എന്ന പോർട്ടലിൽ കയറുക. കുടുംബനാഥന്‍ അല്ലെങ്കിൽ നാഥയുടെ ആധാര്‍ നമ്പര്‍ നല്‍കുക. സാധുവായ ആധാര്‍ നമ്പര്‍ നല്‍കിക്കഴിഞ്ഞാല്‍ ബന്ധം തെളിയിക്കുന്നതിനുള്ള രേഖ അപ് ലോഡ് ചെയ്യാം. ഈ സേവനത്തിനായി 50 രൂപ ഫീസ് നല്‍കണം. ഫീസ് ഒടുക്കിക്കഴിഞ്ഞാല്‍ ഒരു സര്‍വിസ് റിക്വസ്റ്റ് നമ്പർ (എസ്.ആർ.എൻ) അപേക്ഷകനും ഒരു എസ്.എം.എസ് കുടുംബനാഥനോ നാഥക്കോ ലഭിക്കും.

ഇതു ലഭിച്ച് 30 ദിവസത്തിനകം കുടുംബനാഥനോ നാഥയോ മൈ ആധാര്‍ സൈറ്റിൽ കയറി സമ്മതം നൽകണം. ഇതിനുശേഷം വിലാസം പുതുക്കുന്ന പ്രക്രിയ ആരംഭിക്കും. അനുമതി ലഭിച്ചില്ലെങ്കില്‍ അപേക്ഷ അസാധുവാകും. ഇത് അപേക്ഷകന് എസ്.എം.സിലൂടെ ലഭിക്കും. അപേക്ഷ തള്ളിയാൽ ഫീസ് തിരികെനൽകില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

Tags:    
News Summary - New way to update address in Aadhaar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.