പ്രതീകാത്മക ചിത്രം
കൊച്ചി: രാജ്യത്തെ മാവോവാദി ഭീഷണി സംബന്ധിച്ച വിവരാവകാശ അപേക്ഷയിൽ പൂർണ വിവരം നൽകാതെ കേന്ദ്രം. കൊല്ലപ്പെട്ട മാവോവാദികളുടെ എണ്ണം സംബന്ധിച്ചാണ് മറുപടി നൽകാതിരിക്കുന്നത്. അതേസമയം, മാവോവാദി എന്ന പ്രയോഗത്തിനു പകരം ഇടതുപക്ഷ തീവ്രവാദം(ലെഫ്റ്റ് വിങ് എക്സ്ട്രീമിസം) എന്ന പദപ്രയോഗമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉപയോഗിച്ചിരിക്കുന്നത്.
രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ കഴിഞ്ഞ പത്തു വർഷത്തിനിടെ കീഴടങ്ങിയത് 8722 മാവോവാദികളാണ്. ഛത്തീസ്ഗഢ് ആണ് ഇതിൽ മുന്നിൽ 6193 പേർ. തെലങ്കാന-770, ആന്ധ്രപ്രദേശ്-770, മഹാരാഷ്ട്ര-305 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ കണക്ക്. കേരളത്തിൽ രണ്ടു പേരാണ് കീഴടങ്ങിയത്. ഈ കാലയളവിൽ മാവോവാദി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് 509 സുരക്ഷാ ഉദ്യോഗസ്ഥരാണ്. ഛത്തീസ്ഗഢിൽ മാത്രം 381 പേർ കൊല്ലപ്പെട്ടു.
ഝാർഖണ്ഡ്-60, മഹാരാഷ്ട്ര-28 എന്നിങ്ങനെയും ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ആക്രമണങ്ങളുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട പൊതുജനങ്ങളുടെ എണ്ണം 1511 ആണ്. ഛത്തീസ്ഗഢിൽ -748. ഝാർഖണ്ഡിൽ 373, ഒഡിഷ- 115, മഹാരാഷ്ട്ര- 111 എന്നിങ്ങനെയാണ് ജീവൻ നഷ്ടമായവരുടെ കണക്ക്. മന്ത്രാലയത്തിനു കീഴിലെ ലെഫ്റ്റ് വിങ് എക്സ്ട്രീമിസം ഡിവിഷനിൽ നിന്ന് വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലക്കാണ് ഇതു സംബന്ധിച്ച മറുപടി ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.