തിരുവനന്തപുരം: വനിത ശിശുസംരക്ഷണ പദ്ധതികൾ ഉൾപ്പെടെ അടുത്ത സാമ്പത്തികവർഷത്തേക്ക് ആവശ്യമായ കാര്യങ്ങളുടെ രൂപരേഖ തയാറാക്കി ജൂലൈ 30ന് മുമ്പ് സമർപ്പിക്കാൻ ഡി.ജി.പിയുടെ നിർദേശം. സമയപരിധിക്ക് ശേഷം ലഭിക്കുന്ന നിർദേശങ്ങൾ സ്വീകരിക്കില്ല എന്ന മുന്നറിയിപ്പോടെ ജൂലൈ 21നാണ് സർക്കുലർ അയച്ചത്.
വനിത ശിശു സംരക്ഷണ പദ്ധതികളോടൊപ്പം സാങ്കേതികതയുടെ നവീകരണം, അടിസ്ഥാന സൗകര്യങ്ങളുടെ ശക്തിപ്പെടുത്തൽ എന്നിവക്ക് ഊന്നൽ നൽകണം. തുടരുന്ന പ്രവൃത്തികൾ പൂർത്തീകരിക്കണം. നിർമാണപ്രവർത്തനങ്ങൾക്കാവശ്യമായ വിഭവസമാഹരണം നടത്തണം. സംസ്ഥാന പദ്ധതി നിർദേശത്തിൽ നൂതന ആശയങ്ങളും പദ്ധതികളും ഉൾപ്പെടുത്തണം. തീരുമാനങ്ങൾ എടുക്കുന്നതിൽ കേന്ദ്രീകൃത സമീപനം വേണമെന്നും ഒരിക്കൽ എടുത്ത തീരുമാനങ്ങളിൽനിന്ന് പിന്മാറരുതെന്നും യൂനിറ്റ് മേധാവികളോട് പ്രത്യേകം നിർദേശിക്കുന്നു. കൺട്രോളിങ് ഓഫിസർമാർ കീഴിലുള്ള ഓഫിസുകളിൽനിന്ന് ലഭിക്കുന്ന നിർദേശങ്ങൾ ക്രോഡീകരിച്ച് മുൻഗണനാക്രമത്തിൽ പൊലീസ് ആസ്ഥാനത്തേക്ക് അയക്കണം.
നിർമാണത്തിനായി ഉദ്ദേശിച്ചിട്ടുള്ളതിൽ, ഇതിനകം ആരംഭിച്ച പദ്ധതികൾ പൂർത്തിയാക്കുകയും പുതിയ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും വേണം. നേരേത്ത സമർപ്പിച്ചതും പ്ലാനിൽ ഉൾപ്പെടുത്താത്തതുമായ നിർദേശങ്ങൾക്ക് മുൻഗണന നൽകാം. സ്കീമുകളുടെ അംഗീകാരത്തിനുശേഷം എസ്റ്റിമേറ്റ് തയാറാക്കുന്നതിലെ താമസം ഒഴിവാക്കുന്നതിന് പ്രാരംഭഘട്ടത്തിൽതന്നെ കൺട്രോളിങ് ഓഫിസർമാർ നിർദേശങ്ങൾ എസ്റ്റിമേറ്റ് സഹിതം പ്രൈസ് സോഫ്റ്റ്വെയറിൽ സമർപ്പിക്കണമെന്നും സർക്കുലർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.