കരിപ്പൂർ: പുതിയ ഹജ്ജ് നയത്തിന്‍റെ കരട് തയാറായി. വിലയിരുത്തലുകളും പരിശോധനകളും കഴിഞ്ഞ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്‍റെ അംഗീകാരം ലഭിച്ചതിന് ശേഷമായിരിക്കും അന്തിമ നയം പ്രസിദ്ധീകരിക്കുക. നവംബറിൽ ന്യൂനപക്ഷ ക്ഷേമവകുപ്പിന്‍റെ ചുമതലയുള്ള കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ നയം തയാറാക്കുന്നതിനുള്ള നടപടി സ്വീകരിച്ചത്. ഇതിന് മുന്നോടിയായി വിവിധ സംസ്ഥാന ഹജ്ജ് കമ്മിറ്റികളിൽനിന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി നിർദേശം ക്ഷണിച്ചിരുന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റികളുടെ നിർദേശങ്ങൾ ക്രോഡീകരിച്ചാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി കരട് തയാറാക്കിയിരിക്കുന്നത്. ഒരാഴ്ചക്കകം അന്തിമ നയം തയാറാക്കി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന് കൈമാറാനാണ് ശ്രമം. മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ച് നയം പ്രസിദ്ധീകരിച്ച ശേഷമായിരിക്കും ഹജ്ജ് അപേക്ഷ ക്ഷണിക്കുന്നതടക്കമുള്ള നടപടികൾ ആരംഭിക്കുക.
ഓരോ അഞ്ച് വർഷത്തേക്കാണ് നയം തയാറാക്കാറുള്ളത്. ഇക്കുറി അപേക്ഷയിലടക്കം മാറ്റങ്ങളുണ്ടാകാനാണ് സാധ്യത. 2018ൽ രൂപവത്കരിച്ച നയമനുസരിച്ച് ഇന്ത്യക്ക് അനുവദിച്ച ക്വോട്ടയിൽ 70 ശതമാനം കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കും 30 ശതമാനം സ്വകാര്യ ഗ്രൂപ്പുകൾക്കുമാണ്.
ഇക്കുറി നിലവിലുള്ള അനുപാതം തുടരാനാണ് സാധ്യത. സംസ്ഥാന കമ്മിറ്റിക്കും സ്വകാര്യ ഗ്രൂപ്പുകൾക്കുമുള്ള ക്വോട്ട 85:15 എന്ന അനുപാതത്തിലാക്കുക, പാസ്പോർട്ട് സ്കാൻ ചെയ്ത് അയക്കാൻ നടപടി സ്വീകരിക്കുക, മക്ക, മദീന താമസവേളയിൽ ഭക്ഷണം, താമസ സൗകര്യം മുതലായവയിൽ സംസ്ഥാന താൽപര്യം പരിഗണിക്കുക, കോഴിക്കോട് വിമാനത്താവളം ഹജ്ജ് പുറപ്പെടൽ കേന്ദ്രമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി സമർപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.