രോഗതീവ്രതയനുസരിച്ച് മികച്ച ചികിത്സ; കോവിഡ് ഡിസ്ചാര്‍ജിന് പുതിയ മാർഗരേഖ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്നതിനുള്ള മാര്‍ഗരേഖ ആരോഗ്യവകുപ്പ് പുതുക്കി. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ രോഗതീവ്രതയനുസരിച്ച് മികച്ച ചികിത്സ ഉറപ്പുവരുത്തുന്നതിനാണിത്. നേരത്തേയുള്ളതുപോലെ വിവിധ കാറ്റഗറികളായി തിരിച്ചാണ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുക.
എല്ലാ വിഭാഗത്തിലുള്ള രോഗികളും ഡിസ്ചാര്‍ജ് ചെയ്തശേഷം ഏഴുദിവസം ക്വാറൻറീനില്‍ കഴിയണം. അനാവശ്യ യാത്രകളും സമൂഹവുമായുള്ള ഇടപെടലും കുടുംബ സന്ദര്‍ശനങ്ങളും വിവാഹം ഉള്‍പ്പെടെ പൊതുചടങ്ങുകളുമെല്ലാം നിര്‍ബന്ധമായും ഒഴിവാക്കണം.
ലക്ഷണങ്ങളില്ലാത്ത രോഗികൾ
ലക്ഷണമില്ലാത്ത രോഗികളെ ആദ്യ പോസിറ്റിവായി പത്താമത്തെ ദിവസം റാപ്പിഡ് ആൻറിജന്‍ ടെസ്റ്റ് നടത്തണം. നെഗറ്റിവായാല്‍ ഡിസ്ചാര്‍ജ് ചെയ്യാം. പോസിറ്റിവായാല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ആൻറിജന്‍ നടത്തി നെഗറ്റിവായാല്‍ ഡിസ്ചാര്‍ജ് ചെയ്യും.
നേരിയ, ഇടത്തരം ലക്ഷണങ്ങളുള്ളവർ
കാറ്റഗറി എ, ബി (നേരിയ, ഇടത്തരം ലക്ഷണങ്ങൾ) വിഭാഗങ്ങളിലെ രോഗികളെ പോസിറ്റിവായി 10 ദിവസം കഴിഞ്ഞ് രോഗലക്ഷണങ്ങളില്ലെങ്കില്‍ ആൻറിജന്‍ ടെസ്റ്റ് നടത്തും. ലക്ഷണങ്ങൾ തുടർന്നാൽ, ഇവ വിട്ടുമാറി ഒരുദിവസത്തതിനുശേഷം പരിശോധന നടത്താം.
ഫലം നെഗറ്റിവ് ആകുകയും മൂന്നുദിവസം രോഗലക്ഷണം ഇല്ലാതിരിക്കുകയും ചെയ്താല്‍ ഡിസ്ചാര്‍ജ് ചെയ്യും. പോസിറ്റിവായി തുടർന്നാല്‍ ഒന്നിടവിട്ട ദിവസം ടെസ്റ്റ് നടത്തി നെഗറ്റിവ് ആകുമ്പോള്‍ ഡിസ്ചാര്‍ജാക്കാം. ഡിസ്ചാര്‍ജ് സമയത്ത് രോഗിയുടെ ആരോഗ്യനില തൃപ്തികരമായിരിക്കണം.
ഗുരുതര രോഗികൾ
കാറ്റഗറി സിയില്‍ അഥവാ ഗുരുതര കോവിഡ് രോഗമുള്ളവുള്ളവരെ ആദ്യ പോസിറ്റിവായി പതിനാലാമത്തെ ദിവസത്തിനുശേഷം റാപ്പിഡ് ടെസ്റ്റ് നടത്തും.
നെഗറ്റിവാകുകയും മൂന്നുദിവസം രോഗലക്ഷണങ്ങളില്ലാതെ ആരോഗ്യനില തൃപ്തികരമാകുകയും ചെയ്യുമ്പോള്‍ ഡിസ്ചാര്‍ജ് ചെയ്യാം. പോസിറ്റിവായാല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ആൻറിജന്‍ ടെസ്റ്റ് നടത്തും. നെഗറ്റിവായാല്‍ ഡിസ്ചാര്‍ജ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.