വ്യാജ ഒപ്പ് വിവാദം: രേഖകൾ ഫോറൻസിക് പരിശോധനക്ക് നൽകുന്നതിന് നീക്കം
തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിലായ ബി.ജെ.പി കൗൺസിലർ ആർ. സുഗതന്റെ വ്യാജ ഒപ്പ് ആരോപണത്തിൽ പൊലീസ് ഇന്ന് കേസെടുക്കും. രേഖകൾ ഫോറൻസിക് പരിശോധനക്ക് നൽകുന്നതിനാണ് കേസ്. ആരെയും പ്രതി ചേർക്കാതെയാവും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുക. കാപ്പാ കേസിൽ സുഗതൻ ഒളിവിൽ കഴിയുമ്പോൾ ഫെബ്രുവരി 26, മാർച്ച് 11, ഏപ്രിൽ 27 തിയ്യതികളിലെ കൗൺസിലിൽ പങ്കെടുത്തതായുള്ള രജിസ്റ്ററിലെ ഒപ്പ് വ്യാജമെന്നാണ് എൽ.ഡി.എഫ് പരാതി.
കോൺഗ്രസും ഈ ആരോപണം ഏറ്റെടുത്തിട്ടുണ്ട്. എന്നാൽ, വ്യാജ ഒപ്പ് ആക്ഷേപം തള്ളുകയാണ് ബി.ജെ.പി. പൊലീസിന് നൽകിയ പരാതിയിൽ ഫോറൻസിക് പരിശോധന നടത്താനാണ് നീക്കം. പരാതി ഉയർന്ന ദിവസങ്ങളിലെ കൗൺസിലിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കും. ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും. പരാതി തെളിഞ്ഞാൽ സുഗതന് മാത്രമല്ല മേയർക്കും പ്രശ്നമാണ്. മേയറുടെ ഓഫിസിലാണ് ഹാജർ ബുക്ക് സൂക്ഷിക്കുന്നത്.
മ്യൂസിയം എസ്.എച്ച്.ഒയുടെ നേതൃത്വത്തിലാണ് അന്വേഷണം. എൽ.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എസ്.പി ദീപകാണ് വ്യാജ ഒപ്പ് ഇട്ടെന്ന പരാതി സിറ്റി പൊലീസ് കമീഷണര്‍ക്ക് നൽകിയത്. സുഗതന്റെ ഒപ്പ് പൂര്‍ണമായും വ്യാജമാണെന്ന് എസ്.പി ദീപക്ക് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് അഫിഡവിറ്റിലും രജിസ്റ്ററിലും ഒപ്പിട്ടിരിക്കുന്ന രീതികള്‍ തമ്മില്‍ പ്രകടമായ വ്യത്യാസങ്ങളുണ്ടെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്. ഒളിവില്‍ കഴിഞ്ഞിരുന്ന സമയത്ത് സുഗതന്‍ കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുത്തിരുന്നില്ല.
നഗരസഭയില്‍ കോണ്‍ഗ്രസ് നേതാവ് ശബരിനാഥ് ഹാജർ രജിസ്റ്റര്‍ ഉയര്‍ത്തിക്കാണിച്ചപ്പോള്‍ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ആക്രമണം അഴിച്ചുവിട്ടത്, ആ രജിസ്റ്ററില്‍ അവര്‍ക്ക് ഒളിപ്പിക്കാന്‍ എന്തോ ഉണ്ട് എന്നതിന്റെ തെളിവാണെന്നും ദീപക്ക് ആരോപിച്ചു. കൗണ്‍സിലര്‍ സ്ഥാനം നഷ്ടപ്പെടാതിരിക്കാന്‍ മേയര്‍ വി.വി. രാജേഷിന്റെ ഓഫിസ് കേന്ദ്രീകരിച്ചാണ് ക്രമക്കേട് നടന്നതെന്നാണ് സി.പി.എമ്മിന്റെ ആരോപണം. തുടര്‍ച്ചയായി മൂന്ന് യോഗങ്ങളില്‍ സുഗതന്‍ പങ്കെടുത്തതായി രേഖപ്പെടുത്തിയ രജിസ്റ്ററിന്റെ വിവരാവകാശ രേഖകള്‍ ഉള്‍പ്പെടുത്തിയാണ് പരാതി നല്‍കിയിരിക്കുന്നത്.
ഭരണം നിലനിർത്താൻ ക്രമക്കേട് നടത്തിയ ഭരണസമിതിയെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുമെന്നും എല്‍ഡി.എഫ് അറിയിച്ചു. അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാറിന് പരാതി നല്‍കിയിട്ടുണ്ട്. മുമ്പും സി.പി.എം സമാന ആരോപണം ഉന്നയിച്ചിരുന്നെങ്കിലും ഇപ്പോള്‍ വിവരാവകാശ രേഖ കൂടി ലഭിച്ച സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമാക്കാനും പരാതി നല്‍കാനുമുള്ള തീരുമാനത്തിലെത്തിയത്.
കഴിഞ്ഞ ദിവസം ആര്‍. ശ്രീലേഖ രാജിക്കത്ത് കൈമാറി എന്ന വിവാദം പുറത്തുവന്നതിന് പിന്നാലെയാണ് സുഗതന്റെ ഹാജറുമായി ബന്ധപ്പെട്ട വിഷയം വീണ്ടും ചര്‍ച്ചയായത്. സ്വതന്ത്രന്റെ പിന്തുണയോടെയാണ് കേവല ഭൂരിപക്ഷത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബി.ജെ.പി ഭരണം നിലനില്‍ക്കുന്നത്. ആകെയുള്ള 101 സീറ്റുകളില്‍ 50 ഇടങ്ങളില്‍ മാത്രമാണ് ബി.ജെ.പിക്ക് പ്രതിനിധികളുള്ളത്. പാറ്റൂര്‍ രാധാകൃഷ്ണന്റെ പിന്തുണയോടെയാണ് നിലവിൽ കേവല ഭൂരിപക്ഷം തികച്ചിരിക്കുന്നത്. അതിനാൽ ശ്രീലേഖ കൂടി രാജി വെച്ചാല്‍ ബി.ജെ.പിക്ക് വലിയ പ്രതിസന്ധി ഉണ്ടാകും. ഈ സാഹചര്യം മുതലെടുത്താണ് സി.പി.എം സുഗതന്റെ ഹാജര്‍ ക്രമക്കേട് വീണ്ടും സജീവമായി ഉന്നയിക്കുന്നത്. വരും ദിവസങ്ങളിലും ഈ വിഷയം രാഷ്ട്രീയ ചര്‍ച്ചയാക്കി നിര്‍ത്താനാണ് സി.പി.എമ്മിന്റെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.