ചിറ്റാർ/നെന്മാറ/ തൊടുപുഴ: കിഴക്കൻ മേഖലയിൽ കഴിഞ്ഞദിവസങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ നാലുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. മണ്ണ് നീക്കിയാണ് കണ്ടെടുത്തത്. വയ്യാറ്റുപുഴ കുളങ്ങര വാലിയിൽ മണ്ണിൽ വീട്ടിൽ രാജൻ, ഭാര്യ രമണി എന്നിവരും മുണ്ടൻപാറയിൽ ഉരുൾപൊട്ടലിൽ കാണാതായ അറക്കവിലാസം സുരേന്ദ്രെൻറ ഭാര്യ രാജമ്മ (55), അയൽവാസിയായ ചരുവിൽ പ്രമോദ് (35) എന്നിവരുടെ മൃതദേഹമാണ് വെള്ളിയാഴ്ച രാവിലെ 11ഒാടെ കണ്ടെടുത്തത്. നെന്മാറ പോത്തുണ്ടിക്ക് സമീപം ചേരിൻകാടും മണ്ണാർക്കാട് താലൂക്കിലെ കോട്ടോപാടത്തും വ്യാഴാഴ്ചയുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരിൽ മൂന്നുപേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ ജില്ലയിൽ രണ്ടിടത്തെ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 11 ആയി.
ചേരിൻകാട് ഉരുൾപൊട്ടലിൽ മരിച്ച അനിതയുടെയും മുടപ്പല്ലൂർ സ്വദേശി അനിലിെൻറയും മകളായ ആത്മികയുടെയും (മൂന്ന്) ചേരിൻകാട് സുന്ദരൻ-സുജാത ദമ്പതികളുടെ മകൻ സുധിെൻറയും (17) മൃതദേഹമാണ് കണ്ടെടുത്തത്. നേരേത്ത കണ്ടെടുത്ത അനിത, സഹോദരൻ അഭിജിത്, മകൾ ആത്മിക എന്നിവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബവീടായ കയറാടി പയ്യാംകോട് എത്തിച്ച് വക്കാവ് ശ്മശാനത്തിൽ സംസ്കരിച്ചു. ചേരിൻകാട് ഉരുൾപൊട്ടലിൽ ഇനി ഒരാളെകൂടി കണ്ടെടുക്കാനുണ്ട്. കോട്ടോപ്പാടത്തുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ കരടിയോട് തമ്പിയുടെ ഭാര്യ ചാത്തിയുടെ മൃതദേഹവും കണ്ടെടുത്തു. തമ്പിയുടെ മൃതദേഹം വ്യാഴാഴ്ച കണ്ടെടുത്തിരുന്നു. ഇവരുടെ പേരക്കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിലിലാണ് രക്ഷാപ്രവര്‍ത്തകര്‍.
മഴെക്കടുതിയിൽ ഇടുക്കിയിൽ വെള്ളിയാഴ്ച ജീവൻ നഷ്ടമായത് നാലുപേർക്ക്. വണ്ടിപ്പെരിയാർ, മുട്ടം, മൂലമറ്റം എന്നിവിടങ്ങളിലാണ് ദുരന്തമുണ്ടായത്. മ്ലാമല എടത്തരക്കാരിൽ തങ്കമ്മ ജോർജ് (54), മൂലമറ്റം സ്വദേശി വടക്കേമുറി ദേവസ്യാച്ചൻ, മുട്ടം കൊല്ലംകുന്ന് കഴുമറ്റത്തിൽ അനിൽകുമാർ എന്നിവരാണ് മരിച്ചത്. ഏലപ്പാറ ചപ്പാത്തിലെ പാലത്തിൽ കുടുങ്ങിയ നിലയിൽ ഒരാളുടെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. വണ്ടിപ്പെരിയാറിൽ വെള്ളത്തിൽ വീണ് മരിക്കുകയായിരുന്നു മ്ലാമല എടത്തരക്കാരിൽ തങ്കമ്മ. ഉരുൾപൊട്ടലിലാണ് മുട്ടം കഴുമറ്റത്തിൽ അനിൽ മരിച്ചത്. മൃതദേഹം കണ്ടെടുത്തു. വീട് തകർന്നതിെൻറ മനോവിഷമത്തിലാണ് മൂലമറ്റം സ്വദേശി വടക്കേമുറി ദേവസ്യാച്ചൻ മരിച്ചത്. ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ചെങ്കിലും തിരികെ പോവുകയായിരുന്നു. വീടുതകർന്നതോടെ ദുഃഖിതനായിരുന്ന ദേവസ്യാച്ചൻ ഹൃദയാഘാതം മൂലം മരിച്ചതായാണ് സൂചന. ഇതോടെ ഒരാഴ്ചക്കിടെ ജില്ലയിൽ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 41 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.