കോഴിക്കോട്: മെഡിക്കൽ, ഡെൻറല്‍ പ്രവേശനത്തിനായി ദേശീയതലത്തിൽ നടത്തുന്ന പ്രവേശന പരീക്ഷ (നീറ്റ്) കോഴിക്കോട് കേന്ദ്രത്തിൽ 30,000ത്തിലേറെ പേർ എഴുതി. ജില്ലയിലും അയൽജില്ലകളിലുമുൾപ്പടെ 61 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളില്‍നിന്നുള്ള വിദ്യാർഥികളും കോഴിക്കോട് പരീക്ഷകേന്ദ്രമായി തെരഞ്ഞെടുത്ത തെക്കൻ ജില്ലകളിൽനിന്നുള്ളവരുമാണ് ഇവിടങ്ങളിൽ പരീക്ഷയെഴുതിയത്.
കോഴിക്കോട് കേന്ദ്രത്തിൽ രണ്ട് കോഒാഡിനേറ്റർമാരുടെ കീഴിൽ വിഭജിച്ചാണ് പരീക്ഷ നടത്തിയത്. രാവിലെ 10 മുതൽ ഒന്നു വരെ നടന്ന പരീക്ഷക്കായി രാവിലെ ഏഴിനുമുമ്പുതന്നെ കുട്ടികളും രക്ഷിതാക്കളും എത്തി. ഏഴര, എട്ടര എന്നിങ്ങനെ രണ്ടു ഘട്ടങ്ങളായാണ് പരീക്ഷക്കെത്തിയവരെ പരിശോധിച്ചത്. പരീക്ഷകേന്ദ്രങ്ങളിൽ മെറ്റൽ ഡിറ്റക്ടർ ഉൾെപ്പടെ കനത്ത സുരക്ഷ സംവിധാനങ്ങൾ ഒരുക്കിയിരുന്നു.
‘ഹൈടെക് കോപ്പിയടി’ കണക്കിലെടുത്ത് ആധുനികരീതിയിലുള്ള പരിശോധനകളാണ് നടത്തിയത്. ആഭരണങ്ങൾ, വാച്ച് തുടങ്ങിയ അഴിപ്പിക്കുകയും, ശിരോവസ്ത്രമഴിച്ച് ചെവിയുൾപ്പടെ പരിശോധിക്കുകയും ചെയ്തു. ഗേറ്റിൽനിന്ന് സർട്ടിഫിക്കറ്റുകൾ പരിശോധിച്ചതിനുശേഷം അകത്തുവെച്ചായിരുന്നു വിശദ പരിശോധന. വനിതകളുൾെപ്പടെ പൊലീസുകാരും പരീക്ഷകേന്ദ്രങ്ങളിൽ നിലയുറപ്പിച്ചു.
കോപ്പിയടിയും ആൾമാറാട്ടവും തടയാനും കൗൺസലിങ്ങിെൻറ സമയത്ത് പുനഃപരിശോധന നടത്തുന്നതിനുമായി കുട്ടികളെ വിഡിയോയിൽ പകർത്തി. പരീക്ഷ എഴുതുന്ന ഓരോ കുട്ടിയുടെയും മുഖവും റോൾനമ്പറുമുൾെപ്പടെയാണ് പകർത്തിയത്. ഇതിനായി രണ്ടും മൂന്നും വിഡിയോഗ്രാഫർമാർ ഓരോ കേന്ദ്രങ്ങളിലുമുണ്ടായിരുന്നു. പരീക്ഷ പൊതവെ എളുപ്പമായിരുന്നുവെന്ന് വിദ്യാർഥികൾ പറഞ്ഞു.
അയൽ ജില്ലകളിൽനിന്നുൾെപ്പടെയുള്ള വിദ്യാർഥികളിൽ ഏറെപ്പേരും രക്ഷിതാക്കളോടൊപ്പം കാറിൽ വന്നതിനാൽ നഗരത്തിൽ കടുത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പലയിടത്തും ഏറെനേരം ഗതാഗതം സ്തംഭിച്ചു. പോസ്റ്റൽ അസിസ്റ്റൻറ് തസ്തികയിലേക്കുള്ള പി.എസ്.സി പരീക്ഷ കൂടി ഞായറാഴ്ചയായത് തിരക്ക് വർധിപ്പിച്ചു. കെ.എസ്.ആർ.ടി.സിയിലും സ്വകാര്യ ബസുകളിലും വൻ തിരക്കായിരുന്നു. ഉച്ചക്ക് നഗരത്തിലെ ഹോട്ടലുകളിലും പതിവിൽ കവിഞ്ഞ രീതിയിൽ ആളുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.