'അതിന് നിന്‍റെ ബാപ്പ ആരെടാ...' നെടുമ്പാശ്ശേരി വാഹനാപകടക്കേസ് പ്രതി സുഹൈലിന് യുവാക്കളുടെ മർദനം
കൊച്ചി: നെടുമ്പാശേരിയിൽ മിനി കൂപ്പർ കാറിടിച്ച് മൂന്ന് പേർ മരിക്കാൻ ഇടയാക്കിയ സംഭവത്തിലെ പ്രതി സുഹൈൽ സജീവിന് മർദനമേറ്റു. വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഒരു കൂട്ടം യുവാക്കൾ പ്രതിയെ ആക്രമിച്ചത്. സംഭവത്തെ തുടർന്ന് പൊലീസ് ഉടൻ തന്നെ ഇടപെടുകയും സുഹൈലിനെ സ്ഥലത്തുനിന്ന് മാറ്റുകയും ചെയ്തു.
മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തത്തിന് കാരണം കാർ ഡ്രൈവറായ സുഹൈലിന്‍റെ അമിത മദ്യപാനമെന്ന് പ്രാഥമിക നിഗമനത്തിലെത്തിയിരുന്നു. താൻ മദ്യപിച്ചിരുന്നതായി കാറോടിച്ച 18 കാരൻ സുഹൈൽ പൊലീസിനോട് സമ്മതിച്ചു. മൂന്ന് ജീവനെടുത്തിട്ടും യാതൊരു കുറ്റബോധവുമില്ലാതെ "എന്റെ ബാപ്പ നോക്കിക്കൊള്ളും" എന്ന് ആക്രോശിച്ച് പ്രതി നാട്ടുകാരോട് തട്ടിക്കയറുകയായിരുന്നു എന്ന് നാട്ടുകാർ പറയുന്നു.
പുലർച്ചെ രണ്ട് മണിയോടെ വിഐപി റോഡിലെ മൂഴിയാലിൽ വെച്ചാണ് നാടിനെ നടുക്കിയ ഈ ദാരുണാപകടം ഉണ്ടായത്. കൊച്ചിയിലെ ഒരു ആന്റിക് ഷോപ്പിലെ ജീവനക്കാരായ സ്‌കൂട്ടർ യാത്രികരായ മൂന്ന് യുവതീയുവാക്കളുടെ ജീവനാണ് ഈ അപകടത്തിൽ പൊലിഞ്ഞത്. സൗത്ത് കർണാടക സ്വദേശിയായ ഇജാസ് (21), പാലക്കാട് സ്വദേശി ഗോപിക (22), വയനാട് സ്വദേശിനി ദേവിക (21) എന്നിവരാണ് സംഭവസ്ഥലത്തുവെച്ചുതന്നെ ദാരുണമായി മരണപ്പെട്ടത്. എയർപോർട്ട് ഭാഗം സന്ദർശിച്ചശേഷം തൃക്കാക്കരയിലേക്ക് മടങ്ങുകയായിരുന്ന ഇവർക്ക് പിന്നിൽ അമിതവേഗത്തിലെത്തിയ ആഡംബര മിനി കൂപ്പർ കാർ പാഞ്ഞുകയറുകയായിരുന്നു. ഏകദേശം നൂറിലധികം മീറ്ററോളം സ്‌കൂട്ടറിനെ റോഡിലൂടെ കാര്‍ നിരക്കിക്കൊണ്ടുപോയ ശേഷമാണ് വാഹനം നിന്നത് എന്നത് അപകടത്തിന്റെ തീവ്രത വ്യക്തമാക്കുന്നു.
മുൻപും 218 കിലോമീറ്റർ വേഗത്തിൽ കാറോടിച്ചതിന്റെ ദൃശ്യങ്ങൾ സുഹൈൽ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു. വിമാനത്താവള റോഡുകളിൽ രാത്രികാലങ്ങളിൽ നടക്കുന്ന ഇത്തരം മദ്യപാന റേസിങ്ങുകളാണ് വൻ ദുരന്തത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു. സംഭവത്തിൽ സുഹൈലിനെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.
മരണപ്പെട്ട ഇജാസ്, ഗോപിക, ദേവിക എന്നിവരുടെ മൃതദേഹങ്ങൾ അങ്കമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലും പ്രദേശത്തെ സ്വകാര്യ ആശുപത്രിയിലുമായി സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.