വി.ഡി. സതീശൻ

'മോദിയുടേത് ഫാഷിസ്റ്റ് സർക്കാർ'; കേരളത്തിലെ ബി.ജെ.പിയുടെ നേട്ടം സി.പി.എം സമ്മാനമെന്നും വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ അധികാരത്തിൽ വരാമെന്ന ബി.ജെ.പിയുടെ സ്വപ്നം ഒരിക്കലും പൂവണിയാൻ പോകുന്നില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സംസ്ഥാനത്തിന്റെ ശക്തമായ മതേതര സ്വഭാവം ബി.ജെ.പിയുടെ സ്വാധീനം വർധിപ്പിക്കാനുള്ള നീക്കങ്ങൾക്ക് എപ്പോഴും തടസ്സമായി നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയോ ആർ.എസ്.എസോ മതേതരത്വത്തിൽ വിശ്വസിക്കുന്ന കോൺഗ്രസിന് ഒരു വലിയ ഭീഷണിയേ അല്ലെന്നും പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം തുറന്നടിച്ചു.

നിയമസഭയിൽ മൂന്ന് സീറ്റുകൾ നേടിയതും തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിച്ചതും ചൂണ്ടിക്കാട്ടി ബി.ജെ.പി സംസ്ഥാനത്ത് സ്വാധീനം ഉറപ്പിച്ചെന്ന വാദത്തെയും മുഖ്യമന്ത്രി തള്ളി. ഇത് കേരള രാഷ്ട്രീയത്തിലെ വലിയ മാറ്റത്തിന്റെ സൂചനയല്ലെന്നും, അന്നത്തെ ഭരണകക്ഷിയായിരുന്ന സി.പി.എമ്മിന്റെ രാഷ്ട്രീയ പരാജയങ്ങളും ഇരുപാർട്ടികളും തമ്മിലുള്ള അവിഹിത കൂട്ടുകെട്ടുമാണ് ബി.ജെ.പിക്ക് ഈ നേട്ടം സമ്മാനിച്ചതെന്നും അദ്ദേഹം ആരോപിച്ചു. വെള്ളിത്തളികയിൽ വെച്ച് സി.പി.എം ബി.ജെ.പിക്ക് നൽകിയ സമ്മാനമായിരുന്നു ആ വിജയങ്ങളെന്നും അദ്ദേഹം പറഞ്ഞു.

'വോട്ട് വിഹിതം 20 ശതമാനത്തിൽ താഴെ മാത്രം; ആർ.എസ്.എസ് ബി.ജെ.പിയെ നിയന്ത്രിക്കുന്നു'

വർഗീയ ചേരിതിരിവുകൾ ഉണ്ടാക്കാൻ ശ്രമിച്ചാലും കേരളത്തിന്റെ മതേതര മനസ്സ് തകർക്കാൻ ആർക്കും കഴിയില്ലെന്ന് വി.ഡി. സതീശൻ പറഞ്ഞു. "ബി.ജെ.പി ഒരിക്കലും കേരളം ഭരിക്കുമെന്ന് ഞാൻ കരുതുന്നില്ല. അവർക്ക് പരമാവധി 15 ശതമാനമോ അതിൽ താഴെയോ, കൂടിയാൽ 20 ശതമാനത്തിൽ താഴെയോ വോട്ട് വിഹിതമേ ലഭിക്കൂ. കാരണം കേരളം തികച്ചും മതേതരമാണ്. കഴിഞ്ഞ പത്ത് വർഷമായി ക്രൈസ്തവ-മുസ്‌ലിം ജനവിഭാഗങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാൻ ബി.ജെ.പി കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്; എന്നാൽ ആ ശ്രമം ദയനീയമായി പരാജയപ്പെട്ടു." — മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിലെ ഹിന്ദു സമൂഹം പൊതുവെ മതേതരമാണെന്നും വർഗീയ രാഷ്ട്രീയത്തിന് അടിപ്പെടാതെ അവർ കോൺഗ്രസിനും സി.പി.എമ്മിനും വോട്ട് ചെയ്യുന്നവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രത്തിൽ ബി.ജെ.പിയെ പൂർണമായും നിയന്ത്രിക്കുന്നത് ആർ.എസ്.എസാണെന്നും, വിദ്വേഷ പ്രചാരണങ്ങളിലൂടെ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് അവരുടെ പ്രധാന അജണ്ടയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

മോദിക്ക് അഭിനന്ദനം; എന്നാൽ ഭരണം ഫാസിസ്റ്റെന്ന് ആക്ഷേപം

ഗുജറാത്ത് മുഖ്യമന്ത്രിയായും പിന്നീട് പ്രധാനമന്ത്രിയായും ഭരണത്തലവനായി 25 വർഷം പൂർത്തിയാക്കിയ നരേന്ദ്ര മോദിയെ വി.ഡി. സതീശൻ അഭിനന്ദിച്ചു. എന്നാൽ, ബി.ജെ.പി രാജ്യം കൊണ്ടുപോകുന്ന രാഷ്ട്രീയ ദിശ ജനാധിപത്യവിരുദ്ധമാണെന്ന് അദ്ദേഹം തുറന്നടിച്ചു:

"ഭരണത്തലവനായി 25 വർഷം പൂർത്തിയാക്കിയ അദ്ദേഹത്തെ ഞാൻ അഭിനന്ദിക്കുന്നു. എന്നാൽ ബി.ജെ.പി പോകുന്നത് തെറ്റായ വഴിക്കാണ്. ജനാധിപത്യ തത്വങ്ങൾക്കൊപ്പമല്ല അവർ നിൽക്കുന്നത്. ഇതൊരു ഫാഷിസ്റ്റ് സർക്കാരാണ്. വിദ്വേഷ പ്രചാരണത്തിന്റെ വിത്തുകൾ പാകി ഭൂരിപക്ഷ വോട്ടുകൾ സമാഹരിക്കാനാണ് അവർ ശ്രമിക്കുന്നത്." — സതീശൻ ആരോപിച്ചു.

പ്രതിപക്ഷത്തായിരുന്നപ്പോഴും ഇപ്പോൾ ഭരണത്തിലായിരിക്കുമ്പോഴും വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത ഉറച്ച മതേതര നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചിട്ടുള്ളതെന്നും, ജനങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിക്കുന്ന ചില രാഷ്ട്രീയ-മത നേതാക്കളുടെ നീക്കങ്ങളിൽ ആശങ്കയുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - BJP's Dream to Rule Kerala Will Never Come True: CM VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.