കോഴിക്കോട്: സംസ്ഥാനത്തെ സാമൂഹിക സുരക്ഷ പെൻഷൻ മസ്റ്ററിങ് അവസാനിക്കാൻ ആറുദിവസം ശേഷിക്കെ പുറത്തുള്ളത് 6,76,994 പേർ. കാർഷിക പെൻഷൻ, വാർധക്യകാല പെൻഷൻ, വിധവ പെൻഷൻ, അവിവാഹിത പെൻഷൻ, ക്ഷേമ പെൻഷൻ എന്നീ ഇനങ്ങളിലായി സംസ്ഥാനത്ത് 43,77,057 ഗുണഭോക്താക്കൾക്കാണ് മസ്റ്ററിങ് പൂർത്തീകരിക്കാൻ സാധിച്ചത്. തദ്ദേശസ്ഥാപന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ഇടപെടലുകൾകൊണ്ടാണ് ആനുകൂല്യമുള്ള 85 ശതമാനത്തിലേറെ പേരും ഇത്തവണ മസ്റ്ററിങ് പൂർത്തിയാക്കിയത്.
ഗ്രാമപഞ്ചായത്തുകളിലെ 41,02,648 ഗുണഭോക്താക്കളിൽ 35,47,833 പേർ മസ്റ്ററിങ് പൂർത്തിയാക്കി 86.48 ശതമാനത്തിലെത്തി. ആദ്യമായാണ് ഇത്രയും ശതമാനം മസ്റ്ററിങ് നടത്തുന്നത്. 6,06,443 മുനിസിപ്പാലിറ്റി ഗുണഭോക്താക്കളിൽ 5,17,627 പേർ മസ്റ്ററിങ് നടത്തി 85.35 ശതമാനത്തിലെത്തിച്ചു. 3,44,960 കോർപറേഷൻ ഗുണഭോക്താക്കളിൽ 2,95,182 പേരും മസ്റ്ററിങ് നടത്തിയതോടെ ശതമാനം 85.57 ശതമാനത്തിലെത്തി.
13,80,361 ഗുണഭോക്താക്കളുള്ള ക്ഷേമബോർഡിൽ 10,01,458 പേരും മസ്റ്ററിങ് നടത്തി. 72.55 ശതമാനം മസ്റ്ററിങ് പൂർത്തിയാക്കിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തിൽ ഇ- മസ്റ്ററിങ്ങിന് സാധിക്കാത്തവർ 22,347 പേരാണ്. ഇതിൽ 13,508 പേർ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചവരാണ്. മുനിസിപ്പാലിറ്റികളിൽ 4219 പേർക്കാണ് ഇ-മസ്റ്ററിങ്ങിന് സാധിക്കാത്തത്. അതിൽ 1994 പേർ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചിട്ടുണ്ട്. കോർപറേഷനിൽ കഴിഞ്ഞ തവണത്തേക്കാൾ ഏറെ പേർ മസ്റ്ററിങ് നടത്തി. 1256 പേർക്ക് മാത്രമാണ് മസ്റ്ററിങ് ചെയ്യാൻ കഴിയാതിരുന്നത്. ഇതിൽ 913 പേർ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചവരാണ്.
ക്ഷേമബോർഡിൽ 5853 പേർക്ക് മസ്റ്ററിങ്ങിന് സാധിച്ചിട്ടില്ല. 815 പേർ ഒഴിച്ച് മറ്റുള്ളവർ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചിട്ടില്ല. മലപ്പുറത്താണ് ഏറ്റവും കൂടുതൽ പേർ മസ്റ്ററിങ് പൂർത്തീകരിച്ചത് -461296 പേർ. മസ്റ്ററിങ് നടത്താൻ ബാക്കിയുള്ളത് 76619 പേരാണ്. തിരുവനന്തപുരത്ത് 4,54,725 പേർ മസ്റ്ററിങ് പൂർത്തീകരിച്ചിട്ടുണ്ട്. 64,636 പേർ മസ്റ്ററിങ് നടത്താനുണ്ട്. വാർധക്യകാല പെൻഷനിലാണ് ഏറ്റവും കൂടുതൽ ഗുണഭോക്താക്കളുള്ളത്. 29,20,731 പേരിൽ 25,20,355 പേർ മസ്റ്ററിങ് നടത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.