‘നവകേരള ബസ്’: ഗരുഡ പ്രീമിയമായി ബംഗളൂരുവിലേക്ക് യാത്ര തുടങ്ങി, കന്നിയാത്ര ഹൗസ് ഫുൾ

കോഴിക്കോട്: സർക്കാർ നവ കേരള യാത്രക്ക് ഉപയോഗിച്ച ബസ് ‘ഗരുഡ പ്രീമിയം’ എന്ന പേരിൽ കോഴിക്കോട്- ബംഗളൂരു റൂട്ടിൽ സർവീസ് തുടങ്ങി. ആദ്യ സർവീസിൽ തന്നെ ഹൗസ് ഫുള്ളായിരുന്നു. മുഴുവന്‍ സീറ്റുകളിലും യാത്രക്കാരുണ്ട്. ഇന്ന് രാവിലെ നാലുമണിക്കാണ് ബസ് കോഴിക്കോട് നിന്ന് പുറപ്പെട്ടത്. രാവിലെ 11:30 യോടെ ബസ് ബംഗളൂരുവിൽ എത്തും. ഇതിന്റെ യാത്രയുടെ തുടക്കത്തിന്റെ ബസിന്‍റെ വാതില്‍ കേടായി.

തകരാര്‍ സംഭവിച്ചതിനെതുടര്‍ന്ന് വാതിൽ താല്‍ക്കാലികമായി കെട്ടിവെച്ചാണ് യാത്ര തുടരുന്നത്. യാത്ര തുടങ്ങി അല്‍പസമയത്തിനകം തന്നെ വാതില്‍ തനിയെ തുറന്നുവരുകയായിരുന്നു. തുടര്‍ന്നാണ് വാതില്‍ താല്‍ക്കാലികമായി കെട്ടിവെക്കാൻ തീരുമാനിച്ചത്.

എല്ലാദിവസവും പുലര്‍ച്ചെ നാലിന് കോഴിക്കോട് നിന്ന് തിരിച്ച് 11.35ന് ബംഗളൂരുവില്‍ എത്തും. പകല്‍ 2.30ന് ബംഗളൂരുവില്‍ നിന്ന് തിരിച്ച് രാത്രി 10.05ന് കോഴിക്കോട് എത്തിച്ചേരും.

നവകേരള യാത്രക്ക് ഉപയോഗിച്ച ബസിന്‍റെ ആദ്യ യാത്രയുടെ ഭാഗമാകണമെന്ന് കരുതിയാണ് ബംഗളൂരുവിലേക്ക് പോകാൻ നേരത്തെ തന്നെ സീറ്റ് ബുക്ക് ചെയ്തതെന്ന് യാത്രക്കാരില്‍ ചിലര്‍ പറയുന്നു. 1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. എ.സി ബസുകള്‍ക്കുള്ള അഞ്ച് ശതമാനം ആഡംബരനികുതിയും നല്‍കണം. മുഖ്യമന്ത്രി ഇരുന്ന സീറ്റ് ബുക്ക് ചെയ്യാനാണ് യാത്രക്കാരില്‍ പലരും ശ്രമിക്കുന്നത്. സീറ്റ് നമ്പര്‍ 25ലായിരുന്നു മുഖ്യമന്ത്രിയിരുന്നത്. 

Tags:    
News Summary - 'Navakerala Bus': Garuda premium has started traveling to Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.