കൊല്ലം
കായലും കയറും
കശുവണ്ടി, കയർ വ്യവസായത്തിന്റെ നാടെന്ന പേര് കൊല്ലത്തിനുണ്ട്. എന്നാൽ, ഇന്ന് ഇവ രണ്ടും ശോഷിച്ച വ്യവസായങ്ങളായി മാറി. വൻ വ്യവസായ ഗ്രൂപ്പുകൾ ഉൾപ്പെടെ കൊല്ലത്ത് കശുവണ്ടി ഫാക്ടറികൾ പൂട്ടി രംഗംവിട്ടു. കടക്കെണിയിലായ നിരവധി സ്വകാര്യ ഫാക്ടറികൾ ജപ്തി ഭീഷണിയിലാണ്. പ്രഖ്യാപിക്കുന്ന പദ്ധതികൾ യാഥാർഥ്യമാകാൻ വർഷങ്ങൾ കാത്തിരിക്കേണ്ടി വരുന്നുവെന്നത് ദുര്യോഗമാണ്. ചിലത് പ്രഖ്യാപനത്തിലൊതുങ്ങും. കൊല്ലം ആശ്രാമം ലിങ്ക് റോഡ് പാലം കായലിന് നടുവിൽ എവിടേക്ക് പോകണമെന്നറിയാതെ പാതിവഴിയിൽ നിൽക്കുകയാണ്. കൊല്ലത്തുനിന്ന് ഓലയിൽകടവ് വരെ അഷ്ടമുടി കായലിലൂടെ പോകുന്ന മൂന്നാംഘട്ടം റോഡ് ഉദ്ഘാടനം നടത്താതെ അടച്ചിട്ടിരിക്കുകയാണ്. അഷ്ടമുടി കായൽ നേരിടുന്ന മാലിന്യപ്രശ്നം, മത്സ്യത്തൊഴിലാളി സമൂഹം നേരിടുന്ന പ്രശ്നങ്ങൾ എന്നിവ പ്രധാനപ്പെട്ടത്. അഷ്ടമുടി കായലിന്റെ സിംഹഭാഗവും കൊല്ലം മണ്ഡലത്തിലൂടെയാണ് ഒഴുകുന്നത്. പ്രധാന മാലിന്യ നിക്ഷേപകേന്ദ്രമായി മാറിയ കായലിന്റെ നഗരഹൃദയത്തിൽ വരുന്ന ഭാഗംതന്നെ ദുർഗന്ധം കാരണം അടുക്കാനാകാത്ത സ്ഥിതിയാണ്.
- കൊല്ലം കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോ നവീകരണം പ്രഖ്യാപനത്തിലൊതുങ്ങി.
- സി.ആർ. ഇസഡ് നിയന്ത്രണം കാരണം വീടിന് നമ്പർപോലും ലഭിക്കാതെ നിരവധി കുടുംബങ്ങൾ.
- . കൊല്ലം തീരത്ത് തലമുറകളായി അധിവസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ വലിയ വിഭാഗത്തിന് പട്ടയമില്ല.
- മങ്ങാട്, കുരീപ്പുഴ മേഖലകളിൽ അടിപ്പാതകൾ വേണം.
- അംഗീകൃത അറവുശാല ഇല്ലാത്തതിനാൽ അറവുമാലിന്യം റോഡരികിൽ വലിച്ചെറിയുന്നു.
- റോഡരികിൽ മാലിന്യം വലിച്ചെറിയുന്ന സ്ഥിതിക്ക് പരിഹാരമില്ല
- കൊല്ലം ബീച്ചിൽ സുരക്ഷ സംവിധാനങ്ങൾ അപര്യാപ്തമാണ്.
- തീരദേശ ഹൈവേ കല്ലിടൽ പ്രവർത്തനങ്ങൾക്കെതിരെ തീരദേശത്ത് പ്രതിഷേധമുണ്ട്.
- ക്യു.എസ്.എസ് കോളനി ഒഴിപ്പിച്ച് ഫ്ലാറ്റ് സമുച്ചയം നിർമിച്ചെങ്കിലും ഇവിടെ സെപ്റ്റിക് മാലിന്യം ഉൾപ്പെടെ പൊട്ടി ഒഴുകുന്ന സ്ഥിതിയുണ്ട്.
കുണ്ടറ
വിളംബരം ചെയ്തിട്ട് കാര്യമില്ല, നടപ്പാകണം
റെയില്‍വേ മേല്പാലങ്ങള് പൂർത്തിയാകാത്തത് മുഖ്യപ്രശ്നമാണ്. കുണ്ടറ പള്ളിമുക്കില്‍ മേല്‍പാലം സംബന്ധിച്ച വാഗ്ദാനം തുടങ്ങിയിട്ട് നാല് പതിറ്റാണ്ടായി. ഇപ്പോള്‍ ചന്ദനത്തോപ്പ്, കേരളപുരം, ഇളമ്പള്ളൂര്‍, മുക്കട ഭാഗങ്ങളിലും മേല്പാലങ്ങള് അനുവദിച്ചതായ പ്രഖ്യാപനവും വന്നിട്ടുണ്ട്. മുക്കട ജങ്ഷനില്‍ ശുചിമുറി, കുണ്ടറയിലെ ബസ് സ്റ്റേഷന്, കളിസ്ഥലം, സാംസ്കാരിക സമുച്ചയം, കായലോര ടൂറിസം എന്നിവയൊക്കെ വാഗ്ദാനങ്ങളായി അന്തരീക്ഷത്തിലുണ്ട്. കൊല്ലം ടെക്നോപാര്‍ക്ക് കുണ്ടറയിലാണ്. അത് ഉദ്ഘാടന സമയം അവകാശപ്പെട്ടതുപോലെ പ്രവര്‍ത്തിക്കുന്നില്ല. നാല് പതിറ്റാണ്ട് മുമ്പ് കേരളത്തിലെ പ്രധാന വ്യവസായ മേഖലകളില്‍ ഒന്നായിരുന്നു കുണ്ടറ. പലതും പൂട്ടി.
- കൊല്ലം-തിരുമംഗലം, കൊല്ലം-തേനി എന്നീ ദേശീയപാതകൾക്ക് വീതി കുറവായതിനാൽ യാത്ര ദുഷ്കരം.
- പഞ്ചായത്ത്, പൊതുമരാമത്ത് റോഡുകളുടെ സ്ഥിതി ദയനീയം.
- . കുണ്ടറ-പള്ളിമുക്ക്-മൺറോതുരുത്ത് റോഡിന്റെ കുണ്ടറ പള്ളിമുക്ക് മുതല്‍ മുളവനവരെ ശോച്യാവസ്ഥയിൽ.
- പെരിനാട് പഞ്ചായത്തിലെ സ്റ്റാര്ച്ച്മുക്ക്-കൈതാകോടി റോഡും തകർന്നു.
- ഇളമ്പള്ളൂര്‍, കുണ്ടറ, പേരയം, പെരിനാട് പഞ്ചായത്തുകളില്‍ കുടിവെള്ളം കിട്ടാക്കനി.
- ഭവനരഹിതരും ഭൂരഹിതരും എല്ലാ പഞ്ചായത്തിലും ഉണ്ട്.
- താലൂക്കാശുപത്രിയില്‍ കാഷ്വാലിറ്റികൾ കൈകാര്യം ചെയ്യാനുള്ള സജ്ജീകരണങ്ങളില്ല.
- മൺറോതുരുത്ത് പോലെ ചില പഞ്ചായത്തുകളിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ സ്ഥിതി ദയനീയം.
- മണ്ഡലത്തിലെ മാലിന്യ ശേഖരണ മാതൃകകള്‍ ഫലപ്രദമല്ല. പാതയോരത്തെ മാലിന്യ നിക്ഷേപത്തിന് ഒരു കുറവുമില്ല.
- വനിതകൾക്കായി തുടങ്ങിയ അപ്പാരല്‍ പാര്‍ക്ക് രണ്ടുതവണ തുറന്നെങ്കിലും ഒരടി മുന്നോട്ട് പോയില്ല.
- ചരിത്ര പ്രാധാന്യവും കാഴ്ചഭംഗിയുമുള്ള, ആഭ്യന്തര ടൂറിസത്തിന്റെ സാധ്യതകള്‍ കണ്ടെത്തി വികസിപ്പിക്കാവുന്ന നിരവധി കേന്ദ്രങ്ങളുണ്ട്.
- കടൽ നിരപ്പിന് താഴെയുള്ള മൺറോതുരുത്ത് ദുരിതബാധിത മേഖലയാണ്.
ചവറ
വിനോദസഞ്ചാരത്തിൽ അനന്ത സാധ്യതകൾ
പ്രധാന ജനകീയ പ്രശ്നം കുടിവെള്ളമാണ്. ഇത് പരിഹരിക്കാൻ പല പദ്ധതികളും ആവിഷ്കരിച്ചെങ്കിലും ഫലപ്രദമായില്ല. ജലജീവൻ പദ്ധതിയുടെ ഭാഗമായി ചവറയിലെ ഭൂരിഭാഗം വീടുകളിലും കുടിവെള്ള ടാപ്പുകൾ സ്ഥാപിച്ചെങ്കിലും ജലസ്രോതസ്സുകൾ കണ്ടെത്താതെ പൈപ്പുകൾ നോക്കുകുത്തിയായി. കെ.എം.എം.എൽ പ്രവർത്തനംമൂലം പരിസര നിവാസികൾക്ക് കുടിവെള്ളംപോലും കിട്ടാത്ത അവസ്ഥയാണ്. ജലസ്രോതസ്സുകളിൽ രാസഗന്ധമുള്ള ചുവപ്പ് നിറത്തിലെ വെള്ളമാണ് നിറഞ്ഞുനിൽക്കുന്നത്. ശാസ്താംകോട്ടയിൽനിന്ന് ജലനിധി പദ്ധതിവഴി പമ്പ് ചെയ്തിരുന്ന വെള്ളത്തിന്റെ അളവ് ഗണ്യമായി കുറഞ്ഞതോടെ കുടിവെള്ളം കിട്ടാക്കനിയാണ്. മണ്ഡലത്തിലെ റോഡുകളുടെ പുനരുദ്ധാരണത്തിന് നടപ്പുവർഷം ലഭിക്കേണ്ട മൂന്നിലൊന്ന് തുക മാത്രമാണ് ലഭിച്ചിട്ടുള്ളത്. പ്രധാന റോഡുകൾ ഉൾപ്പെടെയുള്ളവ തകർച്ചയുടെ വക്കിലാണ്. ഉൾനാടൻ മേഖലയിലെ 60 ശതമാനം റോഡും ഭാഗികമായി തകർന്നു.
- ലൈഫ് മിഷനിൽ പ്രതീക്ഷയർപ്പിച്ച് കുടിലുകൾ പൊളിച്ചുമാറ്റിയവർ പുതിയ വീട് ലഭിക്കാതെ പ്രതിസന്ധിയിലായ സ്ഥിതിയുണ്ട്.
- . നീണ്ടകര ഫൗണ്ടേഷൻ ആശുപത്രിയിൽ അർബുദ ചികിത്സ സൗകര്യമൊരുക്കണം
- താലൂക്കാശുപത്രിയിൽ കെട്ടിടം പണി ഇഴയുന്നു. പശ്ചാത്തല സൗകര്യങ്ങളുടെ അഭാവമുണ്ട്
- നിർമാണ മേഖലയിൽ വിദഗ്ധ തൊഴിലാളികളെ സൃഷ്ടിക്കാൻ തുടങ്ങിയ സ്ഥാപനം നാമമാത്രമായാണ് പ്രവർത്തിക്കുന്നത്
- മത്സ്യലഭ്യത കുറഞ്ഞത് ഉൾനാടൻ മത്സ്യമേഖലയെ പ്രതിസന്ധിയിലാക്കി.
- കയർമേഖല സംരക്ഷണത്തിന് സർക്കാർ ഇടപെടൽ വേണം.
- കായൽ ടൂറിസത്തിന് ഏറെ സാധ്യതയുണ്ട്. പോരൂർക്കരയിൽ കൃത്രിമ തടാകത്തിന് രൂപം നൽകിയെങ്കിലും ഡ്രഡ്ജിങ് ഉൾപ്പെടെ തുടർപ്രവർത്തനങ്ങൾ ഇല്ലാതായതോടെ സംരംഭം പാതിവഴിയിൽ നിന്നു
- വിദേശ വിനോദസഞ്ചാരികൾ ഏറെ എത്തുന്ന നിരവധി സ്ഥലങ്ങളുണ്ട്. അടിസ്ഥാന സൗകര്യം വികസിപ്പിക്കണം
- സമുദ്രനിരപ്പിൽനിന്ന് ഏറ്റവുമുയർന്ന പ്രദേശമായ തെക്കുംഭാഗം ടൂറിസത്തിന് വളക്കൂറുള്ള മണ്ണാണ്.
- അഷ്ടമുടി കായലും അനുബന്ധപ്രദേശങ്ങളും ചേർന്നുള്ള പ്രകൃതിരമണീയ കാഴ്ചകൾ വേണ്ടത്ര പ്രയോജനപ്പെടുത്തിയിട്ടില്ല.
- സ്ത്രീ സൗഹൃദ സംരംഭങ്ങൾ കുറവാണ്
കരുനാഗപ്പള്ളി
അശാസ്ത്രീയ കരിമണൽഖനനം അവസാനിപ്പിക്കണം
കയർ, കൈത്തറി, കശുവണ്ടി തുടങ്ങി താലൂക്കിലെ ഗ്രാമീണ മേഖലകളിലെ 40 ശതമാനത്തിലധികം കുടുംബങ്ങൾ ആശ്രയിച്ചിരുന്ന പരമ്പരാഗത തൊഴിൽ മേഖലകൾ ശോഷിച്ച നിലയിലാണ്. അശാസ്ത്രീയമായ കരിമണൽ ഖനനമാണ് മറ്റൊരു ജനകീയ പ്രശ്നം. അർബുദ രോഗികളുടെ എണ്ണത്തിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തും ദേശീയതലത്തിൽ മുൻനിരയിലും കരുനാഗപ്പള്ളിയെ എത്തിച്ചത് അശാസ്ത്രീയ കരിമണൽ ഖനനമാണെന്ന് റിപ്പോർട്ടുണ്ട്. മണ്ണിന്റെ സ്വാഭാവിക കവചം നശിപ്പിക്കുന്നതും രാസ വേർതിരിവിലൂടെ അന്തരീക്ഷത്തിലുണ്ടാകുന്ന റേഡിയേഷനുമാണ് അർബുദ കാരണമെന്നാണ് വിദഗ്ധാഭിപ്രായം.
- പ്രധാന റോഡുകൾ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഇടറോഡുകൾ പലതും തകർന്നനിലയിൽ.
- തീരമേഖലയിൽ കുടിവെള്ള പ്രശ്നമുണ്ട്. ജപ്പാൻ കുടിവെള്ള പദ്ധതി പരിപാലനത്തിലെ വീഴ്ചയും കാലപ്പഴക്കവും കാരണം ഉപയോഗശൂന്യമായി.
- 2016ൽ ഗവ. സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജ് അനുവദിച്ചത് വാടകക്കെട്ടിടങ്ങളിൽ മാറിമാറി പ്രവർത്തിക്കുകയാണ്.
- കരുനാഗപ്പള്ളിയിൽ ആരംഭിച്ച കല്ലട ഇറിഗേഷൻ പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ചു. ഭൂമിയും കെട്ടിടങ്ങളും നശിക്കുന്നു.
- ഇടക്കുളങ്ങരയിൽ ആരംഭിച്ച വ്യവസായ സംരംഭങ്ങൾ പൂർണമായും തകർന്ന അവസ്ഥയിൽ.
- പുതിയകാവ് ചക്കുവള്ളി റോഡിലെ മേൽപ്പാലം നിർമാണം എങ്ങുമെത്തിയില്ല.ചിറ്റുമൂല മേൽപ്പാലത്തിന് 2017ൽ കിഫ്ബിയിൽ മുഴുവൻ തുകയും അനുവദിച്ചെങ്കിലും സ്ഥലമെടുക്കൽ മാത്രമാണ് പൂർത്തിയായത്.
- നീരൊഴുക്ക് ചാലുകൾ സംരക്ഷിക്കാനും നവീകരിക്കാനും കഴിയാത്തത് കാർഷിക മേഖലയെ തളർത്തി.
- മഴക്കാലത്ത് ഉയർന്ന പ്രദേശങ്ങളിൽപോലും ദിവസങ്ങളോളം വെള്ളക്കെട്ടാകുന്ന അവസ്ഥ.
- . ഭൂരിഭാഗം കുടുംബശ്രീ ജനകീയ ഹോട്ടലുകളും സബ്സിഡി നിന്നതോടെ അടച്ചു.
- അഴീക്കൽ തീരദേശം കേന്ദ്രീകരിച്ചും പാവുമ്പ വട്ടക്കായൽ കേന്ദ്രീകരിച്ചും വിനോദസഞ്ചാരത്തിന് സാധ്യതകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.