എയ്ഡഡ് കോളജുകൾക്ക് കൽപിത സർവകലാശാല പദവി; അധ്യാപകരുടെ സംരക്ഷണം പ്രതിസന്ധിയാകും

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ശമ്പളം നൽകി എയ്ഡഡ് മേഖലയിൽ പ്രവർത്തിക്കുന്ന സ്വയംഭരണ കോളജുകൾ സ്വകാര്യ കൽപിത സർവകലാശാല പദവിക്കായി ശ്രമം ശക്തമാക്കിയതോടെ ഇവിടത്തെ അധ്യാപകർ ആശങ്കയിൽ.

സ്വകാര്യ കൽപിത സർവകലാശാലയാകുന്നതോടെ ഈ കോളജുകളിൽ യു.ജി.സി സ്കെയിലിൽ ശമ്പളം പറ്റുന്ന അധ്യാപകരുടെ കാര്യത്തിലും തീരുമാനമെടുക്കേണ്ടിവരും. കൽപിത സർവകലാശാല പദവി ലഭിക്കുന്നതോടെ കോളജുകൾക്കുമേൽ സർക്കാറിനോ അഫിലിയേറ്റ് ചെയ്ത സർവകലാശാലകൾക്കോ നിയന്ത്രണമുണ്ടാകില്ല. വിദ്യാർഥി പ്രവേശനം, പരീക്ഷ നടത്തിപ്പ്, ഫീസ് നിർണയം, കോഴ്സുകൾ തുടങ്ങൽ, നിയമനം തുടങ്ങിയ കാര്യങ്ങളിൽ സർക്കാറിന് നിയന്ത്രണങ്ങളില്ലാതാകും.

1972ലെ ഡയറക്ട് പേമെന്‍റ് എഗ്രിമെന്‍റ് പ്രകാരമാണ് സംസ്ഥാനത്തെ എയ്ഡഡ് കോളജുകളിലെ അധ്യാപകരടക്കം ജീവനക്കാരുടെ ശമ്പളം സർക്കാർ നൽകുന്നത്. ഇതിനനുസൃതമായ നിയന്ത്രണവും കോളജുകൾക്കുമേൽ സർക്കാറിനും സർവകലാശാലകൾക്കുമുണ്ട്. ഈ നിയന്ത്രണം ഇല്ലാതാകുന്നതോടെ സ്ഥാപനങ്ങൾ ഡയറക്ട് പേമെന്‍റ് എഗ്രിമെന്‍റിലെ വ്യവസ്ഥകൾക്ക് പുറത്താകും.

സ്ഥാപന നടത്തിപ്പിലെ സമ്പൂർണ സ്വയംഭരണാവകാശവും അതുവഴിയുണ്ടാകുന്ന നേട്ടങ്ങളും ലക്ഷ്യമിട്ടാണ് കോളജ് മാനേജ്മെന്‍റുകൾ കൽപിത സർവകലാശാല പദവിക്കായി ശ്രമിക്കുന്നത്. അധ്യാപകരാകട്ടെ തങ്ങളുടെ ജോലിയെ ഇത് ഏതു രൂപത്തിൽ ബാധിക്കുമെന്ന ആശങ്കയിലാണ്. കൽപിത സർവകലാശാലയാകുമ്പോഴും നിലവിലുള്ളവരെ സംരക്ഷിക്കേണ്ട ബാധ്യത സർക്കാറിനുണ്ടെന്നാണ് അധ്യാപകർ പറയുന്നത്. അഞ്ച് എയ്ഡഡ് കോളജുകളാണ് കൽപിത സർവകലാശാല പദവിക്കായി ശ്രമം തുടരുന്നത്. ഇതിൽ പലതിലും സർക്കാർ ശമ്പളം നൽകുന്ന നൂറിലധികം ജീവനക്കാരുണ്ട്.

കൽപിത സർവകലാശാല പദവി സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ കൗൺസിൽ സർക്കാറിന് സമർപ്പിച്ച റിപ്പോർട്ട് പ്രശ്നത്തിന്‍റെ വിവിധ വശങ്ങളെ ഉൾക്കൊള്ളുന്നതല്ലെന്ന വിലയിരുത്തലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിനുള്ളത്. വിശദ പഠനത്തിന് പുതിയ സമിതിയെ നിയമിക്കുന്നത് പരിഗണനയിലാണ്. പല സംസ്ഥാനങ്ങളിലും കോളജുകൾ കൽപിത സർവകലാശാല ആവശ്യം മുന്നോട്ടുവെച്ചപ്പോൾ ജീവനക്കാരുടെ ശമ്പള ബാധ്യതയിൽനിന്ന് സർക്കാർ ഒഴിവായി.

ഇതേ സാഹചര്യം കേരളത്തിലുണ്ടാകുമെന്ന ആശങ്കയിൽ കോളജുകളുടെ നീക്കത്തിനെതിരെ അധ്യാപക സംഘടനകളുൾപ്പെടെ രംഗത്തുവന്നിട്ടുണ്ട്. സ്വയംഭരണ കോളജുകൾ കൂട്ടത്തോടെ സ്വാശ്രയ കോഴ്സുകൾ തുടങ്ങുന്ന സാഹചര്യത്തിൽ ഇനി പുതിയ എയ്ഡഡ് കോഴ്സുകൾ നൽകരുതെന്ന ചർച്ചയും സർക്കാർതലത്തിൽ നടക്കുന്നുണ്ട്.

Tags:    
News Summary - National university status for aided colleges; Teacher protection will be in crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.