വൈ​ത്തി​രി​യി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ ചു​ള്ളി​ക്കൊ​മ്പ​ൻ (ഫ​യ​ൽ ചി​ത്ര​ങ്ങ​ൾ)

വന്യമൃഗശല്യത്തിൽ പൊറുതിമുട്ടി വൈത്തിരിയിൽ മൂന്നിന് ദേശീയപാത ഉപരോധിക്കും

കൽപറ്റ: വൈത്തിരി പഞ്ചായത്തിൽ കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യത്താൽ ജനജീവിതം പൊറുതിമുട്ടിയ സാഹചര്യത്തിൽ പ്രത്യക്ഷ സമര പരിപാടികളുമായി ആക്ഷൻ കൗൺസിൽ രംഗത്ത്.

വന്യമൃഗശല്യത്തിനെതിരെ അധികൃതർ ശാശ്വത നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബർ മൂന്നിന് രാവിലെ പത്തിന് വൈത്തിരി പഞ്ചായത്ത് ഓഫിസിന് മുന്നിൽ ദേശീയപാത ഉപരോധിക്കുമെന്ന് ആക്ഷൻ കൗൺസിൽ അംഗങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

റോഡ് ഉപരോധ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വൈത്തിരിയിലെയും ചുണ്ടേലിലെയും വ്യാപാരികൾ അന്നേ ദിവസം രാവിലെ പത്തു മുതൽ ഉച്ചക്ക് 12 വരെ കടകൾ അടച്ച് ഹർത്താൽ ആചരിക്കും. ജനകീയ ആക്ഷൻ കൗൺസിൽ പ്രവർത്തനങ്ങളിൽ വ്യാപാരികളുടെയും പിന്തുണയുണ്ട്.

വന്യമൃഗങ്ങൾ കാടിറങ്ങുന്നത് തടയാൻ വനംവകുപ്പ് നടപടി സ്വീകരിക്കാത്ത സാഹചര്യത്തിൽ ജനങ്ങളുടെ പങ്കാളിത്തത്തോടെ ധനസമാഹരണം നടത്തി വനാതിർത്തിയിൽ 15 കിലോമീറ്റർ ദൂരത്തിൽ വൈത്തിരിയിലെ വിവിധ പ്രദേശങ്ങളിലൂടെ ജനകീയ ഫെൻസിങ് എന്ന പേരിൽ വൈദ്യുതി വേലി സ്ഥാപിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് പറഞ്ഞു.

ആദ്യഘട്ടത്തിൽ ആനപ്പാറ മുതൽ തേയിലക്കുന്ന് വരെ രണ്ടര കിലോമീറ്ററിലാണ് വാർഡ് വികസന സമിതിയുടെയും പഞ്ചായത്തിന്‍റെയും നേതൃത്വത്തിൽ വൈദ്യുത ഫെൻസിങ് സ്ഥാപിക്കുക. റോഡ് കടന്നുപോകുന്ന സ്ഥലത്ത് ഗേറ്റ് ഉൾപ്പെടെ സ്ഥാപിക്കും. ഓരോ സ്ഥലത്തെയും വാർഡ് വികസന സമിതിക്കായിരിക്കും ചുമതല.

30 കിലോമീറ്ററിലധികമാണ് വൈത്തിരിയിൽ വനാതിർത്തി വരുന്നത്. ഇതിൽ 15 കിലോമീറ്ററിലധികം അതിർത്തി പ്രദേശങ്ങളിലാണ് ഇപ്പോൾ ഫെൻസിങ് സ്ഥാപിക്കുന്നത്. നിലവിലെ വൈദ്യുത ഫെൻസിങ് അറ്റകുറ്റപ്പണി നടത്താൻ പോലും അധികൃതർ അലംഭാവം കാണിക്കുകയാണെന്നും ഇവർ ആരോപിച്ചു.

കുറെ നാളുകളായി വൈത്തിരിയിൽ 28ഓളം കാട്ടാനക്കൂട്ടങ്ങളാണ് ഒന്നിച്ചെത്തി പ്രദേശത്ത് കൃഷി വ്യാപകമായി നശിപ്പിക്കുന്നത്. ഒറ്റക്കിറങ്ങുന്ന ചുള്ളിക്കൊമ്പനാണ് ഏറെ അപകടകാരിയെന്നും ഇവർ പറയുന്നു. ചുള്ളിക്കൊമ്പനെ പിടിച്ചുകൊണ്ടുപോകാനുള്ള നടപടി എങ്ങുമെത്തിയിട്ടില്ല.

കഴിഞ്ഞ ദിവസവും പ്രദേശത്ത് ചുള്ളിക്കൊമ്പനിറങ്ങി നാശനഷ്ടമുണ്ടാക്കി. രണ്ടു മാസം മുമ്പ് തൈലകുന്നിൽ കുഞ്ഞിരാമൻ എന്നയാളെ ഈ കാട്ടാന വീട്ടിൽ കയറി ആക്രമിച്ചു. മനുഷ്യജീവൻ അപകടത്തിലാക്കുംവിധം രാവും പകലും കടുവ, ആന, മാൻ, കാട്ടുപന്നി തുടങ്ങിയ വന്യജീവികൾ നാട്ടിലിറങ്ങുകയാണ്.

കാൽനടയായി ടൗണിലേക്ക് വരുന്നവരും വിദ്യാർഥികളും തൊഴിലാളികളുമെല്ലാം ഭീതിയിലാണ് ദിവസേന പോയിവരുന്നത്. തോട്ടം തൊഴിലാളികളായ സ്ത്രീകൾക്കുനേരെ കാട്ടാന ആക്രമണം ഉണ്ടായിട്ടുണ്ട്. വൈത്തിരി പഞ്ചായത്തിലെ ചുണ്ടേൽ, ഒലിവുമല, ചേലോട്, മുള്ളൻപാടി, ചാരിറ്റി, അറമല, തളിമല, വട്ടക്കുണ്ട് തുടങ്ങിയ സ്ഥലങ്ങളിൽ കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്.

ആക്ഷൻ കൗൺസിൽ കൺവീനർ എൻ.ഒ. ദേവസി, അംഗങ്ങളായ സലീം മേമന, എ.എ. വർഗീസ്, എം.വി. ബാബു, കെ. കൃഷ്ണൻ, എൻ.കെ. ജ്യോതിഷ് കുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - national highway will be blocked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.