മുംബൈ: 2006ലെ നാന്ദേഡ് സ്ഫോടന കേസിൽ സാക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ആർ.എസ്.എസ് പ്രവർത്തകൻ യശ്വന്ത് ഷിൻഡെ നൽകിയ ഹരജി മഹാരാഷ്ട്രയിലെ നാന്ദേഡ് സെഷൻസ് കോടതി തള്ളിയത് കാലതാമസം ചൂണ്ടിക്കാട്ടി. സംഭവം നടന്ന് 16 വർഷത്തിനു ശേഷമാണ് സാക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് ഷിൻഡെ വന്നതെന്നും ഇത് അനുവദിച്ചാൽ നിയമനടപടികളുടെ ദുരുപയോഗമാകുമെന്നും അതിനാൽ ഹരജി സ്വീകാര്യമല്ലെന്നും കോടതി പറഞ്ഞു.
കഴിഞ്ഞ 17നാണ് കോടതി ഷിൻഡെയുടെ ഹരജി തള്ളിയത്. ഉത്തരവ് ചൊവ്വാഴ്ചയാണ് ലഭ്യമായത്. ഷിൻഡെയെ സാക്ഷിയാക്കുന്നതിനെതിരെ സി.ബി.ഐ നൽകിയ വാദങ്ങൾ അംഗീകരിച്ചാണ് കോടതി വിധി.ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് നേട്ടത്തിനായി സംഘ്പരിവാർ സംഘടനകളാണ് രാജ്യത്ത് സ്ഫോടനങ്ങൾ നടത്തുന്നതെന്ന് അവകാശപ്പെട്ടും മുഖ്യസൂത്രധാരനായ വി.എച്ച്.പി സെക്രട്ടറി ജനറൽ മിലിന്ദ് പരാൺഡെ, രാകേഷ് ദാവ്ഡെ, സ്ഫോടന പരിശീലനം നൽകിയ ഹരിദ്വാറുകാരനായ രവി ദേവ് എന്നിവരെ കേസിൽ പ്രതികളാക്കണമെന്ന് ആവശ്യപ്പെട്ടുമാണ് യശ്വന്ത് ഷിൻഡെ ഹരജി നൽകിയത്. മുംബൈയിൽ നടന്ന ഗൂഢാലോചന യോഗത്തിലും പുണെയിലെ സിൻഹഗഢിൽ നടന്ന പരിശീലനത്തിലും പങ്കെടുത്തതായി ഷിൻഡെ പറഞ്ഞിരുന്നു.
ജമ്മുവിൽ ആർ.എസ്.എസ് പ്രചാരകനായിരിക്കെ 90കളിൽ ആർ.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാറിന്റെ നിർദേശത്തെ തുടർന്ന് താൻ യുവാക്കളെ ആയുധപരിശീലനത്തിന് കശ്മീരിൽ എത്തിച്ചതായാണ് മറ്റൊരു വെളിപ്പെടുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.