2016ൽ എൽ.ഡി.എഫ് സ്ഥാനാർഥിയാവാൻ ശോഭ ശ്രമിച്ചെന്ന് നന്ദകുമാർ; ചോദിച്ച തുക കൂടിപ്പോയതിനാൽ നടന്നില്ല

എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനും ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രനും തമ്മിൽ ഒരു കൂടിക്കാഴ്ചയും നടന്നിട്ടില്ലെന്നും ശോഭ പറയുന്നത് പച്ചക്കള്ളമാണെന്നും വിവാദ ഇടനിലക്കാരൻ ടി.ജി. നന്ദകുമാർ. 2016ൽ ബി.ജെ.പി വിട്ട് എൽ.ഡി.എഫ് സ്ഥാനാർഥിയാവാൻ ശോഭ സുരേന്ദ്രൻ ശ്രമിച്ചെന്നും എന്നാൽ ആവശ്യപ്പെട്ട തുക കൂടിപ്പോയതിനാൽ നടന്നില്ലെന്നും നന്ദകുമാർ പറഞ്ഞു.

ഇ.പി. ജയരാജൻ ഡൽഹിയിൽ വെച്ചോ ഗൾഫിൽ വെച്ചോ ശോഭയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് നന്ദകുമാർ പറഞ്ഞു. ജാവദേക്കർ നടത്തിയ കൂടിക്കാഴ്ചയിൽ ശോഭക്ക് ഒരു പങ്കുമില്ല. ശോഭ സുരേന്ദ്രന്‍ – കെ. സുധാകരന്‍ കൂട്ടുകെട്ട് ഉല്‍പാദിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. തെളിവ് സഹിതം ശോഭയെ നേരിടാന്‍ തയാറാണ്. ഇ.പി. ജയരാജൻ എന്തിനാണ് ബി.ജെ.പിയിലേക്ക് പോകാൻ കൂടിക്കാഴ്ച നടത്തുന്നതെന്നും നന്ദകുമാർ ചോദിച്ചു.

ഇ.പി. ജയരാജനുമായി മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയതായാണ് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ അവകാശപ്പെട്ടത്. ദല്ലാൾ നന്ദകുമാറാണ് തന്നെ ഇ.പി. ജയരാജനുമായി പരിചയപ്പെടുത്തുന്നത്. നന്ദകുമാറിന്റെ സാന്നിധ്യത്തിൽ മൂന്നുതവണ ഇ.പിയുമായി കൂടിക്കാഴ്ച നടത്തി. വെണ്ണലയിലെ നന്ദകുമാറിന്റെ വീട്ടിൽവെച്ചും പിന്നീട് ഡൽഹി ലളിത് ഹോട്ടലിലും മൂന്നാമത് തൃശ്ശൂർ രാമനിലയത്തിലുമാണ്‌ കൂടിക്കാഴ്ചകൾ നടന്നതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞിരുന്നു. ബി.ജെ.പിയിൽ ചേരുന്നതിന് തൊട്ടുമുമ്പാണ് ഇ.പി പിന്മാറിയതെന്നും ശോഭ പറഞ്ഞു.

എന്നാൽ, ഈ ആരോപണങ്ങൾ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ തള്ളിയിരുന്നു. തനിക്കെതിരായ ആരോപണങ്ങള്‍ ആസൂത്രിത പദ്ധതിയുടെ ഭാഗമാണ്. ബുദ്ധിയുള്ള ആരെങ്കിലും ബി.ജെ.പിയിൽ ചേരുമോയെന്നും ജയരാജൻ ചോദിച്ചു. പുറത്തുവരുന്ന വാർത്തകൾക്ക് അധിക ആയുസ്സ് ഇല്ല. തനിക്കെതിരായ ആരോപണങ്ങള്‍ ആസൂത്രിത പദ്ധതിയുടെ ഭാഗമാണ്. മാധ്യമങ്ങള്‍ നിഷ്പക്ഷമായി ഇക്കാര്യം അന്വേഷിക്കണമെന്നും ഇ.പി പറഞ്ഞു. 

Tags:    
News Summary - Nandakumar said Shobha tried to leave BJP and become LDF candidate in 2016

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.