'വെറുമൊരു കട്ടൻ ചായക്കും പരിപ്പുവടക്കും മാത്രമായി ഗോവിന്ദൻ മാസ്റ്റർ ഇങ്ങനെയൊരു ആർ.എസ്.എസ് പ്രീണന പ്രസ്താവന നടത്തുമെന്ന് നിഷ്കളങ്കരേ നിങ്ങളിപ്പോഴും കരുതുന്നുവോ'

കോഴിക്കോട്: അനിവാര്യമായ ഘട്ടത്തിൽ ആർ.എസ്.എസുമായി തങ്ങൾ യോജിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രസ്താവന അത്ര നിഷ്കളങ്കമായി കാണാൻ കഴിയില്ലെന്ന് നജീബ് കാന്തപുരം എം.എൽ.എ.

തെരഞ്ഞെടുപ്പിന്റെ തലേദിവസം, വെറുമൊരു കട്ടൻ ചായക്കും പരിപ്പുവടക്കും മാത്രമായി ഇങ്ങനെയൊരു ആർ.എസ്.എസ് പ്രീണന പ്രസ്താവന വർത്തമാന കേരളത്തിൽ ഗോവിന്ദൻ മാസ്റ്റർ നടത്തുമെന്ന് നിഷ്കളങ്കരേ നിങ്ങളിപ്പോഴും കരുതുന്നുവോ എന്നാണ് നജീബ് കാന്തപുരം ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചത്.

പുറംനാട്ടിൽ നടക്കുന്ന ടൂർണമെൻ്റിന് പോകുമ്പോൾ ഒരു ധൈര്യത്തിന് അയൽനാട്ടിലെ ക്ലബിലെ കളിക്കാരെ കൂടി കൂടെക്കൂട്ടിയ ലാഘവത്തോടെയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി ആർ.എസ്.എസ് ബാന്ധവ കഥ പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ധൈര്യത്തോടെ പറയാൻ സ്വാതന്ത്ര്യസമരത്തിൽ ബ്രിട്ടനെതിരെ ഒളിപ്പോർ നടത്തിയതിന്റെ പിന്നണിക്കഥകളൊന്നും അല്ലല്ലോ, ആർ.എസ്.എസുമായി ചേർന്നുണ്ടാക്കിയ അവിശുദ്ധ ബാന്ധവത്തിൻ്റെ കഥയല്ലേയെന്നും അദ്ദേഹം ചോദിച്ചു.

നജീബ് കാന്തപുരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

"പുറംനാട്ടിൽ നടക്കുന്ന ടൂർണമെൻ്റിന് പോകുമ്പോൾ ഒരു ധൈര്യത്തിന് അയൽനാട്ടിലെ ക്ലബിലെ കളിക്കാരെ കൂടി കൂടെക്കൂട്ടിയ ലാഘവത്തോടെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ, സിപിഎം മുമ്പ് ആർ.എസ്.എസിനെ രാഷ്ട്രീയത്തിൽ കൂടെകൂട്ടിയ കഥപറയുന്നത്. എന്നിട്ടൊരു കൂട്ടിച്ചേർക്കലും, ചരിത്രസത്യം പറയാൻ ഞങ്ങളെന്തിന് മടിക്കണം എന്ന്.

ധൈര്യത്തോടെ പറയാൻ സ്വാതന്ത്ര്യസമരത്തിൽ ബ്രിട്ടനെതിരെ ഒളിപ്പോർ നടത്തിയതിൻ്റെ പിന്നണിക്കഥകളൊന്നും അല്ലല്ലോ, ആർ.എസ്.എസുമായി ചേർന്നുണ്ടാക്കിയ അവിശുദ്ധ ബാന്ധവത്തിൻ്റെ കഥയല്ലേ. ഒരുപാട് പേരുടെ മാനം രക്ഷിച്ച കഥയും ഒട്ടേറെപേരുടെ മാനം കെടുത്തിയ കഥയും പറയുമ്പോൾ രണ്ടും തമ്മിൽ ധൈര്യത്തിൻ്റെ നൈതികതയിൽ മാറ്റം വരുമെന്ന് ഗോവിന്ദൻ മാസ്റ്റർ മനസ്സിലാക്കണം.

ഇനിയദ്ദേഹത്തിൻ്റെ സൈദ്ധാന്തിക ഭാഷയിൽ പറഞ്ഞാൽ, രാഷ്ട്രീയ ഗൃഹാതുര ഓർമ്മകൾ, ബാന്ധവം, ആദർശ മൈത്രി, ക്ഷന്തവ്യ ചങ്ങാത്തം എന്നൊക്കെ പറഞ്ഞാലും സാധാരണക്കാരുടെ ഭാഷയിൽ ഇതിന് ഒരൊറ്റ അർഥമേയുള്ളൂ, സംഘ പരിവാറുമായി ചേർന്ന് സിപിഎം ഉണ്ടാക്കിയ അവിഹിത ബന്ധം.

നിലമ്പൂർ ഇലക്ഷൻ്റെ തലേദിവസം, വെറുമൊരു കട്ടൻ ചായക്കും പരിപ്പുവടക്കും മാത്രമായി ഇങ്ങനെയൊരു ആർഎസ്എസ് പ്രീണന പ്രസ്താവന വർത്തമാന കേരളത്തിൽ ഗോവിന്ദൻ മാസ്റ്റർ നടത്തുമെന്ന് നിഷ്കളങ്കരേ നിങ്ങളിപ്പോഴും കരുതുന്നുവോ.."


Full View


Tags:    
News Summary - Najeeb Kanthapuram MLA criticizes CPM state secretary M.V. Govindan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.