തിരുവനന്തപുരം: യാത്രക്കാരുടെ ക്ഷമ പരീക്ഷിച്ചും വഴിയിലാക്കിയും നാഗർകോവിൽ-കോട്ടയം എക്സ്പ്രസ് (16366). തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്ക് ഏകദേശം മൂന്നു മണിക്കൂറാണ് ട്രെയിനിന് അനുവദിച്ചിരിക്കുന്നത്. ഇതാണ് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നതും. കൊല്ലം ഭാഗത്തേക്കുള്ള വൈകുന്നേരത്തെ നിരവധി സ്ഥിരംയാത്രക്കാരുടെ ആശ്രയമായ ഈ ട്രെയിനിന്‍റെ സമയം പുനഃക്രമീകരിച്ച് സർവിസ് പൂർണമായും പ്രയോജനപ്പെടുത്താൻ നടപടിയുണ്ടാകണമെന്നാണ് ആവശ്യം.
നാഗർകോവിലിൽനിന്ന് ഉച്ചക്ക് ഒന്നിന് പുറപ്പെടുന്ന ട്രെയിൻ 2.30ന് തിരുവനന്തപുരം സെൻട്രലിൽ എത്തിച്ചേരുംവിധമാണ് നിലവിലെ സമയക്രമീകരണം. തിരുവനന്തപുരത്തുനിന്ന് 2.35ന് പുറപ്പെട്ട് വൈകീട്ട് 5.15ന് കൊല്ലത്തെത്തും. വൈകീട്ട് 4.10ന് പരവൂരിലെത്തുന്ന ട്രെയിൻ 12 കിലോമീറ്റർ മാത്രം അകലെ കൊല്ലത്തെത്തി അവിടെനിന്ന് യാത്ര തുടരാൻ എടുക്കുന്നത് ഒരു മണിക്കൂറാണ്. അശാസ്ത്രീയ സമയക്രമം കാരണം തിരുവനന്തപുരത്തിനും കൊല്ലത്തിനും ഇടയിലുള്ള മിക്ക സ്റ്റേഷനുകളിലും നിശ്ചിത സമയത്തിനുമുമ്പ് ട്രെയിൻ ഓടിയെത്താറുണ്ട്. ഓഫിസുകളിലും മറ്റും ജോലിചെയ്യുന്ന സ്ഥിരംയാത്രക്കാർ ഇതുമൂലം മറ്റു മാർഗങ്ങൾ തേടുകയാണ്.
തിരുവനന്തപുരം സെൻട്രലിൽനിന്ന് ഉച്ചക്ക് 2.50നുള്ള ജനശതാബ്ദി, മൂന്നിനുള്ള ചെന്നൈ മെയിൽ എന്നിവക്ക് ശേഷം ഈ ട്രെയിൻ 3.25ഓടെ പുറപ്പെടുന്ന രീതിയിൽ സമയം ക്രമീകരിക്കണമെന്നാണ് ആവശ്യം. നാഗർകോവിലിൽനിന്ന് തിരുച്ചിറപ്പള്ളി -തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസിന് പിന്നിലായി ഉച്ചക്ക് 1.50ഓടെ പുറപ്പെടും വിധം കോട്ടയം എക്സ്പ്രസിന്റെ സമയം ക്രമീകരിച്ചാൽ 3.20ന് തിരുവനന്തപുരം സെൻട്രലിലെത്താം. സെൻട്രലിൽനിന്ന് 3.25ന് തിരിച്ചാൽ കൊച്ചുവേളിയിൽനിന്ന് പുറപ്പെടുന്ന ആഴ്ചവണ്ടികളെ വർക്കലയിൽ വെച്ച് കയറ്റിവിടാം. കൃത്യം 5.15ന് കൊല്ലത്തെത്താനും സാധിക്കും. തിരുവനന്തപുരത്തുനിന്നുള്ള സമയം വൈകുന്നത് കൂടുതൽ യാത്രക്കാർക്ക് ഗുണകരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.