എന്റെ കേരളം പ്രദർശന വിപണന മേളക്ക് ശനിയാഴ്ച സമാപനം

കൊച്ചി: സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന എന്റെ കേരളം മെഗാ പ്രദർശന വിപണന മേള ശനിയാഴ്ച സമാപിക്കും. വൈകീട്ട് 5.30ന് കൊച്ചി മറൈൻ ഡ്രൈവിലെ പ്രദർശന നഗരിയിൽ നടക്കുന്ന പരിപാടി മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും.

പ്രഫ. എം.കെ. സാനു മാസ്റ്റർ മുഖ്യാതിഥിയായി പങ്കെടുക്കും. ചടങ്ങിൽ സാഹിത്യകാരൻ അശോക൯ ചരുവിൽ, മലയാളം മിഷ൯ ചെയർമാൻ മുരുക൯ കാട്ടാക്കട, സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാ൯ മധുപാൽ, സർവ വിജ്ഞാനകോശം ഇ൯സ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. മ്യൂസ് മേരി ജോർജ് തുടങ്ങിയവർ സംസാരിക്കും. സർക്കാർ സ്റ്റാളുകൾ, വിപണന സ്റ്റാളുകൾ എന്നീ വിഭാഗങ്ങളിൽ മികച്ച സ്റ്റാളുകൾക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്യും.

കലക്ടർ എൻ.എസ്.കെ ഉമേഷ്, ജില്ലാ ഇ൯ഫർമേഷ൯ ഓഫീസർ നിജാസ് ജ്യുവൽ, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ പി.എ. നജീബ് തുടങ്ങിയവർ പങ്കെടുക്കും. വൈകീട്ട് 4.30ന്‌ കാഞ്ഞൂർ നാട്ടു പൊലിമയുടെ നാടൻ പാട്ടോടെ ആരംഭിക്കുന്ന സമാപന സമ്മേള നത്തിന് ശേഷം ഗിന്നസ് പക്രു നയിക്കുന്ന മെഗാഷോയും അരങ്ങേറും.

വിവിധ സർക്കാർ സേവനങ്ങൾ ഒറ്റ കുടക്കീഴിൽ നൽകുന്ന മേളയിൽ അഭൂതപൂർവമായ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ആയിരക്കണക്കിന് പേരാണ് പ്രദർശനം കാണാനായി ദിവസേന മറൈൻ ഡ്രൈവിലേക്ക് എത്തിയത്. വിവിധ വകുപ്പുകൾ സംഘടിപ്പിക്കുന്ന സെമിനാറുകളും പ്രമുഖ ബാന്റുകൾ നയിക്കുന്ന കലാപരിപാടികൾ, പൊലീസ് നായ്ക്കളുടെ പ്രദർശനം തുടങ്ങി വിവിധ പരിപാടികളാണ് മേളയുടെ ഭാഗമായി ഓരോ ദിവസവും സംഘടിപ്പിച്ചത്

Tags:    
News Summary - My Kerala exhibition and marketing fair concludes on Saturday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.