പ്രതീകാത്മക ചിത്രം (എ.ഐ നിർമിതം)

ഒരു സ്കൂട്ടറിൽ നാല് യാത്രക്കാരും രണ്ട് നായകളും; കവര് കാണാൻ പോയ സംഘം ക്യാമറയിൽ ‘കുടുങ്ങി’

കൊച്ചി: കുമ്പളങ്ങിയിലെ കവര് കാണാൻ സ്കൂട്ടറിൽ സാഹസിക യാത്ര നടത്തിയ സംഘത്തെ ‘പൊക്കി’ മോട്ടോർ വാഹന വകുപ്പ്. നാല് പേർ ഒരുമിച്ച് പോയ സ്കൂട്ടറിൽ കൂട്ടിന് രണ്ട് നായകളെയും കൂട്ടിയത് നിരീക്ഷണ ക്യാമറയിൽ പതിഞ്ഞതോടെയാണ് യാത്രക്കാരെ കൈയോടെ പിടികൂടിയത്. ഒരു നായയെ സ്കൂട്ടറിന്‍റെ മുന്നിലും മറ്റൊന്നിനെ നടുവിലെ യാത്രക്കാരന്‍റെ മടിയിലുമാണ് വെച്ചിരുന്നത്. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നരക്ക് സീപോർട്ട് -എയർപോർട്ട് റോഡിൽ ഇരുമ്പനത്തെ ക്യാമറയിലാണ് നാൽവർ സംഘത്തിന്‍റെ ചിത്രം പതിഞ്ഞത്.

മോട്ടോർ വാഹന വകുപ്പിന്‍റെ കൺട്രോൾ റൂമിൽ ലഭിച്ച ചിത്രത്തിൽ സ്കൂട്ടറിന്‍റെ നമ്പർ വ്യക്തമായിരുന്നു. ഇതോടെ ഉടമസ്ഥനെ വിളിച്ചു. എന്നാൽ സ്കൂട്ടർ തന്‍റെ സുഹൃത്ത് കൊണ്ടുപോയെന്നായിരുന്നു ഇയാളുടെ മറുപടി. പിന്നാലെ ഉടമയോടും സ്കൂട്ടറിൽ യാത്ര ചെയ്തവരോടും ആർ.ടി ഓഫിസിൽ എത്താൻ നിർദേശിച്ചു. ചിത്രം വ്യക്തമായി പതിഞ്ഞതിനാൽ കുറ്റമേൽക്കാതെ തരമില്ലായിരുന്നു. കവര് കണ്ട് മടങ്ങുന്നതിനിടെയാണ് സംഘം ക്യാമറയിൽ കുടുങ്ങിയത്.

ചിറ്റേത്തുകരയിലെ സർവീസ് സെന്‍ററിലെ ജീവനക്കാരും സുഹൃത്തുമായിരുന്നു സ്കൂട്ടറിൽ യാത്ര ചെയ്തത്. ഇവരിൽ ഒരാളുടേതാണ് നായകൾ. സ്കൂട്ടർ ഓടിച്ച കുമ്പളങ്ങി സ്വദേശി നിധിൻ ജൂഡിന്‍റെ ലൈസൻസ് നാല് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. സ്കൂട്ടർ ഉടമ പെരിന്തൽമണ്ണ സ്വദേശി രോഹിത്തിൽനിന്ന് 2000 രൂപ പിഴയീടാക്കി. രാത്രികാല പട്രോളിങ്ങിനിടെ പൊലീസിന്‍റെ കണ്ണിൽ പെടാതെയാണ് സംഘം സാഹസിക യാത്ര നടത്തിയതെന്നത് ശ്രദ്ധേയമാണ്.

Tags:    
News Summary - MVD camera caught four youths travelling in a scooter; Driver's licence suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.