'എം.വി രാഘവനെ ആര് സംരക്ഷിച്ചു, തുറന്ന സംവാദം ആയാലോ?'; കെ. സുധാകരനെ വെല്ലുവിളിച്ച് നികേഷ്

കോഴിക്കോട്: റിപ്പോർട്ടർ ചാനലിനെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു കൊണ്ട് നോട്ടീസയച്ച കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന് മറുപടിയുമായി എം.വി നികേഷ് കുമാർ. മാനനഷ്ട കേസിന് പോകുമെന്ന കെ. സുധാകരന്‍റെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നുവെന്ന് നികേഷ് കുമാർ ഫേസ്ബുക്കിൽ കുറിച്ചു. മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട വിഷയത്തിൽ സുധാകരന്‍റെ നോട്ടീസ് കിട്ടുമ്പോൾ മറുപടി നൽകാമെന്നും നികേഷ് വ്യക്തമാക്കി.

'എം.വി രാഘവനെ താൻ സംരക്ഷിച്ചെന്ന' കെ. സുധാകരന്‍റെ ടിവി അഭിമുഖത്തിലെ പരാമർശത്തിലും നികേഷ് കുമാർ മറുപടി നൽകി. ആര് ആരെ സംരക്ഷിച്ചു എന്ന വിഷയത്തിൽ ഒരു തുറന്ന സംവാദം ആയാലോ എന്ന ചോദ്യം ഉന്നയിച്ച നികേഷ്, സ്ഥലവും തീയതിയും സുധാകരന്‍റെ സൗകര്യം പോലെ നിശ്ചയിക്കാമെന്നും വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

മാനനഷ്ട കേസിന് പോകുമെന്ന കെ. സുധാകരന്‍റെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു. രണ്ട്‌ കാരണങ്ങൾ ആണ് കുറിപ്പിൽ സുധാകരൻ വിശദീകരിക്കുന്നത്.

ഒന്ന് : മോൻസൻ മാവുങ്കലുമായി ബന്ധിപ്പിക്കാൻ ശ്രമിച്ചതിന്. ഇക്കാര്യത്തിൽ സുധാകരന്‍റെ നോട്ടീസ് കിട്ടട്ടെ. മറുപടി അപ്പോൾ നൽകാം. വിശദമായി പറയാനുള്ള കാര്യം അതിലുണ്ട്. മറുപടി എല്ലാ കാര്യങ്ങളും പറയാനുള്ള അവസരവുമാകും.

രണ്ട് : ടോണി ചമ്മണി ഒളിവിൽ എന്ന 'വ്യാജ വാർത്ത' നൽകിയതിന്. ഈ വാർത്ത നൽകിയത് വി.എസ് ഹൈദരലി എന്ന കൊച്ചി റിപ്പോർട്ടറാണ്. ഇക്കാര്യം പൊലീസിനോട് അന്വേഷിച്ച് സ്ഥിരീകരിച്ചു എന്നാണ് ഹൈദരലി നൽകുന്ന വിശദീകരണം. പ്രതികളെ തിരയുന്ന കാര്യത്തിൽ പൊലീസ് അല്ലേ സോഴ്സ്. സി.ഐയുമായി ഹൈദരലി സംസാരിച്ചത് ടിവിയിൽ ഞങ്ങൾ കാണിക്കുന്നുണ്ട്.

ഇനി എം.വി രാഘവനോടുള്ള അങ്ങയുടെ സ്നേഹത്തിന്‍റെ കാര്യം. ഒരിക്കൽ ടി.വിയിലും താങ്കൾ ഇത് പറഞ്ഞു. 'ഞാൻ ആണ് എം.വി രാഘവനെ സംരക്ഷിച്ചത്' എന്ന്. എന്നോടാണ് ഇത് പറഞ്ഞത് എന്ന ബോധ്യം താങ്കൾക്ക് ഉണ്ടായിരുന്നോ?

അന്നുണ്ടായ അതിശയം ഇപ്പോഴും മാറിയിട്ടില്ല.

തൊണ്ണൂറുകളിലേക്ക് നമുക്കൊന്ന് തിരിച്ചു പോകാൻ അവസരം ഉണ്ടോ? ആര് ആരെ സംരക്ഷിച്ചു എന്ന വിഷയത്തിൽ ഒരു തുറന്ന സംവാദം ആയാലോ? സ്ഥലവും തീയതിയും അങ്ങയുടെ സൗകര്യം.

മറുപടി പ്രതീക്ഷിക്കുന്നു.

കെ.സുധാകരന്‍റെ ഫേസ്ബുക് പോസ്റ്റ്:

പല തവണ പാർട്ടി പ്രവർത്തകരും സ്നേഹിതന്മാരും നിർബന്ധിച്ചിട്ടും റിപ്പോർട്ടർ ചാനലിനെതിരെ ഇതുവരെയും നിയമ നടപടികൾക്ക് മുതിരാതിരുന്നത് എം.വി രാഘവൻ എന്ന ഉറ്റ സുഹൃത്തായ രാഷ്ട്രീയ നേതാവിനെ ഓർത്തിട്ടാണ്.

സ്വന്തം ജീവനോളം വിശ്വാസമായിരുന്നു ഞങ്ങളിരുവരും തമ്മിൽ. കാല് കുത്തിക്കില്ലെന്ന് പിണറായി വിജയനടക്കമുള്ളവർ വീമ്പടിച്ചു പ്രസംഗിച്ച കണ്ണൂരിന്‍റെ മണ്ണിൽ, പതിറ്റാണ്ടുകളോളം ഒരു പോറൽ പോലുമേൽക്കാതെ എം.വി.ആറിനെ കാത്തത് കണ്ണൂരിലെ കോൺഗ്രസ്‌ പാർട്ടിയാണ്. യാതൊരു അടിസ്ഥാനവുമില്ലാതെ എന്നെയും മറ്റു കോൺഗ്രസ്‌ നേതാക്കളെയും വ്യക്തിഹത്യ ചെയ്യുന്നത് പലകുറി കണ്ടിട്ടും കാണാത്തത് പോലെ മുന്നോട്ട് പോയത് ഞങ്ങൾക്ക് പ്രിയപ്പെട്ട എം വി ആറിന്റെ മകനോടുള്ള സ്നേഹം കൊണ്ടു തന്നെയാണ്.

സഭ്യതയുടെ എല്ലാ സീമകളും ലംഘിച്ച് നടത്തുന്ന മാധ്യമ പ്രവർത്തനം എന്നെ മാത്രമല്ല, നമ്മുടെ നാടിനെ മുഴുവനും ബാധിക്കും. ആ തിരിച്ചറിവിന്‍റെ പേരിൽ റിപ്പോർട്ടർ ചാനലിനെതിരെ 1 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസയച്ചു. ഒപ്പം അപകീർത്തികരമായ വാർത്തയുടെ പേരിൽ ചാനലിൻ്റെ സംപ്രേക്ഷണം അവസാനിപ്പിക്കാൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് പരാതി നൽകിയിട്ടുമുണ്ട്.

രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവർ ഒരുപാട് ത്യാഗം സഹിച്ചാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. സ്വന്തം കുടുംബത്തെ മറന്നും സമൂഹത്തെ സേവിക്കാൻ തുനിഞ്ഞിറങ്ങിയവർ ആണ് പൊതു പ്രവർത്തകർ. ഈ രാജ്യം തന്നെ കെട്ടിപ്പടുത്ത പാർട്ടിയെയും ജീവിതം തന്നെ രാഷ്ട്ര സേവനത്തിനായി ഉഴിഞ്ഞു വച്ച നേതാക്കളെയും എന്തിനെന്നില്ലാതെ അപമാനിക്കുന്നത് ഇനിയും കൈയ്യും കെട്ടി നോക്കി നിൽക്കാനാകില്ല.

സംസ്ഥാന ആഭ്യന്തര വകുപ്പ് ചെല്ലും ചെലവും കൊടുത്ത് സംരക്ഷിച്ച ഒരു ക്രിമിനലുമായി എന്നെ ബന്ധിപ്പിക്കാൻ ശ്രമിച്ചതും, ജനങ്ങൾക്ക്‌ വേണ്ടി തെരുവിലിറങ്ങി സമരം ചെയ്ത പ്രിയ സഹപ്രവർത്തകൻ ടോണി ചമ്മണി ഒളിവിലെന്ന് വ്യാജവാർത്ത കൊടുത്തതും എന്ത് തരം മാധ്യമ പ്രവർത്തനമാണ്? കോൺഗ്രസിന്‍റെ നേതാക്കൾക്കെതിരെ എന്തും പറയാം എന്നൊരു ധാരണ ഉണ്ടെങ്കിൽ അതങ്ങോട്ട് മാറ്റി വച്ചേക്കണം.

അസത്യവും അവാസ്തവവും പ്രചരിപ്പിക്കുന്നത് മുഖമുദ്ര ആക്കിയൊരു ദൃശ്യ മാധ്യമത്തെ എങ്ങനെ നേരിടണം എന്ന് കോൺഗ്രസിന് അറിയാഞ്ഞിട്ടല്ല... ഇനിയും ഈ രീതിയിലുള്ള വൃത്തികെട്ട മാധ്യമ പ്രവർത്തനം തുടരാനാണ് തീരുമാനമെങ്കിൽ, എം.വി.ആറിന്‍റെ മകനോടുള്ള സൗമനസ്യവും പരിഗണനയും കോൺഗ്രസ് വേണ്ടെന്ന് വെയ്ക്കും.

Tags:    
News Summary - MV Nikesh Kumar reply to K Sudhakaran MV Raghavan Issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.