എം.വി. ഗോവിന്ദൻ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ 

'ആൺകുട്ടികളെ പോലെ മുടി, ആൺകുട്ടികളെ പോലെ ഡ്രസ്, ജയരാജന്‍റേത് സാമാന്യമര്യാദക്കുള്ള ചോദ്യം'; പിന്തുണച്ച് എം.വി. ഗോവിന്ദൻ

കൊച്ചി: പെൺകുട്ടികളെ ഷർട്ടും പാന്‍റ്സും ധരിപ്പിച്ച് ആൺകുട്ടികളാണെന്ന് തെറ്റിദ്ധരിപ്പിച്ച് സമരത്തിനിറക്കുന്നുവെന്ന ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജന്‍റെ പ്രസ്താവനയെ പിന്തുണച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സാമാന്യമര്യാദക്കുള്ള ചോദ്യം മാത്രമാണ് അതെന്നും അല്ലാതെ, അങ്ങനെ നടക്കാൻ പാടില്ലെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്ത് ജനകീയ പ്രതിരോധ ജാഥക്ക് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എം.വി. ഗോവിന്ദൻ.

'ജയരാജന്‍റേത് സാമാന്യമര്യാദക്കുള്ള ചോദ്യമാണ്. അതിലെന്ത് പാർട്ടി നയം വന്നിരിക്കുന്നു. ആൺകുട്ടികളെ പോലെ മുടി, ആൺകുട്ടികളെ പോലെ ഡ്രസ്, ആൺകുട്ടികളെ പോലെതന്നെ എല്ലാ കാര്യങ്ങളും. അങ്ങനെ വരുമ്പോൾ സ്വാഭാവികമായും എങ്ങനെയാണ് തിരിച്ചറിയുക എന്ന ചോദ്യംചോദിക്കുക മാത്രമാണ് ജയരാജൻ ചെയ്തത്. അല്ലാതെ, അങ്ങനെ നടക്കാൻ പാടില്ലെന്ന് പറഞ്ഞിട്ടില്ല. പൊലീസിന് തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിൽ വരുന്നു എന്ന് ചൂണ്ടിക്കാണിച്ചതാണ്. അല്ലാതെ ജനങ്ങൾക്കെന്ത് ഡ്രസ് കോഡ് വന്നിരിക്കുന്നു. സ്ത്രീകൾ സ്ത്രീകളാണെന്ന് ബോധ്യപ്പെടുത്തുന്ന വസ്ത്രധാരണം വേണമെന്ന ബോധ്യം ഇപ്പോൾ നിലവിലുണ്ട്. അതാണ് പ്രശ്നം. ആ ബോധം മാറേണ്ടതുണ്ട്, അത് മാറുമ്പോൾ മാത്രമേ ശരിയാകൂ' -എം.വി. ഗോവിന്ദൻ പറഞ്ഞു.

കോൺഗ്രസിന്‍റെ കരിങ്കൊടി സമരത്തെ വിമർശിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം ഇ.പി ജയരാജൻ പ്രസ്താവന നടത്തിയത്. പെൺകുട്ടികളെ ഷർട്ടും പാന്‍റ്സും ധരിപ്പിച്ച് ആൺകുട്ടികളാണെന്ന് തെറ്റിദ്ധരിപ്പിച്ച് സമരത്തിനിറക്കുകയാണ്. ഇത്തരത്തിൽ പെൺകുട്ടികളെ സമരത്തിനിറക്കി നാടിന്‍റെ അന്തരീക്ഷത്തെ കോൺഗ്രസ് നേതാക്കൾ വികൃതമാക്കുകയാണെന്നും ജയരാജൻ പറഞ്ഞിരുന്നു. 

Tags:    
News Summary - MV Govindan supports EP Jayarajans statement about dress code

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.