തിരുവനന്തപുരം: വലതുപക്ഷ രാഷ്ട്രീയം ജീർണിച്ചതിന്‍റെ തെളിവാണ് എറണാകുളത്തെ സി.പി.എം നേതാക്കളായ കെ.ജെ. ഷൈനിനും കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എക്കുമെതിരായ സൈബർ ആക്രമണവും അപവാദ പ്രചാരണവുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ തെളിവുകൾ പുറത്തുവന്നതോടെ ഒരു ബോംബ് വരാനുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞിരുന്നു. അത് ഇതുപോലൊന്നാണെന്ന് ആരും കരുതിയില്ലെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു.
പറവൂർ കേന്ദ്രീകരിച്ചാണ് ഇതിന്‍റെ ആസൂത്രണം. സതീശനറിയാതെ ഇത്തരത്തിലൊന്ന് നടക്കുമെന്ന് കരുതാനാവില്ല. ഇക്കാര്യത്തിൽ ശക്തമായ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ടെന്നും ഗോവിന്ദൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇത്തരത്തിലുള്ള വലതുപക്ഷ പ്രചാരണം ആധുനിക സമൂഹത്തിന് ചേർന്നതല്ല. ആശയപരമായ അഭിപ്രായ പ്രചാരണത്തിനാണ് സൈബർ സംവിധാനം ഉപയോഗിക്കേണ്ടത്. അല്ലാതെ സ്ത്രീ വിരുദ്ധതക്കല്ല -അദ്ദേഹം പറഞ്ഞു.
പമ്പയിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ ഭൂരിപക്ഷ പ്രീണനവും ന്യൂനപക്ഷ വിവേചനവും ഇല്ല. കോൺഗ്രസ് എതിർക്കുമ്പോഴും ക്ഷണിച്ചാൽ പങ്കെടുക്കുമെന്നാണ് അവരുടെ ഒരു നേതാവ് ദേവസ്വം മന്ത്രിയോട് പറഞ്ഞത്. എ.കെ. ആന്‍റണിയുടെ വാർത്തസമ്മേളനം യു.ഡി.എഫിനെ വെട്ടിലാക്കുന്നതാണ്. തന്നെ സഹായിക്കാൻ ആരുമുണ്ടായില്ലെന്ന് ആന്‍റണിക്കുതന്നെ പറയേണ്ടിവന്നു. ആ ഗതിയിലെത്തി കോൺഗ്രസ്.
സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ്.ഐ.ആർ) സംബന്ധിച്ച സുപ്രീംകോടതിയുടെ അന്തിമ വിധി വരും മുമ്പാണ് തെരഞ്ഞെടുപ്പ് കമീഷൻ വോട്ടർ പട്ടിക പുതുക്കാനുള്ള നടപടിയുമായി മുന്നോട്ടുപോകുന്നത്. ആരുടെ വോട്ടും ഇല്ലാതാവരുത്. അഭിപ്രായവ്യത്യാസമുണ്ടെങ്കിലും അതുമായി ബന്ധപ്പെട്ട പ്രക്രിയയിൽനിന്ന് പാർട്ടി വിട്ടുനിൽക്കില്ല. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ പാലക്കാട് മണ്ഡലത്തിലെത്തിയാൽ തടയാൻ സി.പി.എമ്മില്ല. രാഹുലിപ്പോൾ സാംസ്കാരിക ജീർണതയുടെ പ്രതീകമായി മാറി. ആ നിലക്കാണ് അദ്ദേഹത്തെ ആളുകൾ കാണുന്നത്.
നിയമസഭയിലെ അടിയന്തര പ്രമേയ ചർച്ചയിലെ നേരിട്ടുള്ള സംവാദങ്ങളിൽ പ്രതിപക്ഷം തകർന്ന് തരിപ്പണമാവുകയാണ്. സർവകലാശാലകളെ സംഘ്പരിവാർ താവളമാക്കുന്നതിനെതിരായ കോടതി വിധികൾ ഗവർണർക്കെതിരാണ്. എന്നിട്ടും കോടതി ചെലവിനുള്ള 11 ലക്ഷം രൂപ ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളോട് ആവശ്യപ്പെടുന്ന വിചിത്രവാദമാണ് അദ്ദേഹം ഉന്നയിക്കുന്നതെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.