ചിത്രയും ശോഭനയും മോഹൻലാലുമെല്ലാം നാടിന്‍റെ പൊതുസ്വത്ത് -എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ എല്ലാവരും രാമനാപം ജപിക്കണമെന്നും വീടുകളിൽ വിളക്ക് തെളിയിക്കണമെന്നും ആവശ്യപ്പെട്ട് വിവാദത്തിലായ ഗായിക കെ.എസ്. ചിത്രയുമായി ബന്ധപ്പെട്ട വിമർശനങ്ങളിൽ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അവർ സ്വീകരിച്ച നിലപാടിൽ വിമർശനങ്ങൾ ഉയർന്നുവന്നിട്ടുണ്ടെങ്കിലും ആകെ ചിത്രക്കെതിരായ നീക്കത്തിനോട് സി.പി.എമ്മിന് യോജിപ്പില്ലെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. ചിത്രയും ശോഭനയും മോഹൻലാലുമെല്ലാം നാടിന്‍റെ സ്വത്താണെന്നും അദ്ദേഹം പറഞ്ഞു.

‘ചിത്ര നമ്മളെല്ലാം ഏറെ ഇഷ്ടപ്പെടുന്ന ലോകം ശ്രദ്ധിക്കുന്ന ഗാനങ്ങൾ നൽകിയിട്ടുള്ള പ്രതിഭയാണ്. അവർ സ്വീകരിച്ച നിലപാടിൽ വിമർശനങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. പക്ഷേ, അതിന്‍റെ പേരിൽ ആകെ ചിത്രക്കെതിരായ നീക്കം എന്ന് പറയുന്നതിനോട് സി.പി.എമ്മിന് യോജിപ്പില്ല.’ -എം.വി. ഗോവിന്ദൻ പറഞ്ഞു.

തൃശൂരിൽ സ്ത്രീ ശക്തി മോദിക്കൊപ്പം എന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പങ്കെടുത്ത് കേന്ദ്ര സർക്കാറിനെ പുകഴ്ത്തി സംസാരിച്ച നർത്തകി ശോഭനക്കെതിരെ ഉയർന്ന വിമർശനങ്ങളിലും എം.വി. ഗോവിന്ദൻ നിലപാട് വ്യക്തമാക്കി. ‘നേരത്തെ ബി.ജെ.പി പരിപാടിയിൽ ശോഭന പങ്കെടുത്തു. ഇന്ത്യയിലെ പ്രമുഖ നർത്തകിയാണ് ശോഭന. ഇവരെല്ലാം നാടിന്‍റെ പൊതുസ്വത്താണ്. അവരെ ഏതെങ്കിലും കള്ളിയിലാക്കേണ്ട കാര്യമില്ല. എന്നാൽ, അവരുടെ നിലപാടുമായി ബന്ധപ്പെട്ട് വിമർശനാത്മകമായി പറയാൻ എല്ലാവർക്കും അവകാശമുണ്ട്.’ -അദ്ദേഹം വ്യക്തമാക്കി.

‘മോഹൻലാൽ, മമ്മൂട്ടി എന്നിവർ സിനിമാ രംഗത്തെ അതികായരല്ലേ? നമ്മുടെ നാടിന്‍റെ സ്വത്തല്ലേ? സാഹിത്യരംഗത്ത് എം.ടിയും എം. മുകുന്ദൻ എന്നിവരെയൊന്നും ഏതെങ്കിലും പ്രശ്നത്തിന്‍റെയോ പദപ്രയോഗത്തിന്‍റേയോ പേരിൽ തള്ളിപ്പറയേണ്ട കാര്യമില്ല. അവരെല്ലാം നാടിന്‍റെ സ്വത്താണെന്ന രീതിയിൽ കാണണം. ചിത്രയുമായി ബന്ധപ്പെട്ട കാര്യത്തിലും പാർട്ടിയുടെ നിലപാട് അത് തന്നെയാണ്. വിമർശനമുണ്ടെങ്കിൽ ആ വിമർശനം നടത്തുന്നതിൽ ഞങ്ങൾ ആരും എതിരല്ല’ -എം.വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - MV Govindan about controversy against KS chithra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.